രാജ്യത്ത് അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും ഒരു കേന്ദ്രീകൃത ശ്രമത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, കാര്‍ഷിക മേഖലകളിലെ വിദഗ്ധര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, സ്വകാര്യ ഓഹരി/സംരംഭക മേഖലയിലെ പ്രമുഖര്‍, നിര്‍മ്മാണ വിനോദ സഞ്ചാര, വസ്ത്ര നിര്‍മ്മാണ, ഗാര്‍ഹികോപകരണ മേഖലകളിലെ പ്രമുഖര്‍ തുടങ്ങി യവരുമായി ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ന്യൂഡല്‍ഹിയിലെ നിതി ആയോഗില്‍ ഇന്ന് ഈ യോഗം ചേര്‍ന്നത്.
രണ്ട് മണിക്കൂര്‍ നീണ്ട തുറന്ന ചര്‍ച്ച അതാത് മേഖലകളുമായി താഴെത്തട്ടു മുതല്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ അനുഭവങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നതില്‍ തനിക്ക് സന്തുഷ്ടി ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിലുള്ളവരും നയ ആസൂത്രകരും തമ്മിലുള്ള കൂട്ടു പ്രവര്‍ത്തന കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ആശയം പൊടുന്നനെ ഉണ്ടായ ഒന്നല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ ശക്തിയെ കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണതെന്ന് ചൂണ്ടിക്കാട്ടി.
എന്തിനേയും ഉള്‍ക്കൊള്ളാനുള്ള ഇന്ത്യന്‍ സമ്പദ്ഘടനയുടെ കഴിവ് അതിന്റെ ശക്തമായ അടിത്തറയേയും, കുതിച്ചുയരാനുള്ള പ്രാപ്തിയേയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരം, നഗര വികസനം, അടിസ്ഥാന സൗകര്യം, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ മുതലായ മേഖലകള്‍ക്ക് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും, തൊഴില്‍ ഉല്പാദന ത്തിനും വമ്പിച്ച ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം വേദികളില്‍ നടക്കുന്ന തുറന്ന ചര്‍ച്ചകളും, മസ്തിഷ്‌കോദ്ദീപനവും ആരോഗ്യകരമായ വാദപ്രതിവാദത്തിലേക്ക് നീങ്ങാനും വിഷയങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ഇത് സകാരാത്മകമായൊരു മനോഭാവവും ‘ചെയ്യാന്‍ കഴിയും’ എന്ന ഉത്സാഹവും സമൂഹത്തില്‍ വളര്‍ത്തു മെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അനന്തമായ സാധ്യതളുള്ള നാടാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം കാഴ്ചപ്പാടും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ് നികത്താന്‍ ബന്ധപ്പെട്ട എല്ലാവരും തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു.
അദ്ദേഹം പറഞ്ഞു, ‘ഒരു രാഷ്ട്രമെന്ന നിലയില്‍ ചിന്തിച്ചുകൊണ്ട് നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.’
സാമ്പത്തിക ശാസ്ത്രജ്ഞരായ ശ്രീ. ശങ്കര്‍ ആചാര്യ, ശ്രീ. ആര്‍. നാഗരാജ്, ശ്രീമതി. ഫര്‍സാന അഫ്രീദി, വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ ശ്രീ. പ്രദീപ് ഷാ, വ്യവസായികളായ ശ്രീ. അപ്പാ റാവു മല്ലവാരപ്പു, ശ്രീ. ദീപ് കാല്‍റാ, ശ്രീ. പതഞ്ജലി ഗോവിന്ദ് കേസ്വാനി, ശ്രീ. ദീപക് സേത്ത്, ശ്രീ. ശ്രീകുമാര്‍ മിശ്ര, വിദഗ്ധരായ ശ്രീ. ആഷിഷ് ധവാന്‍, ശ്രീ. ശിവ് സരിന്‍ തുടങ്ങി 38 പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, എം.എസ്.എം.ഇ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, റെയില്‍വേ, വാണിജ്യ മന്ത്രി ശ്രീ. പീയുഷ് ഗോയല്‍, കൃഷി, കര്‍ഷക ക്ഷേമ ഗ്രാമ വികസന പഞ്ചായത്തീ രാജ് മന്ത്രി ശ്രീ. നരേന്ദ്ര തൊമാര്‍, വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, നിതി ആയോഗ് ഉപാധ്യക്ഷന്‍ ശ്രീ. രാജീവ് കുമാര്‍, നിതി ആയോഗ് സി.ഇ.ഒ ശ്രീ. അമിതാഭ് കാന്ത് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.