പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലക്‌നൗവില്‍ ഇന്ന് ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി 2018 ഉദ്ഘാടനം ചെയ്തു.
മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും കാണത്തക്കവിധം പ്രകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്രയധികം നിക്ഷേപകരുടെ പങ്കാളിത്തത്തോടെ വമ്പിച്ച ഒരു നിക്ഷേപക ഉച്ചകോടി ഉത്തര്‍ പ്രദേശില്‍ സംഘടിപ്പിച്ചത് തന്നെ മാറ്റത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ വികസനത്തിന്റെയും സമൃദ്ധിയുടെയും പാതയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിച്ചു.
വിഭവങ്ങളുടെയും, ശേഷിയുടെയും കാര്യത്തില്‍ സംസ്ഥാനം അനുഗ്രഹീതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ കരുത്ത് അദ്ദേഹം എടുത്ത് പറഞ്ഞു. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മാറ്റിയെടുത്ത് ക്രിയാത്മകതയുടെയും പ്രത്യാശയുടെയും അന്തരീക്ഷം സൃഷ്ടിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗവണ്‍മെന്റിന് അദ്ദേഹം അഭിനന്ദിച്ചു. വ്യത്യസ്ഥ മേഖലകള്‍ക്ക് അനുയോജ്യമായ നയങ്ങള്‍ സംസ്ഥാനം രൂപീകരിച്ച് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍, വനിതകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നത് സംസ്ഥാനം ഗൗരവമായി എടുത്തിട്ടുണ്ട്.
‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ എന്ന പദ്ധതി സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച് വരികയാണ്. ഇതിന്റെ നടപ്പാക്കലില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളായ സ്‌ക്കില്‍ ഇന്ത്യ ദൗത്യം, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, പ്രധാനമന്ത്രി മുദ്രാ യോജന എന്നിവ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പാഴ്‌ചെലവ് കുറയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കിസാന്‍ സമ്പാദ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍ തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നതുമൂലം എഥനോള്‍ ഉല്‍പ്പാദനത്തിന് സംസ്ഥാനത്ത് വമ്പിച്ച സാധ്യതകളാണ് ഉള്ളത്.
ബുന്ദേല്‍ഖണ്ഡ് പ്രദേശത്തിന്റെ വികസനത്തിന് സഹായിക്കും വിധം ഉത്തര്‍ പ്രദേശില്‍ ഒരു പ്രതിരോധ വികസന ഇടനാഴി നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷം പ്രയാഗില്‍ സംഘടിപ്പിക്കുന്ന കുംഭമേള, ലോകത്ത് തന്നെ അത്തരത്തിലുള്ള മേളകളില്‍ ഏറ്റവും വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.