ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ യോഗത്തിനിടെ 2019 സെപ്റ്റംബര്‍ 25നു പ്രധാനമന്ത്രി ശ്രീ. മോദി കാരികോം രാജ്യങ്ങളുടെ 14 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ കരീബിയന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരവും ഊഷ്മളവുമായ ബന്ധത്തിനു പുതിയ വേഗം ലഭിച്ചു. കാരികോം ചെയര്‍മാനായ ബഹുമാനപ്പെട്ട സെന്റ് ലൂസിയ പ്രധാനമന്ത്രി, അലെന്‍ ചെയ്സ്റ്റ്‌നെറ്റിന്റെ സഹ അധ്യക്ഷതയിലായിരുന്നു യോഗം. ആന്റിഗ്വ ബാര്‍ബുഡ, ബാര്‍ബഡോസ്, ഡൊമിനിക്ക, ജമൈക്ക, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ദ് ഗ്രെനദിന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ രാഷ്ട്രത്തലവന്‍മാരും സുറിനെയ് ഉപരാഷ്ട്രപതിയും ബഹാമസ്, ബെലീസ്, ഗ്രെനഡ, ഹെയ്തി, ഗയാന വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തു.
മേഖലാതലത്തില്‍ കാരികോം നേതാക്കളുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗം ഉഭയകക്ഷിതലത്തില്‍ മാത്രമല്ല, മേഖലാതലത്തില്‍ക്കൂടി ഇന്ത്യയും കരീബിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു.
സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ രാഷ്ട്രീയ, സ്ഥാപനപരമായ ചര്‍ച്ചകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെട്ടു. ശേഷിവര്‍ധന, വികസനത്തിനുള്ള സഹായം, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള സഹകരണം എന്നീ മേഖലകളഇല്‍ കാരികോം രാജ്യങ്ങളുമായി സഹകരിക്കുന്നതിനും പ്രധാനമന്ത്രി മോദി ഊന്നല്‍ നല്‍കി. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലേക്കും ദുരന്തശേഷമുള്ള അടിസ്ഥാനസൗകര്യ പുനര്‍നിര്‍മാണത്തിനുള്ള സഖ്യത്തിലേക്കും കാരികോം രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു. കരീബിയില്‍ മേഖലയിലും ഏറ്റവും നാശംവരുത്തിവെച്ചു ബഹാമസ് ദ്വീപിലും കൊടുങ്കാറ്റു വീശിയടിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബഹാമസിന് ഇന്ത്യ പത്തു ലക്ഷം യു.എസ്. ഡോളര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു.
കാരിക്കോമിലെ സാമൂഹിക വികസന പദ്ധതികള്‍ക്കായി 1.4 കോടി യു.എസ്.ഡോളറിന്റെ ഗ്രാന്റ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സൗരോര്‍ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, കാലാവസ്ഥാ വ്യതിയാന സംബന്ധിയായ പദ്ധതികള്‍ എന്നിവയ്ക്കായി 150 ദശലക്ഷം ലൈന്‍ ഓഫ് ക്രെഡിറ്റും പ്രഖ്യാപിച്ചു. അതതു രാജ്യങ്ങളില്‍ നിലവിലുള്ള, ഇന്ത്യ ഫണ്ട് നല്‍കുന്ന കേന്ദ്രങ്ങള്‍ ഉയര്‍ത്തി ഗയാനയിലെ ജോര്‍ജ് ടൗണില്‍ വിവരസാങ്കേതിക വിദ്യാ മേഖലാതല മികവിന്റെ കേന്ദ്രവും ബെലീസില്‍ മേഖലാതല തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രവും തുറക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. കാരികോം രാജ്യങ്ങളുടെ ആവശ്യാര്‍ഥം പ്രത്യേക ശേഷിവര്‍ധന കോഴ്‌സുകളും പരിശീലനവും ഇന്ത്യന്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കാമെന്ന ഉറപ്പും ഇന്ത്യ നല്‍കി. കാരികോം പാര്‍ലമെന്ററി പ്രതിനിധിസംഘത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.
പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദി നിര്‍ദേശിച്ച പദ്ധതികളെ സ്വാഗതം ചെയ്ത കാരികോം നേതാക്കള്‍, തങ്ങളുടെ ഗവണ്‍മെന്റുകളുടെ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.
സഹകരിക്കാവുന്ന മേഖലകളെക്കുറിച്ചു പഠിക്കാനും മുന്നോട്ടുള്ള വഴി തീരുമാനിക്കാനും സംയുക്ത ദൗത്യ സേനയ്ക്കു രൂപംനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.