കോവിഡ്-19മായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓക്‌സിജന്‍ ലഭ്യത, മരുന്നുകള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിയെക്കുറിച്ചും അദ്ദേഹം വിലയിരുത്തി
ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തിയ സംഘം രാജ്യത്ത് ഓക്‌സിജന്റെ ലഭ്യതയും വിതരണവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കുന്നതിനെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 2020 ഓഗസ്റ്റിലെ പ്രതിദിനം 5700 മെട്രിക് ടണ്‍ എന്ന നിലയില്‍നിന്ന്, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ദ്രവീകൃത ഓക്‌സിജന്റെ ഉല്‍പ്പാദനം നിലവില്‍ (2021 ഏപ്രില്‍ 25 ന്) 8922 മെട്രിക് ടണ്ണായി വര്‍ധിച്ചുവെന്ന കാര്യവും ചര്‍ച്ച ചെയ്തു. ദ്രവീകൃത ഓക്‌സിജന്റെ ആഭ്യന്തര ഉല്‍പ്പാദനം 2021 ഏപ്രില്‍ അവസാനത്തോടെ പ്രതിദിനം 9250 മെട്രിക് ടണ്‍ കടക്കുമെന്നാണ് പ്രതീക്ഷ.
പി എസ് എ ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം ആരംഭിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പി എസ് എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
ഓക്‌സിജന്‍ എക്‌സ്പ്രസ് റെയില്‍വേ സര്‍വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഓക്‌സിജന്‍ ടാങ്കറുകള്‍ കൊണ്ടുപോകുന്നതിനായി വ്യോമസേന നടത്തുന്ന ആഭ്യന്തര-അന്താരാഷ്ട്ര പറക്കലുകളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കിടക്കകളുടെയും ഐസിയുകളുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ആരോഗ്യ അടിസ്ഥാന സൗകര്യം, കോവിഡ് കൈകാര്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ ചുമതലയുള്ള സംഘം പ്രധാനമന്ത്രിക്കു വിവരം നല്‍കി. വൈറസ് വ്യാപനശൃംഖല തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളും സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കോവിഡ് അനുസൃത ശീലങ്ങളുടെ കാര്യത്തില്‍ ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ആശയവിനിമയത്തിന് ചുമതലപ്പെടുത്തിയ സംഘം പ്രധാനമന്ത്രിക്കു വിവരങ്ങൾ നല്‍കി.
ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റോഡ് ഗതാഗത , ഹൈവേയ്സ് സെക്രട്ടറി, വാർത്ത വിതരണ പ്രക്ഷേപണ സെക്രട്ടറി, ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറി, നിതി ആയോഗ് അംഗം, ഐസിഎംആര്‍ ഡിജി, ബയോടെക്‌നോളജി സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.