കൊറിയന്‍ റിപ്പബ്ലിക് പ്രഥമവനിത ബഹു. ശ്രീമതി കിം ജങ്-സൂക്കുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് പ്രഥമ വനിത കിം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ദീപോല്‍സവത്തിലും നവംബര്‍ ആറിന് അയോധ്യയില്‍ നടക്കുന്ന പുതിയ, ക്വീന്‍ സുരിരത്‌ന സ്മാരകത്തിന്റെ സവിശേഷമായ ചടങ്ങിലും മുഖ്യാതിഥിയായി അവര്‍ പങ്കെടുക്കും. സി.ഇ. 48ല്‍ കൊറിയയിലേക്കു പോവുകയും കൊറിയന്‍ രാജാവ് സുരോയെ വിവാഹം കഴിക്കുകയും ചെയ്ത ഐതിഹാസിക കഥാപാത്രമായ അയോധ്യയിലെ സുരിരത്‌ന രാജകുമാരിയിലൂടെ അയോധ്യയും കൊറിയയും തമ്മില്‍ ആഴമേറിയതും ചരിത്രപരമായതുമായ ബന്ധം നിലനില്‍ക്കുന്നു.
കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയും പ്രഥമ വനിത കിമ്മും സാംസ്‌കാരികവും ആത്മീയവുമായി ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
സോള്‍ സമാധാന സമ്മാനം നേടിയതിനു പ്രധാനമന്ത്രിയെ പ്രഥമ വനിത കിം അഭിനന്ദിച്ചു. ഈ ആദരം ഇന്ത്യന്‍ ജനതയ്ക്കുള്ളതാണെന്നു പ്രധാനമന്ത്രി പ്രതികരിച്ചു.
ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിനു പുതിയ ഉണര്‍വേകിയ പ്രസിഡന്റ് മൂണ്‍ ജെയിന്റെ 2018 ജൂലൈയിലെ ഇന്ത്യാ സന്ദര്‍ശനം പ്രധാനമന്ത്രി ഊഷ്മളതയോടെ അനുസ്മരിച്ചു.