രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അബ്ദുള്ള അബ്ദുള്ളയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി.
ഡോ.അബ്ദുള്ളയ്ക്കു പ്രധാനമന്ത്രി ഊഷ്മള സ്വാഗതം നേര്‍ന്നു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബഹുമുഖമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ കരുത്തും അടുപ്പവും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. അടുത്തിടെ ന്യൂഡെല്‍ഹിയില്‍ നടന്ന തന്ത്രപരമായ പങ്കാളിത്തത്തിനുള്ള ഉഭയകക്ഷി കൗണ്‍സില്‍ യോഗത്തിനിടെ പുതിയ വികസന പങ്കാളിത്തം സംബന്ധിച്ച പ്രഖ്യാപനം ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഉഭയകക്ഷി സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഈ രംഗങ്ങളിലുള്ള വളരെയേറെ സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിനും ശേഷിവര്‍ധനയ്ക്കും അഫ്ഗാനിസ്ഥാന് ഇന്ത്യ തുടര്‍ച്ചയായി പിന്തുണ നല്‍കിവരുന്നതിനെ ഡോ. അബ്ദുള്ള പ്രശംസിച്ചു.
ശാന്തവും ഐക്യമാര്‍ന്നതും പുരോഗതി നിറഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപൂര്‍ണവുമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
അഫ്ഗാനിസ്ഥാനിലും മേഖലയിലുമുള്ള സുരക്ഷാ സാഹചര്യങ്ങള്‍ സംബന്ധിച്ച വീക്ഷണങ്ങള്‍ പങ്കുവെച്ച നേതാക്കള്‍, ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വമുള്ള ഏകോപനവും സഹകരണവും തുടരാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്തു.
പൊലീസ് പരിശീലനത്തിലും വികസനത്തിലും സാങ്കേതിക സഹകരണത്തിനായുള്ള ധാരണാപത്രം കൂടിക്കാഴ്ചയുടെ അവസാനം ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ കൈമാറപ്പെട്ടു.
ഡോ. അബ്ദുല്ല തനിക്കു സമ്മാനിച്ച, അഫ്ഗാന്‍ കലാകാരന്‍ തീര്‍ത്ത ഛായാചിത്രം മികച്ചതെന്നു പ്രധാനമന്ത്രി അഭിനന്ദിച്ചു.