വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കിടെ ഇന്ന് (18 ജനുവരി, 2019) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉസ്‌ബെകിസ്താന്‍ പ്രസിഡന്റ് ശ്രീ. ഷവ്കത് മിര്‍സിയോയേവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ (17 ജനുവരി 2019) വലിയൊരു ഉന്നതാധികാര, പ്രതിനിധി സംഘത്തോടൊപ്പം ഗാന്ധി നഗറിലെത്തിയ പ്രസിഡന്റ് മിര്‍സിയോയേവിനെ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോഹ്‌ലി സ്വീകരിച്ചു.
കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് മിര്‍സിയോയേവിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി ഗുജറാത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്തു. 2018 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുള്ള കാലയളവില്‍ പ്രസിഡന്റ് മിര്‍സിയോയേവിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, കൂടിക്കാഴ്ചയില്‍ കെക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. സന്ദര്‍ശനത്തിനിടെ ഗുജറാത്ത് ഗവണ്‍മെന്റും ഉസ്‌ബെകിസ്താനിലെ അന്ദിജാന്‍ മേഖലയും തമ്മില്‍ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാത്രം പരാമര്‍ശിച്ച പ്രധാനമന്ത്രി പ്രതിനിധ സംഘത്തിലെ അന്ദിജാന്‍ മേഖലാ ഗവര്‍ണറുടെ സാന്നിദ്ധ്യം എടുത്തു പറഞ്ഞു. പ്രസിഡന്റ് മിര്‍സിയായേവിന്റെ സന്ദര്‍ശന ഫലമായി ഉസ്‌ബെകിസ്താനും ഇന്ത്യയും തമ്മിലും അന്ദിജാനും ഗുജറാത്തും തമ്മിലുള്ള മേഖലാ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
2019 ജനുവരി 12 മുതല്‍ 13 വരെ ഉസ്‌ബെകിസ്താനിലെ സമര്‍കണ്ഡില്‍ വിദേശകാര്യമന്ത്രിതലത്തില്‍ നടന്ന ഒന്നാമത്തെ ഇന്ത്യ- സെന്‍ട്രല്‍ ഏഷ്യ ചര്‍ച്ചയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്റ് മിര്‍സിയോയേവിന് നന്ദി രേഖപ്പെടുത്തി. അഫ്ഗാനിസ്താനിലെ സമാധാന, വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പിന്തുണയും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണത്തിന് പ്രസിഡന്റ് മിര്‍സിയോയേവ് നന്ദി പറഞ്ഞു. ഇന്ത്യയില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഉസ്‌ബെകിസ്താന്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഐ.ടി, വിദ്യാഭ്യാസം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യപരിരക്ഷ, അഗ്രി ബിസിനസ്, ടൂറിസം എന്നിവ ഇന്ത്യയുമായി സഹകരിക്കാന്‍ സാധ്യതയുള്ള മുന്‍ഗണനാ മേഖലകളായി അദ്ദേഹം എടുത്തു പറഞ്ഞു.
സെന്‍ട്രല്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ ഗുണപരമായ സ്വാധീനവും അഫ്ഗാനിസ്ഥാനിലെ പുരോഗതിക്കുള്ള പങ്കാളിത്ത രാജ്യങ്ങളുടെ താല്‍പര്യവും വ്യക്തമാക്കിയ ആദ്യ ഇന്ത്യ- സെന്‍ട്രല്‍ ഏഷ്യ ചര്‍ച്ചയുടെ ഫലങ്ങളില്‍ പ്രസിഡന്റ് മിര്‍സിയോയേവ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദീര്‍ഘകാലാടിസ്ഥാനില്‍ യുറേനിയം അയിരിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പും ഉസ്‌ബെകിസ്താനിലെ നൊവോയി മിനറല്‍സ് ആന്റ് മെറ്റലര്‍ജികല്‍ കമ്പനിയും തമ്മില്‍ കരാറുകള്‍ കൈമാറുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു.
ഉസ്‌ബെകിസ്താനിലെ ഭവന, സാമൂഹ്യ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 200 ദശലക്ഷം ഡോളര്‍ വായ്പ ലഭ്യമാക്കുന്നതിന് ഇന്ത്യയുടെ എക്‌സ്‌പോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്കും ഉസ്‌ബെകിസ്ഥാന്‍ ഗവണ്‍മെന്റും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. പ്രസിഡന്റ് മിര്‍സിയോയേവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഉസ്‌ബെകിസ്താന് 200 ദശലക്ഷം ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.