കംബോഡിയ സാമ്രാജ്യത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി ഹുന്‍ സെന്‍,
പ്രതിനിധി സംഘത്തിലെ ബഹുമാന്യ അംഗങ്ങള്‍,
വിശിഷ്ടാതിഥികള്‍,
മാധ്യമ സുഹൃത്തുക്കള്‍,
മാന്യരെ, മഹതികളേ,
ആശംസകള്‍!
പ്രധാനമന്ത്രി ഹുന്‍ സെന്നിനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യാനായത് എനിക്ക് മഹത്തായ ഒരു സന്തോഷമാണ്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം.
പ്രധാനമന്ത്രിയായ താങ്കള്‍ സ്വന്തം നിലയില്‍ ഇന്ത്യയേക്കുറിച്ച് തികച്ചും അവബോധമുള്ളയാളാണ്; ഇന്ത്യയാകട്ടെ താങ്കള്‍ക്കൊപ്പമുണ്ട്. ഈ സന്ദര്‍ശന വേളയില്‍ താങ്കള്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക മാറ്റങ്ങള്‍ക്കും വളരെ അടുത്ത് സാക്ഷിയാകാന്‍ അവസരം ലഭിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
രണ്ടു ദിവസം മുമ്പ് ആസിയാന്‍- ഇന്ത്യാ അനുസ്മരണ ഉച്ചകോടിയില്‍ ആസിയാന്‍- ഇന്ത്യാ സഹകരണം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.
പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും പ്രധാനപ്പെട്ട തീരുമാനങ്ങളെടുത്തതുകൊണ്ട് സമീപഭാവിയില്‍ ഇന്ത്യയുടെയും ആസിയാന്റെയും സഹകരണം പുതിയ ഉയരങ്ങളില്‍ എത്തും.
ഈ അവസരത്തില്‍ എന്റെ ക്ഷണം സ്വീകരിക്കുകയും ഈ ഉച്ചകോടിയിലെ സൗമ്യസാന്നിധ്യംകൊണ്ടും പ്രധാനമന്ത്രി ഹുന്‍ സെന്‍ ഞങ്ങളെ ആദരിച്ചിരിക്കുന്നു.
ഇതു മാത്രമല്ല, ഈ ഉച്ചകോടിയിലെ ചര്‍ച്ചകളിലും അതിന്റെ ഫലപ്രാപ്തിയിലും താങ്കള്‍ മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. അതില്‍ ഞാന്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
കംബോഡിയയിലെ രാഷ്ട്രീയ മാറ്റങ്ങളുടെ വേളയില്‍ ഞങ്ങളുടെ പഴയ സുഹൃത്തുക്കളും അവരുടെ ജനങ്ങളുമായി ഇന്ത്യ തോളോടു തോള്‍ ചേര്‍ന്നു നിന്നപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഇന്ത്യയും കംബോഡിയയും തമ്മിലുള്ള പഴക്കമുള്ള ചരിത്രപരമായ ബന്ധം എത്രയോ അധികം തീവ്രമായി.
ഈ കാലത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നു നമ്മുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതാക്കേണ്ടിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി ഹുന്‍ സെന്‍ സമ്മതിക്കുന്നു.
സാമ്പത്തികം, സമാഹിക വികസനം, ശേഷി വികസനം, സംസ്‌കാരം, വ്യാപാരം, വിനോദസഞ്ചാരം, രണ്ടിടത്തെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ പോലുള്ള എല്ലാ മേഖലകളിലും കംബോഡിയയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നു മാത്രമല്ല പ്രതിജ്ഞാബദ്ധവുമാണ്.
നമ്മുടെ പങ്കുവയ്ക്കപ്പെട്ട പൈതൃകം നമ്മുടെ സാംസ്‌കാരിക ബന്ധങ്ങളുടെ പ്രധാനപ്പെട്ട ഭാഗമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ അങ്കോര്‍ വാറ്റ് ക്ഷേത്ര നിര്‍മാണം ഈ സഹകരണത്തിന് ഉദാഹരണമാണ്.
കംബോഡിയയുടെ ഈ സാംസ്‌കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പിലും വികാസത്തിലും സംഭാവന ചെയ്യാന്‍ സാധിച്ചു എന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമുണ്ട്.
നമ്മുടെ ഭാഷകള്‍ പാലിയില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നുമാണ് വികസിക്കുക.
നമ്മുടെ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളുടെ വേരുകള്‍ മഹത്തായ ആനന്ദത്തിന്റേതായതുകൊണ്ട് പരസ്പരം വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വിപുല സാധ്യതകള്‍ വളരെ ആഴത്തിലുള്ളതാണ്.
സുഹൃത്തുക്കളേ,
ഞങ്ങളുടെ സുഹൃത്ത് കംബോഡിയ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കുകയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ പ്രതിവര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുകയും ചെയ്തു എന്നത് ഇന്ത്യയെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. നമ്മുടേത് ഒരേതരം മൂല്യങ്ങളും സാംസ്‌കാരിക പ്രകൃതികളുമായതിനാല്‍ രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതില്‍ നമുക്ക് സ്വഭാവികമായ സംയുക്ത പ്രവര്‍ത്തനം സാധ്യമാണ്.
കംബോഡിയയിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍, പ്രത്യേകിച്ച് ആരോഗ്യം, ഔഷധം, വിവര സാങ്കേതികവിദ്യ, കൃഷി, വാഹനം, വാഹന ഭാഗങ്ങള്‍, തുണി തുടങ്ങിയവ പോലുള്ള മേഖലകളിലെ നിക്ഷേപത്തില്‍ കംബോഡിയയുടെ ഉദാര സാമ്പത്തിക നയങ്ങളും ആസിയാന്‍ സാമ്പത്തിക സമൂഹത്തിന്റെ സ്ഥാപനവും മികച്ച അവസരം ലഭ്യമാക്കി.
നമ്മുടെ പരസ്പര വ്യാപാരം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വളരുമെന്നും കംബോഡിയയില്‍ ലാഭകരമായ സാന്നിധ്യമാകാന്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ കൂടുതല്‍ നിക്ഷേപകര്‍ പ്രാപ്തരാകും എന്നും എനിക്ക് ആത്മവിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
കംബോഡിയയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വികസന സഹകരണം ഒരു പ്രധാന ഭാഗമാണ്.
കംബോഡിയയുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കാളിയായിരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എപ്പോഴുമുണ്ട്, അത് തുടരുകയും ചെയ്യും.
കംബോഡിയ ഗവണ്‍മെന്റിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ആരോഗ്യം, പരസ്പരബന്ധം, ഡിജിറ്റല്‍ പരസ്പരബന്ധം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതാണ്.
അതിവേഗ ഫലപ്രാപ്തി ഉണ്ടാകുന്ന അഞ്ച് പദ്ധതികള്‍ എല്ലാ വര്‍ഷവും കംബോഡിയയില്‍ ഇന്ത്യ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളുടെ എണ്ണം അഞ്ചില്‍ നിന്ന് പത്ത് ആക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ അഞ്ഞൂറ് കോടി രൂപയുടെ പദ്ധതി വികസന ഫണ്ടും ഞങ്ങള്‍ രൂപീകരിച്ചിരിക്കുന്നു.
വ്യവസായവും വ്യാപാരവും വ്യാപിപ്പിക്കുന്നതിനും കുറഞ്ഞ ചെലവില്‍ വിതരണ ശൃംഖല ഉണ്ടാക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും.
കംബോഡിയയില്‍ ഐടി, ഐടി അനുബന്ധ സേവന മേഖലയില്‍ ഒരു മികവിന്റെ കേന്ദ്രം നാം സ്ജ്ജീകരിക്കും.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ സാങ്കേതികവിദ്യയുടെയും സാമ്പത്തിക സഹകരണത്തിന്റെയും പദ്ധതിയില്‍ ഇന്ത്യ കംബോഡിയയുടെ സജീവ പങ്കാളിയാണ്.
ഈ പദ്ധതിയിലൂടെ കംബോഡിയയുടെ 1400ല്‍ അധികം പൗരന്മാര്‍ക്ക് ശേഷി കെട്ടിപ്പടുക്കലില്‍ പരിശീലനം ലഭിച്ചു.
ഈ പദ്ധതി ഞങ്ങള്‍ ഭാവിയിലും തുടരുകയും കംബോഡിയയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ വികസിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്യും.
സുഹൃത്തുക്കളേ,
അന്താരാഷ്ട്ര വേദികളില്‍ നാം രണ്ടു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. നിരവധി മേഖലാ, അന്താരാഷ്ട്ര വേദികളിലും നമുക്ക് വിശ്വസനീയമായ ബന്ധമുണ്ട്.
പരസ്പരം അന്താരാഷ്ട്ര വേദികളില്‍ പിന്തുണയ്ക്കുന്നതിന് ഇന്ത്യയും കംബോഡിയയും നിലവിലെ കൂട്ടുപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു.
അന്തിമമായി, ഇന്ത്യയുടെ വേറിട്ടുപോകാത്ത സുഹൃത്ത് എന്ന നിലയിലുള്ള സന്ദര്‍ശനത്തിനും ആദരണീയനായ ഒരു അതിഥി എന്ന നിലയിലും പ്രധാനമന്ത്രി ഹുന്‍ സെന്നിനോട് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയിലെ അദ്ദേഹത്തിന്റെ താമസം പ്രസാദാത്മകവും സ്മരണീയവുമാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
സമീപ ഭാവിയില്‍ കംബോഡിയയുമായുള്ള വളരെ അടുത്ത സഹകരണം വ്യാപിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നും അതുകൊണ്ടുതന്നെ കംബോഡിയയും അതിന്റെ പൗരന്മാരുമായുള്ള പരമ്പരാഗതമായി ആഴത്തിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും ഞാന്‍ ഉറപ്പു നല്‍കുകയും ചെയ്യുന്നു.