സുഹൃത്തുക്കളേ,
കലാഷ്‌നിക്കോവ് അസോള്‍ട്ട് റൈഫിള്‍ ഉല്‍പാദനത്തിനായുള്ള റഷ്യ-ഇന്ത്യ സംയുക്ത സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള സവിശേഷമായ ബന്ധത്തിലെ പ്രധാനപ്പെട്ട മേഖലകളാണ് സൈനിക, സാങ്കേതിക രംഗങ്ങളിലെ സഹകരണം. ഏഴു ദശാബ്ദത്തിലേറെയായി, ആശ്രയിക്കാവുന്നതും മേന്‍മയേറിയതുമായ യുദ്ധോപകരണങ്ങളും സംവിധാനങ്ങളും ഞങ്ങള്‍ സഹോദര രാഷ്ട്രമായ ഇന്ത്യക്കു നല്‍കിവരികയാണ്. ഞങ്ങളുടെ രാജ്യത്തുനിന്നുള്ള സഹായം ഉപയോഗപ്പെടുത്തി 170 സൈനിക, വ്യാവസായിക സംവിധാനങ്ങള്‍ ഇന്ത്യയില്‍ കെട്ടിപ്പടുത്തുവരികയാണ്.
പുതിയ സംയുക്ത സംരംഭം വഴി കലാഷ്‌നിക്കോവ് അസോള്‍ട്ട് റൈഫിളിന്റെ ഏറ്റവും പുതിയ 200 സീരീസ് ഉല്‍പാദിപ്പിക്കപ്പെടുകയും ഉല്‍പാദനം തീര്‍ത്തും പ്രാദേശികവല്‍ക്കരിക്കപ്പെടുകയും ചെയ്യും. ഇതോടെ, നൂതന റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ ഇനത്തില്‍ പെടുന്ന ചെറുകിട ആയുധങ്ങള്‍ സ്വന്തമാക്കുക എന്ന ദേശീയ സുരക്ഷാ ഏജന്‍സികളുടെ ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ പ്രതിരോധ-വ്യാവസായിക മേഖലയ്ക്ക് അവസരം ലഭിക്കും.
കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഞാനും ഇന്ത്യന്‍ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ. മോദിയും ചേര്‍ന്നാണ് കലാഷ്‌നിക്കോവ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതു സംബന്ധിച്ച കരാറില്‍ എത്തിച്ചേര്‍ന്നത്. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പ്രസ്തുത കരാര്‍ പെട്ടെന്നുതന്നെ തയ്യാറാക്കപ്പെടുകയും ഒപ്പുവെക്കപ്പെടുകയും ചെയ്തു. ഈ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ പ്രവര്‍ത്തിച്ച റഷ്യന്‍, ഇന്ത്യന്‍ വിദഗ്ധര്‍ക്കെല്ലാം ഞാന്‍ നന്ദി അറിയിക്കുന്നു.
പുതിയ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തമാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശാസ്ത്രീയവും വ്യാവസായികവുമായ അടിത്തറയുടെ മുന്നേറ്റത്തിന് ആക്കംകൂട്ടാനും സഹായകമാകുമെന്നും യോഗ്യമായ തൊഴില്‍സേനയ്ക്കു പുതിയ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും വിദഗ്ധ വിദ്യാഭ്യാസത്തിനും വ്യക്തികളുടെ പരിശീലനത്തിനും പ്രോല്‍സാഹനമേകുമെന്നും എനിക്കു ബോധ്യമുണ്ട്. ഈ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സൃഷ്ടിപരമായ സഹകരണത്തിന്റെയും മറ്റൊരു അടയാളമായിത്തീരും.
ഞാന്‍ എല്ലാവര്‍ക്കും വിജയവും നന്‍മയും നേരുന്നു.