ന്യൂഡെല്‍ഹിയില്‍ സി.എസ്.ഐ.ആര്‍. സൊസൈറ്റി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.
സി.എസ്.ഐ.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദീകരണം പ്രധാനമന്ത്രിക്കു നല്‍കപ്പെട്ടു. ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഭാവിപദ്ധതി രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
വിര്‍ച്വല്‍ ലാബുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ സംവിധാനം വഴി രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിദ്യാര്‍ഥികളില്‍ ശാസ്ത്രപ്രചരണം എളുപ്പുമാകുമെന്നു ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണമെന്നും വരുംതലമുറയില്‍ ശാസ്ത്രബോധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നു ശാസ്ത്രജ്ഞരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവ്, ജല സംരക്ഷണം തുടങ്ങി ഇന്ത്യ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളള്‍ക്കു സി.എസ്.ഐ.ആര്‍. ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രജ്ഞര്‍ ശ്രദ്ധ പകരേണ്ട വെല്ലുവിളി എന്ന നിലയില്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജം സംഭരിക്കാവുന്ന ചെലവു കുറഞ്ഞതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സംവിധാനങ്ങള്‍ പ്രധാനമന്ത്രി ശദ്ധയില്‍ പെടുത്തി. ലോകോത്തര ഉല്‍പന്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്രവും കൂട്ടിച്ചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങള്‍ വാണിജ്യവല്‍ക്കരിക്കേണ്ടതിന്റെ പ്രസക്തിയും ശ്രീ. മോദി ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ ജീവിതത്തിന്റെ മേന്മ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ സി.എസ്.ഐ.ആറിലെ ശാസ്ത്ര സമൂഹത്തോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.