എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോകത്തിലെ 10-ാമത് സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് 5-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയരാന്‍ കാരണമായത് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പരിശ്രമം മൂലമാണെന്ന് വിശേഷിപ്പിച്ചു. ഈ ഗവണ്‍മെന്റ് ചോര്‍ച്ച തടയുകയും ശക്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പരമാവധി പണം ചെലവഴിക്കുകയും ചെയ്തതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ അത് ഖജനാവ് നിറയ്ക്കുകയല്ല എന്നതാണ് ഇന്ന് ഞാന്‍ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്. അത് രാജ്യത്തിന്റെയും അതിലെ ജനങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ ചില്ലിക്കാശും തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ ഫലം സ്വയമേയവേ വരും. 10 വര്‍ഷം മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് 30 ലക്ഷം കോടിരൂപ അയച്ചിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 100 ലക്ഷം കോടിയിലെത്തി. ഈ സംഖ്യകള്‍ കാണുമ്പോള്‍, ശേഷിയില്‍ വലിയ വര്‍ദ്ധനയോടെയാണ് ഇത്രയും വലിയ പരിവര്‍ത്തനം സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നും''! പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു.
'' യുവജനങ്ങള്‍ക്ക് അവരുടെ തൊഴിലിന് വേണ്ടിയുള്ള സ്വയം തൊഴിലിനായി 20 ലക്ഷം കോടി രൂപ അനുവദിച്ചു. 8 കോടി ആളുകള്‍ പുതിയ വ്യാപാരം തുടങ്ങി, അത് മാത്രമല്ല, ഓരോ വ്യവസായിയും ഒന്നോ രണ്ടോ പേര്‍ക്ക് തൊഴിലും നല്‍കി. അതുകൊണ്ട്, (പ്രധാനമന്ത്രി) മുദ്ര യോജനയില്‍ നിന്ന് പ്രയോജനം നേടിയ 8 കോടി പൗരന്മാര്‍ക്ക് 8-10 കോടി പുതിയ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള കഴിവുമുണ്ട്'' സ്വയം തൊഴിലിനെക്കുറിച്ച് ശ്രീ മോദി പറഞ്ഞു.
'' കൊറോണ വൈറസിന്റെ പ്രതിസന്ധിയില്‍ 3.5 ലക്ഷം കോടി രൂപയുടെ വായ്പാ സഹായത്തോടെ എം.എസ്.എം.ഇകളെ പാപ്പരാകാന്‍ അനുവദിച്ചില്ല. അവരെ മരിക്കാന്‍ അനുവദിച്ചില്ല, അവര്‍ക്ക് കരുത്ത് നല്‍കി'' കോവിഡ്-19 മഹാമാരിയെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു,
''രാജ്യത്ത് ദാരിദ്ര്യം കുറയുമ്പോള്‍, മദ്ധ്യവര്‍ഗ്ഗത്തിന്റെ ശക്തി വളരെയധികം വര്‍ദ്ധിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം ലോകത്തെ ആദ്യ മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ സ്ഥാനം പിടിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇന്ന് 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി മദ്ധ്യവര്‍ഗ്ഗത്തിന്റെ ശക്തിയായി മാറി. പാവപ്പെട്ടവന്റെ വാങ്ങല്‍ ശേഷി കൂടുമ്പോള്‍ ഇടത്തരക്കാരുടെ വ്യാപാര ശക്തി വര്‍ദ്ധിക്കുന്നു. ഗ്രാമത്തിന്റെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുമ്പോള്‍, നഗരത്തിന്റെയും ടൗണിന്റെയും സമ്പദ്‌വ്യവസ്ഥ അതിവേഗത്തില്‍ ചലിക്കുന്നു. നമ്മുടെ സാമ്പത്തിക ചക്രം എന്നത് ഈ പരസ്പരബന്ധിതമാണ്. അതിന് കരുത്ത് നല്‍കി മുന്നോട്ട് പോകാനാണ് നാം ആഗ്രഹിക്കുന്നത്.
അതിനുമപ്പുറത്ത്, ആദായനികുതിയുടെ (ഒഴിവാക്കല്‍) പരിധി രണ്ടുലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടായത് ശമ്പളക്കാരായ ആളുകള്‍ക്കാണ്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞു.
'' കോവിഡ് 19 മഹാമാരിയില്‍ നിന്ന് ലോകം ഇതുവരെ ഉയര്‍ത്തെഴുന്നേറ്റിട്ടില്ല, യുദ്ധം ഒരു പുതിയ പ്രശ്‌നവും സൃഷ്ടിച്ചു. ഇന്ന് ലോകം പണപ്പെരുപ്പത്തിന്റെ പ്രതിസന്ധി നേരിടുകയുമാണ്'' ലോകം ഒന്നടങ്കം അഭിമുഖീകരിക്കുന്ന സമീപകാല പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, പറഞ്ഞു,
ഇന്ത്യ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കാര്യങ്ങള്‍ ലോകത്തേക്കാള്‍ മികച്ചതാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല, എന്റെ രാജ്യക്കാരുടെ മേലുള്ള വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കുന്നതിന് ഈ ദിശയില്‍ കൂടുതല്‍ നടപടികള്‍ എനിക്ക് സ്വീകരിക്കേണ്ടതുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള എന്റെ ശ്രമങ്ങള്‍ തുടരും'' അദ്ദേഹം പറഞ്ഞു.