ബഹുമാന്യരായ പ്രസിഡന്റ് പുടിന്‍, പ്രസിഡന്റ് ഷി, പ്രസിഡന്റ് റാമഫോസ, പ്രസിഡന്റ് ബോള്‍സനാരോ,
നമസ്‌കാരം,
ഈ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് നിങ്ങളെയേവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉച്ചകോടിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത് എനിക്കും, ഇന്ത്യയ്ക്കും ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. ഉച്ചകോടിയില്‍ നിങ്ങള്‍ക്കൊപ്പമുള്ള ഇന്നത്തെ യോഗത്തിന്റെ വിശദമായ കാര്യപരിപാടി നമ്മുടെ പക്കലുണ്ട്. നിങ്ങളെല്ലാം അംഗീകരിക്കുന്നുവെങ്കില്‍ ഈ കാര്യപരിപാടി നമുക്ക് സ്വീകരിക്കാം. നന്ദി, കാര്യപരിപാടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു.
ബഹുമാന്യരേ!
ഈ അജണ്ട സ്വീകരിച്ചുകഴിഞ്ഞാല്‍, നമുക്കെല്ലാം നമ്മുടെ പ്രാരംഭ പരാമര്‍ശങ്ങള്‍ ചുരുക്കിപ്പറയാം. എന്റെ പ്രാരംഭ പരാമര്‍ശം ആദ്യമേ നടത്താന്‍ ഞാന്‍ സ്വാതന്ത്ര്യം എടുക്കുകയാണ്. തുടര്‍ന്ന് ബഹുമാനപ്പെട്ട ഓരോ വ്യക്തികളെയും പ്രാരംഭ പരാമര്‍ശത്തിനായി ഞാന്‍ ക്ഷണിക്കും.
ഈ അധ്യക്ഷപദവിയില്‍ ബ്രിക്‌സിലെ എല്ലാ പങ്കാളികളില്‍ നിന്നും, എല്ലാവരില്‍ നിന്നും ഇന്ത്യക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചിട്ടുണ്ട്. ഇതിന് നിങ്ങളേവരോടും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നിരവധി നേട്ടങ്ങള്‍ക്ക് ബ്രിക്‌സ് വേദി സാക്ഷ്യം വഹിച്ചു. ലോകത്തിലെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെ സ്വാധീനിക്കാന്‍ കഴിയുന്ന ശബ്ദമാണ് ഇന്നു നമ്മള്‍. വികസ്വര രാജ്യങ്ങളുടെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ വേദി ഉപയോഗപ്രദമാണ്.
ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, കണ്ടിജന്‍സി റിസര്‍വ് അറേഞ്ച്‌മെന്റ്, ഊര്‍ജ ഗവേഷണ സഹകരണ വേദി തുടങ്ങിയ കരുത്തുറ്റ സ്ഥാപനങ്ങള്‍ക്കു ബ്രിക്‌സ് തുടക്കം കുറിച്ചു. ഇവയെല്ലാം പ്രബലമായ സ്ഥാപനങ്ങളാണ്. നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട് എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ആത്മസംതൃപ്തി അധികമാകാതെയിരിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ബ്രിക്‌സ് കൂടുതല്‍ ഫലപ്രാപ്തിയുണ്ടാക്കുന്നുവെന്നു നാം ഉറപ്പാക്കണം.
അധ്യക്ഷപദവിയുള്ള കാലയളവിലേക്ക് ഇന്ത്യ തെരഞ്ഞെടുത്ത വിഷയം ഈ മുന്‍ഗണന കൃത്യമായി പ്രകടമാക്കുന്നു - 'ബ്രിക്‌സ്@15: തുടര്‍ച്ച, ഏകീകരണം, സമവായം എന്നിവയില്‍ ബ്രിക്‌സിനുള്ളിലെ സഹകരണം'. നമ്മുടെ ബ്രിക്‌സ് പങ്കാളിത്തത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് ഈ നാല് 'സി'കള്‍
ഈ വര്‍ഷം, കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും, 150ലധികം ബ്രിക്‌സ് യോഗങ്ങളും പരിപാടികളും സംഘടിപ്പിച്ചു. അതില്‍ 20ലധികം മന്ത്രിതലത്തിലായിരുന്നു. പരമ്പരാഗത മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ബ്രിക്‌സ് കാര്യപരിപാടി കൂടുതല്‍ വിപുലപ്പെടുത്താനും നാം ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ബ്രിക്‌സ് നിരവധി 'ഒന്നാം സ്ഥാനങ്ങള്‍' നേടിയിട്ടുണ്ട്; അതായത് നിരവധി കാര്യങ്ങള്‍ ആദ്യമായി ചെയ്തു. അടുത്തിടെയാണ് ആദ്യത്തെ ബ്രിക്‌സ് ഡിജിറ്റല്‍ ഉച്ചകോടി നടന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതനമായ നടപടിയാണിത്. നവംബറില്‍, നമ്മുടെ ജലവിഭവ മന്ത്രിമാര്‍ ആദ്യമായി ബ്രിക്‌സ് ഫോര്‍മാറ്റില്‍ യോഗം ചേരും. 'ബഹുരാഷ്ട്ര സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുക' എന്ന വിഷയത്തില്‍ ആദ്യമായാണ് ബ്രിക്‌സ് ഒരു കൂട്ടായ നിലപാട് സ്വീകരിക്കുന്നത്.
നാം ബ്രിക്‌സ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനപദ്ധതിയും സ്വീകരിച്ചു. നമ്മുടെ ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള വിദൂര സെന്‍സിംഗ് സാറ്റലൈറ്റ് സമൂഹത്തെക്കുറിച്ചുള്ള കരാറില്‍, സഹകരണത്തിന്റെ ഒരു പുതിയ അധ്യായത്തിനുതന്നെ തുടക്കം കുറിച്ചു. നമ്മുടെ കസ്റ്റംസ് വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തോടെ, ബ്രിക്‌സിനുള്ളിലെ വ്യാപാരം എളുപ്പമാകും. ഒരു വെര്‍ച്വല്‍ ബ്രിക്‌സ് വാക്‌സിനേഷന്‍ ഗവേഷണ വികസന കേന്ദ്രം ആരംഭിക്കുന്നതിലും സമവായമുണ്ടായി. ഹരിത വിനോദസഞ്ചാരത്തെക്കുറിച്ചുള്ള ബ്രിക്‌സ് സഖ്യവും മറ്റൊരു പുതിയ സംരംഭമാണ്.
ബഹുമാന്യരേ!
ഈ പുതിയ സംരംഭങ്ങളെല്ലാം നമ്മുടെ പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, വരും വര്‍ഷങ്ങളില്‍ പ്രസക്തമായി നിലനില്‍ക്കുന്ന ഒരു സംവിധാനമെന്ന നിലയില്‍ ബ്രിക്‌സിനെ പ്രാപ്തമാക്കുകയും ചെയ്യും. ഇന്നത്തെ യോഗം ബ്രിക്‌സിനെ കൂടുതല്‍ പ്രയോജനപ്രദമാക്കുന്നതിന്, ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രധാനപ്പെട്ട ആഗോള, പ്രാദേശിക കാര്യങ്ങളും നാം ചര്‍ച്ച ചെയ്യും. നിങ്ങളുടെ പ്രാരംഭ പരാമര്‍ശങ്ങള്‍ക്കായി ഞാന്‍ ഇപ്പോള്‍ നിങ്ങളെയേവരെയും ക്ഷണിക്കുന്നു.