പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഏകല്‍ വിദ്യാലയ സംഗത്ഥനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗ്രാമീണ, ഗിരിവര്‍ഗ്ഗ കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സംഗത്ഥനെ അഭിനന്ദിച്ചു. ഇന്ത്യയിലെയും, നേപ്പാളിലെയും വിദൂരസ്ഥ പ്രദേശങ്ങളില്‍ വസിക്കുന്ന 2.8 ദശലക്ഷത്തിലധികം ഗ്രാമീണ, ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അവബോധം പകര്‍ന്നു കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം സംഗത്ഥന്‍ വളന്റിയറന്മാരെ അഭിനന്ദിച്ചു .
രാജ്യത്തെമ്പാടും ഒരു ലക്ഷം സ്‌കൂളുകള്‍ എന്ന സംഖ്യയില്‍ എത്തിയതിന് സംഗത്ഥനെ അഭിനന്ദിച്ച് കൊണ്ട്, അത്യുത്സാഹത്തോടും, അര്‍പ്പണബോധത്തോടും, പ്രതിബദ്ധതയോടുമുള്ള പ്രവര്‍ത്തനം അസാധ്യമായ ലക്ഷ്യത്തെ സാധ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയ്ക്ക് സംഗത്ഥന് ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതും രാജ്യത്തിന് മൊത്തത്തില്‍ പ്രചോദനമായതിനെയും അദ്ദേഹം എടുത്ത് പറഞ്ഞു.
രാജ്യത്ത് മികച്ച വിദ്യാഭ്യാസത്തിനും, നൈപുണ്യ വികസനത്തിനും കേന്ദ്ര ഗവണ്‍മെന്റ് അത്യുത്സാഹപൂര്‍വ്വം പ്രയത്‌നിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പട്ടിക വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികള്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പോഷന്‍ അഭിയാന്‍, ഇന്ദ്രധനുഷ് ദൗത്യം, ആദിവാസി കലോത്സവ വേളകളില്‍ സ്‌കൂളുകള്‍ക്ക് അവധി എന്നിവ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക മാത്രമല്ല, കുട്ടികളുടെ സമഗ്രമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2022-ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പങ്ക് എടുത്തുകാട്ടിക്കൊണ്ടുള്ള പ്രത്യേക നാടകങ്ങള്‍, സംഗീത മത്സരങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് തങ്ങളുടെ സ്‌കൂളുകളിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി സംഗത്ഥനോട് നിര്‍ദ്ദേശിച്ചു. മത്സരങ്ങള്‍ ഈ വര്‍ഷം ആരംഭിച്ച് 2022-ല്‍ ദേശീയ തല മത്സരങ്ങളോടെ സമാപിക്കുന്ന തരത്തില്‍ സംഘടിപ്പിക്കാം. പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങള്‍ക്കായി ഒരു മഹാ കായിക മേള ഏകല്‍ കുടുംബത്തിന് സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന് ഉത്തേജനമേകാന്‍ പൊതു – സ്വകാര്യ സ്‌കൂളുകളെ ജോഡിയാക്കണമെന്ന ആശയവും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതുവഴി ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് നഗരവാസികളായ കുട്ടികളില്‍ നിന്നും, നഗരങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഗ്രാമവാസികളായ കുട്ടികളില്‍ നിന്നും പഠിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്‌ട്രോണിക് വിദ്യാഭ്യാസവും, ഡിജിറ്റല്‍വല്‍ക്കരണവും ഏകല്‍ സന്‍സ്ഥാന്‍ ഉപയോഗിക്കുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാ ഏകല്‍ വിദ്യാലയങ്ങളുടെയും പുരോഗതി സമഗ്രമായ തലത്തില്‍ തത്സമയം നിരീക്ഷിക്കാനുള്ള ഒരു ഡാഷ്‌ബോര്‍ഡിന് സംഘടന രൂപം നല്‍കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഡോ. ബാബാ സാഹേബ് അംബേദ്കറുടെ ചരമദിനം ഇന്നാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും തുല്യ വിദ്യാഭ്യാസം നല്‍കണമെന്ന ബാബാ സാഹേബിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഏകല്‍ സന്‍സ്ഥാന്‍ വിജയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല് പതിറ്റാണ്ട് നീണ്ട അതിന്റെ യാത്രയില്‍ വിദ്യാഭ്യാസത്തിന്റെ ‘പഞ്ചതന്ത്ര മാതൃക’യിലൂടെ സംഗത്ഥന്‍ വേറിട്ട ചിന്താഗതി ഗണ്യമായി പരിപോഷിപ്പിച്ചു. പോഷണ്‍ വാടികളിലൂടെ പോഷകാഹാരം പ്രോത്സാഹിപ്പിക്കുക, കൃഷിയില്‍ ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുക, ഔഷധ ഗുണമുള്ള സസ്യങ്ങളുടെ ഉപയോഗത്തില്‍ വൈദഗ്ധ്യം നേടുക, തൊഴില്‍ പരിശീലനം, സാമൂഹിക അവബോധം സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വിദ്യാഭ്യാസ മാതൃക. ഏകല്‍ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍, വിദ്യാഭ്യാസം, വ്യവസായം, സൈന്യം, പൊലീസ് സേന തുടങ്ങിയ വിവിധ മേഖലകളില്‍ രാജ്യത്തെ സേവിക്കുന്നത് തീര്‍ച്ചയായും തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തേയും, ബാബാ സാഹേബിന്റെ സാമൂഹിക നീതിയേയും, ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയത്തേയും, തിളങ്ങുന്ന ഇന്ത്യയെ കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ സ്വപ്നത്തേയും സാക്ഷാത്കരിക്കാന്‍ ഏകല്‍ സംഗത്ഥന്റെ വിജയം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഏകല്‍ വിദ്യാലയത്തെക്കുറിച്ച്
ഇന്ത്യയിലേയും, നേപ്പാളിലേയും ഗ്രാമീണ, ഗിരിവര്‍ഗ്ഗ മേഖലകളുടെ സംയോജിതവും, സമഗ്രവുമായ വികസനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രസ്ഥാനമാണ് ഏകല്‍ വിദ്യാലയം. ഓരോ കുട്ടിക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള വിദൂരസ്ഥ, ഗ്രാമീണ ഗിരിവര്‍ഗ്ഗ മേഖലകളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുക എന്നതാണ് ഈ പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ള മുഖ്യ പ്രവര്‍ത്തനം.