ബഹുമാനപ്പെട്ട താജിക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഇമോമലി റഹ്മാന്‍, സഹോദരീ സഹോദരന്മാരേ, മാധ്യമപ്രവര്‍ത്തകരേ,
പ്രസിഡന്റ് റഹ്മാനും ഞാനും തമ്മില്‍ ഇന്നു വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പ്രതിരോധ, സുരക്ഷാ രംഗങ്ങളിലെ പങ്കാളിത്തം ഉള്‍പ്പെടെ ഉഭയകക്ഷിബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഞങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കു നേരെ വെല്ലുവിളികള്‍ ഉയരുന്ന ചുറ്റുപാടിലാണ് ഇന്ത്യയും താജിക്കിസ്ഥാനും ഉള്ളത്. ഭീകരവാദം ഭീഷണി ഉയര്‍ത്തുന്നതു നാം രണ്ടു രാജ്യങ്ങള്‍ക്കു മാത്രമല്ല. അതു മേഖലയിലാകെ ഹിംസയുടെയും അസ്ഥിരതയുടെയും നിഴല്‍ വീഴ്ത്തുന്നു. അതുകൊണ്ടുതന്നെ, ഭീകരവാദത്തെ നേരിടുക എന്നതു നാം തമ്മിലുള്ള സഹകരണത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മധ്യേഷ്യന്‍ മേഖലയില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും പരിഷ്‌കരണവാദത്തിനും ഭീകരവാദത്തിനും എതിരെ നില്‍ക്കുന്ന കരുത്തുറ്റ ശക്തിയാണ് താജിക്കിസ്ഥാന്‍. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം അംഗീകരിച്ച മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ പ്രസിഡന്റ് റഹ്മാനും ഞാനും തീരുമാനിച്ചു.
ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിലൂടെയും കൂടുതല്‍ പരിശീലനം നല്‍കുന്നതിലൂടെയും മേഖലാതലത്തിലുള്ളതും ബഹുമുഖവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഏകോപനം ഉറപ്പാക്കുന്നതിലൂടെയും ഇതിനായി നാം സഹകരിക്കും. ഷാംഗ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗൈസേഷനില്‍ ഇന്ത്യക്കുള്ള അംഗത്വം മേഖലാതല സുരക്ഷ ഉറപ്പാക്കാനും ഭീകരവാദത്തെ നേരിടാനുമായി താജിക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു സഹായകമാകും. നമ്മുടെ മേഖലയുടെ വികസനത്തെ സംബന്ധിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും പുരോഗതിയും ഉണ്ടാകേണ്ടത് മേഖലയുടെ തന്നെ അനിവാര്യതയാണെന്ന് ഇരുവരും വിലയിരുത്തി. വളര്‍ച്ചയിലേക്കു കുതിക്കാന്‍ അഫ്ഗാന്‍ ജനതയ്ക്കു പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ ഇന്ത്യക്കും താജിക്കിസ്ഥാനും ഒരേ നയമാണ്.
ഇന്ത്യയും താജിക്കിസ്ഥാനും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 25ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കും. ഇരു രാജ്യങ്ങള്‍ക്കുംവേണ്ടി നടപ്പാക്കാന്‍ പ്രസിഡന്റ് റഹ്മാനും ഞാനും ചേര്‍ന്ന് തീരുമാനിച്ച കാര്യങ്ങളുടെ വിശദമായ പട്ടിക എനിക്ക് പ്രോത്സാഹനം പകരുന്നു. ഇന്ന് അന്തിമരൂപം നല്‍കപ്പെട്ട കരാറുകളും നടത്തിയ ചര്‍ച്ചകളും ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലുള്ള സഹകരണത്തിന് ഊര്‍ജം പകരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് റഹ്മാനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുകയും അദ്ദേഹത്തിനു സുഖവാസം ആശംസിക്കുകയും ചെയ്യുന്നു.
നന്ദി. വളരെയധികം നന്ദി.