We remember the great women and men who worked hard for India's freedom: PM Modi
We have to take the country ahead with the determination of creating a 'New India': PM Modi
In our nation, there is no one big or small...everybody is equal. Together we can bring a positive change in the nation: PM
We have to leave this 'Chalta Hai' attitude and think of 'Badal Sakta Hai': PM Modi
Security of the country is our priority, says PM Modi
GST has shown the spirit of cooperative federalism. The nation has come together to support GST: PM Modi
There is no question of being soft of terrorism or terrorists: PM Modi
India is about Shanti, Ekta and Sadbhavana. Casteism and communalism will not help us: PM
Violence in the name of 'Astha' cannot be accepted in India: PM Modi

എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
സ്വാതന്ത്ര്യദിനത്തിന്റെ ഈ മഹനീയ അവസരത്തില്‍ ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് അഭിവാദനങ്ങള്‍.
ഇന്ന് ജന്മാഷ്ടമിയോടൊപ്പം രാജ്യം സ്വാതന്ത്ര്യദിനവും ആഘോഷിക്കുകയാണ്. നിരവധി ഉണ്ണികൃഷ്ണന്മാരെ(ബാല കനഹയ്യ) എനിക്കിവിടെ കാണാന്‍ കഴിയുന്നുണ്ട്. സുദര്‍ശന ചക്രധാരിയായ മോഹന്‍ മുതല്‍ ചര്‍ക്കാധാരിയായ മോഹന്‍വരെയുള്ളവരുള്‍പ്പെടുന്ന സാംസ്‌കാരികവും ചരിത്ര പാരമ്പര്യവുമുള്ള നമ്മള്‍ ഭാഗ്യവാന്മാരാണ്.
സ്വാതന്ത്ര്യത്തിനും ഈ രാജ്യത്തിന്റെ അഭിമാനത്തിനും കീര്‍ത്തിയ്ക്കും വേണ്ടി ജീവത്യാഗം നടത്തിയവരുടെയും നിരവധി പീഢനം അനുഭവിച്ചവരുടെയും മറ്റ് ത്യാഗങ്ങള്‍ സഹിച്ചവരുടെയും മുന്നില്‍ 125 കോടി ജനങ്ങള്‍ക്കു വേണ്ടി ചെങ്കോട്ടയുടെ ഈ കൊത്തളങ്ങളില്‍ നിന്ന് ഞാന്‍ ശിരസ് നമിക്കുന്നു.
ചില സമയങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ നമുക്ക് വലിയ വെല്ലുവിളികളാകാറുണ്ട്. നല്ലൊരു മഴക്കാലം രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കാറുണ്ട്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം ചിലപ്പോഴൊക്കെ അത് വലിയൊരു പ്രകൃതിദുരന്തമായി മാറുന്നു. അടുത്തകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇത്തരത്തില്‍ പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിച്ചു. അതിന് പുറമെ നമ്മുടെ നിഷ്‌കളങ്കരായ കുട്ടികളുടെ ജീവനുകള്‍ ഒരു ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിയുടെ മണിക്കൂറുകളിലും അവരുടെ സങ്കടങ്ങളിലും നമ്മുടെ 125 കോടി ജനങ്ങളും തോളോടു തോള്‍ ചേര്‍ന്നുനിന്നു. എല്ലാവരുടെയും ക്ഷേമത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഈ അവസരത്തില്‍ രാജ്യവാസികള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഈ വര്‍ഷം സ്വതന്ത്ര ഇന്ത്യയ്ക്ക് വളരെ പ്രത്യേകതകളുള്ളതാണ്. കഴിഞ്ഞ ആഴ്ചയാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം നാം ആഘോഷിച്ചത്. ഈ വര്‍ഷം ചമ്പാരണ്‍ സത്യാഗ്രഹത്തിന്റെയും സബര്‍മതി ആശ്രമത്തിന്റെയും ശതാബ്ദിയും നാം ആഘോഷിക്കുന്നുണ്ട്. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെ'ന്ന ലോക്മാന്യതിലകന്റെ ആഹ്വാനത്തിന്റെ ശതാബ്ദിയും ഈ വര്‍ഷമാണ് വരുന്നത്. സമൂഹെത്ത ഉണര്‍ത്താനായി ഉപയോഗിച്ച ഗണേശ ഉത്സവ ആഘോഷങ്ങളുടെ 125-ാം വാര്‍ഷികം കൂടിയാണ് ഈ സമയം. രാജ്യത്തിന് വേണ്ടി നമ്മെ സമര്‍പ്പിക്കാന്‍ പ്രചോദിപ്പിച്ചതായിരുന്നു അത്. 1942നും 47നും ഇടയില്‍ രാജ്യത്താകമാനം ജനങ്ങളുടെ യോജിച്ചൊരു നിശ്ചയദാര്‍ഡ്യം പ്രകടമായിരുന്നു. അതാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും പോകാന്‍ പ്രേരിപ്പിച്ചതും. അത്തരത്തിലുള്ള ഒരു നിശ്ചയദാര്‍ഢ്യം സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികമായ ഇപ്പോള്‍ മുതല്‍ 75-ാം വാര്‍ഷികമായ 2022വരെ പ്രകടിപ്പിക്കണം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ എത്തുന്നതിനായി ഇനി നമ്മുടെ മുന്നില്‍ അഞ്ചുവര്‍ഷങ്ങളാണുള്ളത്. ഇതിനിടയില്‍ നമ്മുടെ മഹാന്മാരായ ദേശസ്‌നേഹികളെ ഓര്‍മ്മിച്ചുകൊണ്ട് ഒരുമയോടെയുള്ള നിശ്ചയദാര്‍ഡ്യവും ശക്തിയും ഉറച്ചതീരുമാനങ്ങളുമായി മുന്നോട്ടുപോയാല്‍ 2022ല്‍ അവരുടെ സ്വപ്‌നത്തിലുള്ള ഒരു ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് അത് സഹായകരമാകും. അതുകൊണ്ട് ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കാമെന്ന പ്രതിജ്ഞയുമായി നമുക്ക് രാജ്യത്തെ മുന്നോട്ടു നയിക്കാം.

നമ്മുടെ 125 കോടി പൗരന്മാരുടെ ഒരുമയോടെയുള്ള നിശ്ചയദാര്‍ഡ്യവും കഠിനപ്രയത്‌നവും ത്യാഗങ്ങളും നല്‍കാവുന്ന ശക്തിയെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അസാധാരണമായ ശക്തികളുള്ള വ്യക്തിയായിരുന്നു. എന്നാലും പാല്‍ക്കാര്‍ വടികളുമായി പിന്തുണക്കാന്‍ എത്തിയപ്പോള്‍ മാത്രമേ അദ്ദേഹത്തിന് ഗോവര്‍ദ്ധനപര്‍വതം ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. ഭഗവാന്‍ രാമന്‍ ലങ്കയിലേക്ക് പോയപ്പോള്‍ വാനരസേനയിലെ കുരങ്ങന്മാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ എത്തി. അങ്ങനെയാണ് രാമസേതു നിര്‍മ്മിച്ചതും ഭഗവാന്‍ രാമന് ലങ്കയില്‍ എത്താന്‍ കഴിഞ്ഞതും. അതിനുശേഷം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ചര്‍ക്കയും പഞ്ഞിയും ഉപയോഗിച്ച് സ്വാതന്ത്രത്തിന്റെ നൂല്‍ നൂല്‍ക്കുന്നതിന് തന്റെ നാട്ടുകാരെ ശാക്തീകരിച്ചു. 
ഒരുമയുടെ ശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ആരും വലിയവരോ ചെറിയവരോ അല്ല. മാറ്റത്തിന്റെ മൂലശക്തിയായി തീര്‍ന്ന അണ്ണാറക്കണ്ണന്റെ കഥ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഈ 125 കോടി ജനങ്ങളില്‍ ആരും വലിവരും ചെറിയവരുമല്ലെന്ന് നാം മനസിലാക്കണം-എല്ലാവരും സമന്‍മാരാണ്.
എവിടെയുള്ളവരായിക്കോട്ടെ പുതിയ ഊര്‍ജ്ജവും നിശ്ചയദാര്‍ഡ്യവും കരുത്തുമായി നാം മുന്നോട്ടുപോയാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ 2022ല്‍ നമുക്ക് ഈ യോജിച്ച ശക്തിയിലൂടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയും. സുരക്ഷിതവും സമ്പല്‍ സമൃദ്ധവും ശക്തവുമായ ഒരു നവ ഇന്ത്യയായിരിക്കും അത്. എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ആഗോളതലത്തില്‍ രാജ്യത്തിന് പ്രഭയുണ്ടാക്കുന്നവിധം പുതിയ സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന ഒരു നവ ഇന്ത്യ.
നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ നമ്മുടെ മനോവികാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. നമുക്ക് നല്ലപോലെ അറിയാം സ്വാതന്ത്ര്യസമരക്കാലത്ത്, അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു അദ്ധ്യാപകനും നിലം ഉഴുതുമറിക്കുന്ന ഒരു കര്‍ഷകനും പണിയെടുക്കുന്ന ഒരു തൊഴിലാളിയ്ക്കുമൊക്കെ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സംഭാവനയാണെന്ന് അവരുടെ ഉള്ളിന്റെ ഉള്ളില്‍ അറിയാമയിരുന്നു എന്നത്. ഈ ആശയം കരുത്തിന്റെ മഹനീയമായ സ്രോതസാണ്. ഒരു കുടുംബത്തില്‍ എല്ലാ ദിവസവും ആഹാരം ഉണ്ടാക്കാറുണ്ട്. എന്നാല്‍ അത് ഏതെങ്കിലുമൊരു ദേവതയ്ക്ക് നല്‍കുമ്പോഴാണ് പ്രസാദമാകുന്നത്.
നാമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് നമ്മുടെ ഭാരതമാതാവിന്റെ ശോഭയ്ക്ക് വേണ്ടിയെന്നോ, അല്ലെങ്കില്‍ ഭാരതാംബയുടെ ദിവ്യത്തത്തിന് വേണ്ടിയെന്നോയുള്ള ചേതനയുടെ അടിസ്ഥാനത്തിലായാല്‍ നമുക്ക് മുന്നേറാനാകും. നമ്മുടെ നാട്ടുകാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍, നമ്മുടെ സാമൂഹിക ഊടും പാവും നേരെ നെയ്യാനായി, രാജ്യത്തോടുള്ള സഹജാവബോധത്തോടെ , രാജ്യത്തോടുള്ള ആദരവോടെ, രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ടൊക്കെ നമ്മുടെ കടമകള്‍ നിറവേറ്റിയാല്‍ നമ്മുടെ നേട്ടം വലുതായിരിക്കും. അതുകൊണ്ടാണ് ഈ ഉത്സാഹവുമായി നാം മുന്നോട്ടുപോകേണ്ടത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വച്ച് കൃഷ്ണനോട് അര്‍ജ്ജുനന്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നീ എന്താണോ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും അതേ നിനക്ക് നേടാനാകൂവെന്നായിരുന്നു അതിന് കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ മറുപടി. കൂടുതല്‍ ശോഭനമായ ഒരു ഇന്ത്യ എന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്. നമ്മള്‍, ഒരു പ്രതീക്ഷയുമില്ലാതെ വളര്‍ന്നവരും നിരാശയുടെ വികാരം ഉപേക്ഷിച്ചിട്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം.

'നടന്നുകൊള്ളും'(ചല്‍ത്താഹൈ) എന്ന നിലപാട് മാറ്റണം. 'മാറ്റാന്‍ കഴിയും'(ബദല്‍ സക്താഹേ) എന്ന് നാം ചിന്തിക്കണം. ഒരു രാജ്യം എന്ന നിലയില്‍ ഈ നിലപാട് നമ്മെ സഹായിക്കും. ത്യാഗവും കഠിനപ്രയ്തനവും എന്തെങ്കിലും ചെയ്യാനാകുമെന്ന നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അതിന് വേണ്ട വിഭവങ്ങളും കഴിവും നമുക്ക് ലഭിക്കുമെന്നും അതിലൂടെ വലിയ പരിവര്‍ത്തനമുണ്ടാക്കാനാകുമെന്നും നമ്മുടെ നിശ്ചയദാര്‍ഡ്യങ്ങളെ നേട്ടങ്ങളാക്കി മാറ്റന്‍ കഴിയുമെന്നുമുള്ള വിശ്വാസം നമുക്കുണ്ടാകണം.
സഹോദരി സഹോദരന്മാരേ, 
നമ്മുടെ ദേശവാസികള്‍ സുരക്ഷയേയും സംരക്ഷണത്തേയും കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ രാജ്യം, നമ്മുടെ സൈന്യം, നമ്മുടെ ധീരന്മാര്‍, നമ്മുടെ സൈനീകവിഭാഗങ്ങള്‍, അത് ഏതുമായിക്കോട്ടെ, കരസേന മാത്രമല്ല, വ്യോമസേനയോ, നാവീകസേനയോ ഏതോ ആയിക്കോട്ടെ എല്ലാ സൈനിക-സുരക്ഷാവിഭാഗങ്ങളെയും എപ്പോഴൊക്കെയാണോ നാം വിളിക്കുന്നത്, അപ്പോഴൊക്കെ അവര്‍ അവരുടെ ധീരതയും കരുത്തും കാണിക്കാറുണ്ട്. നമ്മുടെ ധീരന്മാര്‍ ഏറ്റവും പരമമായ ത്യാഗത്തില്‍നിന്നുപോലും ഒരിക്കലും പിന്‍തിരിഞ്ഞിട്ടില്ല. അത് ഇടതു തീവ്രവാദമായിക്കോട്ടെ, ഭീകരവാദമായിക്കോട്ടെ, നുഴഞ്ഞുകയറ്റക്കാരായിക്കോട്ടെ, നമ്മുടെ രാജ്യത്തിനുള്ളില്‍ തന്നെ രൂപപ്പെടുന്ന ശക്തികളായിക്കോട്ടെ- നമ്മുടെ സേനകള്‍ പരമമായ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. നമ്മള്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ ലോകം നമ്മുടെ കഴിവും ശക്തിയും അംഗീകരിക്കുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ത്യയുടെ സുരക്ഷയ്ക്കാണ് നമ്മള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത്. തീരപ്രദേശങ്ങളിലായിക്കോട്ടെ, അതിര്‍ത്തികളിലാകട്ടെ അല്ലെങ്കില്‍ ബഹിരാകാശത്തോ, സൈബര്‍ ലോകത്തോ ആകട്ടെ, എവിടെയായാലും നമ്മുടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന് എതിരെയുള്ള ഏത് ഭീഷണിയേയും നേരിടുന്നതിനും ഇന്ത്യ ശക്തമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
രാജ്യത്തേയും പാവപ്പെട്ടവരേയും കൊള്ളയടിച്ചവര്‍ക്ക് ഇന്ന് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. ഇതു വഴി കഠിനാദ്ധ്വാനികളും സത്യസന്ധരുമായ ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ്. സത്യസന്ധനായ ഒരു മനുഷ്യന് ഇന്ന് തന്റെ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന വിശ്വാസമുണ്ട്. ഇന്ന് സത്യസന്ധതയുടെ ആഘോഷത്തിലാണ് നാം, അവിടെ വിശ്വാസ വഞ്ചനക്ക് സ്ഥാനമില്ല. ഇത് നമുക്ക് പ്രതീക്ഷനല്‍കുന്നതാണ്.
ബിനാമി സ്വത്തവകാശ നിയമം കുറേക്കാലമായി തീരുമാനമെടുക്കാതെ അനിശ്ചിതത്വത്തില്‍ കിടക്കുകയായിരുന്നു. ഇന്ന് നമ്മള്‍ ബിനാമി സ്വത്തുകള്‍ക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ ചെറിയകാലയളവുകൊണ്ടുതന്നെ ഏകദേശം 800 കോടിയിലേറെ ബിനാമി സ്വത്തുകള്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിക്കഴിഞ്ഞു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഈ രാജ്യം സത്യസന്ധരുടേതാണെന്ന വിശ്വാസം സാധാരണക്കാരില്‍ വര്‍ദ്ധിക്കുന്നു.
നമ്മുടെ സൈനികരുടെ ഒരു റാങ്ക്-ഒരു പെന്‍ഷന്‍ പദ്ധതി കഴിഞ്ഞ 30-40 വര്‍ഷമായി തടസപ്പെട്ടുകിടക്കുകയായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് അത് നടപ്പാക്കി. നാം നമ്മുടെ സൈനികരുടെ ആശയും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുമ്പോള്‍ അവരുടെ ആത്മവീര്യം കുതിച്ചുയരുകയും രാജ്യം സംരക്ഷിക്കുന്നതിനുള്ള നിശ്ചയദാര്‍ഡ്യം പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
രാജ്യത്ത് നിരവധി സംസ്ഥാന ഗവണ്‍മെന്റുകളും ഒരു കേന്ദ്ര ഗവണ്‍മെന്റുമുണ്ട്. സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയാണ് ജി.എസ്.ടി കാണിച്ചുതരുന്നത്. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിന് അത് പുതിയ കരുത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ജി.എസ്.ടിയുടെ വിജയം നമുക്ക് അത് വിജയിപ്പിക്കാനായി നടത്തിയ കഠിനശ്രമങ്ങള്‍ക്ക് നമുക്ക് ചാര്‍ത്തിക്കൊടുക്കാം. സാങ്കേതികവിദ്യ അതിനെ ഒരു വിസ്മയമാക്കി. ജി.എസ്.ടി ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് എങ്ങനെ നടപ്പാക്കാനായി എന്നത് ലോകരാജ്യങ്ങള്‍ ആശ്ചര്യത്തോടെയാണ് നോക്കുന്നത്. അത് നമ്മുടെ കാര്യശേഷിയുടെ പ്രതിഫലനവും ഭാവി തലമുറകള്‍ക്ക് ആത്മവിശ്വാസവും ആത്മശെധര്യവും പകര്‍ന്നുകൊടുക്കുന്നതുമാണ്. 
പുതിയ സംവിധാനങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇരട്ടി വേഗതയിലാണ് ഇന്ന് പാതകള്‍ നിര്‍മ്മിക്കുന്നത്. റെയില്‍പാതകളും ഇരട്ടി വേഗതയിലാണ് നിര്‍മ്മിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷവും അന്ധകാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന പതിനാലായിരം ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്‍കി. 29 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറന്നു, 9 കോടിയില്‍ അധികം കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചു. രണ്ടു കോടിയിലേറെ അമ്മമാരും സഹോദരിമാരും വിറക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇപ്പോള്‍ പാചകവാതകം ഉപയോഗിക്കുന്നു. പാവപ്പെട്ട ഗ്രോത്രവിഭാഗങ്ങള്‍ക്ക് സംവിധാനത്തില്‍ വിശ്വാസം വന്നു. വികസനത്തിന്റെ ഏറ്റവും ഒടുവിലായിരുന്നവരെ ഇപ്പോള്‍ മുഖ്യധാരയില്‍ എത്തിച്ച് രാജ്യം മുന്നോട്ടുള്ള പ്രയാണം തുടരുകയാാണ്.
യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് എട്ടുകോടിയിലേറെ വായ്പകള്‍ ജാമ്യമില്ലാതെ നല്‍കിക്കഴിഞ്ഞു. ബാങ്കുകളുടെ പലിശനിരക്കുകള്‍ കുറച്ചു. നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കി. ഇടത്തരം വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വീടുവയ്ക്കണമെന്നുണ്ടെങ്കില്‍ കുറഞ്ഞപലിശനിരക്കില്‍ അവര്‍ക്ക് വായ്പ ലഭിക്കും. ഇത്തരത്തില്‍ രാജ്യം മുന്നോട്ടുപോകുകയാണ്, ജനങ്ങള്‍ ഈ പ്രയാണത്തില്‍ ഒന്നിച്ച് അണിനിരക്കുകയും ചെയ്യുന്നു.
സമയം മാറി, എന്തൊക്കെ പറഞ്ഞുവോ അതൊക്കെ ചെയ്യുന്നതിന് ഗവണ്‍മെന്റ് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. നിയമനങ്ങളില്‍ അഭിമുഖം ഒഴിവാക്കിയതുപോലെ.
തൊഴില്‍മേഖലയില്‍ ഒരു ചെറുകിട വ്യാപാരിപോലും 50-60 ഫോമുകള്‍ പൂരിപ്പിച്ചുനല്‍കേണ്ടിയിരുന്നതിനെ നമ്മള്‍ 5-6 ആക്കി കുറച്ചു. ഇത്തരത്തിലുള്ള മികച്ച ഭരണത്തിന്റെയും ഭരണനടപടികള്‍ ലഘൂകരിച്ചതിന്റെയും നിരവധി ഉദാഹരണങ്ങള്‍ എനിക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും. തീരുമാനങ്ങള്‍ വേഗത്തിലെടുക്കുകയെന്നതിലൂടെ ഇത് ഞങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. അതുകൊണ്ടാണ് 125 കോടി രാജ്യവാസികള്‍ക്കും ഗവണ്‍മെന്റില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്നത്.
പ്രിയപ്പെട്ട ദേശവാസികളേ,
ആഗോളതലത്തില്‍ തന്നെ ഇന്ത്യ ഇപ്പോള്‍ വലിയ ഉന്നതിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നാം ഒറ്റയ്ക്കല്ലെന്നത് നിങ്ങള്‍ക്ക് വലിയ സന്തോഷം തരുന്ന കാര്യമായിരിക്കും. പല രാജ്യങ്ങളും സക്രിയമായി നമ്മെ പിന്തുണയ്ക്കുന്നുണ്ട്.
ഹവാലയായിക്കോട്ടെ, അല്ലെങ്കില്‍ ഭീകരവാദത്തിന് സഹായകരമാകുന്ന മറ്റെന്തെങ്കിലുമായിക്കോട്ടെ ആഗോളസമൂഹം വിവരങ്ങള്‍ നല്‍കി നമ്മെ സഹായിക്കുന്നുണ്ട്. ഭീകരവാദത്തിനെതിരായി മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തപോരാട്ടമാണ് നാം നടത്തുന്നത്. നമ്മുടെ സാമര്‍ത്ഥ്യത്തെ അംഗീകരിക്കുകയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒപ്പം നില്‍ക്കുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
ജമ്മു കാഷ്മീരിന്റെ വികസനത്തിനും അതിന്റെ സമ്പല്‍ സമൃദ്ധിക്കും അവിടുത്തെ പൗരന്മാരുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി ജമ്മുകാഷ്മീര്‍ ഗവണ്‍മെന്റ് മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. മുമ്പത്തെ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതിനും ഒരിക്കല്‍ സ്വര്‍ഗമായിരുന്ന അത് വീണ്ടും അനുഭവവേദ്യമാക്കുന്നതിനും ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്.
കാഷ്മീരിനെക്കുറിച്ച് പ്രസംഗങ്ങളുമുണ്ട് രാഷ്ട്രീയവുമുണ്ട്. എന്നാല്‍ കൈപ്പിടിയിലൊതുങ്ങുന്ന ആളുകളില്‍ വ്യാപിച്ചിരിക്കുന്ന വിഘടനവാദത്തിനെതിരായ പോരാട്ടത്തില്‍ എങ്ങനെയും വിജയിക്കുമെന്നതില്‍ എനിക്ക് വ്യക്തമായ വിശ്വാസമുണ്ട്.
അധിക്ഷേപം കൊണ്ടോ, വെടിയുണ്ടകള്‍ കൊണ്ടോ ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. കാഷ്മീരികളെ ആശ്ലേഷണം ചെയ്തുകൊണ്ടു മാത്രമേ അതിന് പരിഹാരം കാണാനാകൂ. അതാണ് 125 കോടി ഇന്ത്യാക്കാരുടെയും പാരമ്പര്യം. അതിനാല്‍ അധിക്ഷേപത്തിലൂടേയോ, വെടിയുണ്ടകളിലൂടേയോയല്ല, ആലിംഗനങ്ങളിലൂടെ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ. ഇത് പരിഹരിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തോടെ നാം മുന്നോട്ടുപോകുകയാണ്.
ഭീകരവാദത്തിനെതിരെ നാം കടുത്ത നടപടികള്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഭീകരവാദത്തോടും ഭീകരവാദികളോടും മൃദുസമീപനം എന്നൊരു ചോദ്യമേയില്ല. തീവ്രവാദികളോട് മുഖ്യധാരയില്‍ വരാനാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യം എല്ലാ അവസരങ്ങളും അവകാശങ്ങളും നല്‍കുന്നുമുണ്ട്. മുഖ്യധാരയിലാണെങ്കില്‍ മാത്രമേ അതിനെ കൂടുതല്‍ ചൈതന്യവത്താക്കാനാകുകയുള്ളു.
ഇടതുപക്ഷ തീവ്രവാദത്തിനെ തടയുന്നതില്‍ നമ്മുടെ സുരക്ഷാസേനകള്‍ വഹിക്കുന്ന പങ്കിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ മേഖലകളിലുള്ള നിരവധി യുവജനങ്ങളെ അത് കീഴടങ്ങുന്നതിനും മുഖ്യധാരയുമായി യോജിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തികളില്‍ സുരക്ഷാ സേനകള്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ധീരതയ്ക്കുള്ള അവാര്‍ഡ് ജേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു വെബ്‌സൈറ്റ് ഇന്ന് ഉദ്ഘാടനംചെയ്യുന്നുവെന്നത് നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. രാജ്യത്തിന് അഭിമാനം നേടിത്തന്ന ഈ ധീരന്മാരെക്കുറിച്ചുള്ള സമ്പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു പോര്‍ട്ടലിനും ഇതോടൊപ്പം തുടക്കം കുറിയ്ക്കുന്നുണ്ട്. അവരുടെ ത്യാഗത്തിന്റെ കഥകള്‍ വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.

 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ, നാം രാജ്യത്ത് സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. കള്ളപ്പണത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം തുടരും; അഴിമതിക്കെതിരെയുള്ള നമ്മുടെ പോരാട്ടം തുടരും. സാങ്കേതിക വിദ്യയുടെ ഇടപെടലോടു കൂടി, നാം പതിയെ ആധാറിനെ സംവിധാനവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധാനത്തില്‍ സുതാര്യത നിവേശിപ്പിക്കുന്നതില്‍ നാം വിജയിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ മാതൃകയെ അഭിനന്ദിക്കുകയും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയുമാണ്. 
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരന് ഇപ്പോള്‍ അവന്റെ ഉത്പന്നങ്ങള്‍ ഗവണ്‍മെന്റിന് വിതരണം ചെയ്യാന്‍ സാധിക്കും. അവന് മധ്യവര്‍ത്തികളുടെ ആവശ്യമില്ല. 'ജിഇഎം' എന്നൊരു പോര്‍ട്ടലിന് നാം തുടക്കം കുറിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഈ പോര്‍ട്ടലിലൂടെയാണ് സംഭരണം നടത്തുന്നത്. വിവിധ തലങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതില്‍ നാം വിജയിച്ചിരിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,
ഗവണ്‍മെന്റ് പദ്ധതികളുടെ നടത്തിപ്പിന് ഗതിവേഗം കൂടിയിരിക്കുകയാണ്. ഒരു ജോലി വൈകുമ്പോള്‍, ആ പദ്ധതി മാത്രമല്ല വൈകുന്നത്. അത് പണച്ചെലവിന്റെ കാര്യം മാത്രമല്ല. ഒരു പ്രവൃത്തി തടസ്സപ്പെടുമ്പോള്‍, പാവപ്പെട്ട കുടുംബങ്ങളാണ് ഏറ്റവുമധികം ക്ലേശിക്കുന്നത്. 
നമുക്ക് വേണമെങ്കില്‍ 9 മാസം കൊണ്ട് ചൊവ്വാ ഗ്രഹത്തിലെത്താം; നാം അത് കൈവരിക്കുന്നതിന് പ്രാപ്തരാണ്. 
ഞാന്‍ എല്ലാ മാസവും ഗവണ്‍മെന്റ് പദ്ധതികള്‍ അവലോകനം ചെയ്യാറുണ്ട്. ഒരു പ്രത്യേക പദ്ധതി എന്റെ ശ്രദ്ധയില്‍പെടുകയുണ്ടായി. അതൊരു 42 വര്‍ഷം പഴക്കമുള്ള പദ്ധതിയാണ്. 70-72 കിലോമീറ്ററുകളില്‍ റെയില്‍വേ ലൈനുകള്‍ ഇടുന്നതിനുള്ള ആ പദ്ധതി, കഴിഞ്ഞ 42 വര്‍ഷമായി അനിശ്ചിതത്വത്തില്‍ കിടക്കുകയാണ്.

എന്റെ സഹോദരീ, സഹോദരന്മാരേ,

9 മാസത്തിനകം ചൊവ്വാ ഗ്രഹത്തിലെത്താന്‍ പ്രാപ്തരായ ഒരു രാജ്യത്തിന് എങ്ങനെയാണ് 70-72 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ 42 നീണ്ട വര്‍ഷങ്ങളായി ഇടാന്‍ സാധിക്കാതിരുന്നത്. അത് പാവപ്പെട്ടവരുടെ മനസ്സില്‍ സംശയങ്ങള്‍ ഉണര്‍ത്തുന്നു. നാം ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തു. സാങ്കേതികവിദ്യയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭൗമസാങ്കേതിക വിദ്യയോ, ബഹിരാകാശ സാങ്കേതിക വിദ്യയോ ആവട്ടെ, നാം ഈ സാങ്കേതിക വിദ്യകളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിച്ചു.

യൂറിയക്കും മണ്ണെണ്ണയ്ക്കും വേണ്ടി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന ഒരു കാലം നിങ്ങള്‍ കണ്ടിട്ടുണ്ടാവണം. കേന്ദ്രത്തെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെയും, അതേ സമയം സംസ്ഥാനത്തെ ഒരു ഇളയ സഹോദരനെ പോലെയുമായിരുന്നു കണക്കാക്കിയിരുന്നത്. ഞാന്‍ കുറേക്കാലം മുഖ്യമന്ത്രിയായിരുന്നു, അതിനാല്‍ രാജ്യത്തിന്റെ വികസനത്തില്‍ സംസ്ഥാനങ്ങളുടെ പ്രാധാന്യം എനിക്കറിയാം. മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും പ്രാധാന്യത്തെ കുറിച്ചും എനിക്കറിയാം. അതിനാല്‍, ഞങ്ങള്‍ സഹകരണ ഫെഡറലിസത്തിന് ഊന്നല്‍ നല്‍കി. ഇപ്പോള്‍ നാം ഒരു മത്സരാത്മക സഹകരണ ഫെഡറലിസത്തിലേക്ക് മുന്നേറുകയാണ്. നാം തീരുമാനങ്ങളെല്ലാം ഒത്തൊരുമിച്ച് കൈക്കൊള്ളുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവണം.

നമ്മുടെ പ്രധാനമന്ത്രിമാരിലൊരാള്‍ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്നുള്ള തന്റെ പ്രഭാഷണത്തില്‍ രാജ്യത്തെ ഊര്‍ജ്ജ വിതരണ കമ്പനികളുടെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അദ്ദേഹം ആ വിഷയത്തിലുള്ള തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഉദയ് യോജന വഴി, ആ ഊര്‍ജ്ജ കമ്പനികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. അത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഫെഡറലിസത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ജിഎസ്റ്റിയോ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയോ ആകട്ടെ, സ്വച്ഛഭാരത് അഭിയാനോ ശൗചാലയങ്ങളുടെ നിര്‍മ്മാണമോ ആകട്ടെ, അല്ലെങ്കില്‍ വ്യവസായം ചെയ്യുന്നതിനുള്ള സൗകര്യമാകട്ടെ, ഇവയെല്ലാം കൈവരിച്ചത് സംസ്ഥാനങ്ങളുമായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെയാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,

നവ ഇന്ത്യയില്‍, ഏറ്റവും വലിയ ശക്തി ജനാധിപത്യമാണ്. പക്ഷേ നാം നമ്മുടെ ജനാധിപത്യത്തെ വെറും ബാലറ്റ് പെട്ടികളാക്കി തരം താഴ്ത്തിയിരിക്കുന്നു. എന്നാല്‍, ജനാധിപത്യം ബാലറ്റ് പെട്ടികളിലേക്ക് മാത്രം ഒതുക്കി കളയരുത്. അതിനാല്‍ ജനങ്ങളെ മുന്നോട്ട് ആട്ടിത്തെളിക്കുന്ന സംവിധാനമല്ല, മറിച്ച് ജനങ്ങള്‍ മുന്നോട്ട് തെളിക്കുന്ന സംവിധാനമുള്ള ഒരു ജനാധിപത്യം നവ ഇന്ത്യയില്‍ വന്നു കാണുകയാണ് ഞങ്ങളുടെ സങ്കല്‍പം. അത്തരമൊരു ജനാധിപത്യമാകണം നവ ഇന്ത്യയുടെ മുഖമുദ്ര, ആ ദിശയിലേക്ക് മുന്നേറാനാണ് ഞങ്ങളുടെ ആഗ്രഹം. 
''സ്വരാജ്യം എന്റെ ജന്മാവകാശമാണെന്ന് '' ലോകമാന്യതിലക് ജീ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍, ''സദ്ഭരണം എന്റെ ജന്മാവകാശമാണ് '' എന്നതാകണം നമ്മുടെ മന്ത്രം. സുരാജ അഥവാ സദ് ഭരണം നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാകണം. പൗരന്മാര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുകയും, ഗവണ്‍മെന്റ് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണം.

നാം സ്വരാജില്‍ നിന്ന് സുരാജയിലേക്ക് നീങ്ങുമ്പോള്‍, പൗരന്മാര്‍ പിന്നിലായി പോകാന്‍ പാടില്ല. ഉദാഹരണത്തിന്, വാതക സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാന്‍ ഞാന്‍ രാജ്യവാസികളോട് ആഹ്വാനം ചെയ്തപ്പോള്‍, രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഞാന്‍ ശുചിത്വത്തെ കുറിച്ച് സംസാരിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനങ്ങളും ഈ ശുചിത്വ യജ്ഞം മുന്നോട്ട് കൊണ്ട് പോകാന്‍ കൈകോര്‍ക്കുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, ലോകമെങ്ങും ആശ്ചര്യപ്പെടുകയുണ്ടായി. ഇത് മോദിയുടെ അവസാനമാണെന്ന് ജനങ്ങള്‍ കരുതി. പക്ഷേ, 125 കോടി രാജ്യവാസികള്‍ കാണിച്ച ക്ഷമയും വിശ്വാസവും മൂലം അഴിമതിക്കെതിരെയുള്ള നമ്മുടെ യജ്ഞത്തില്‍ ഒന്നിനു പിറകെ ഒന്നായി നമുക്ക് നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചു. 
ജനപങ്കാളിത്തമെന്ന പുതിയ ശീലം കൊണ്ട്, ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നമ്മുടെ പരിശ്രമം നമ്മെ നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 
ലാല്‍ ബഹദൂര്‍ ശാസ്ത്രി നമുക്ക് 'ജയ് ജവാന്‍, ജയ് കിസാന്‍' മുദ്രാവാക്യം നല്‍കി. നമ്മുടെ കര്‍ഷകര്‍ അന്നു മുതല്‍ പിന്തിരിഞ്ഞു നോക്കിയിട്ടില്ല. അവരിപ്പോള്‍ റെക്കോര്‍ഡ് വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുയും, പ്രകൃതി വിപത്തുകള്‍ക്കിടയിലും പുതിയ ഉയരങ്ങള്‍ താണ്ടുകയും ചെയ്യുന്നു. ഈ വര്‍ഷവും പയര്‍ വര്‍ഗ്ഗങ്ങളുടെ റെക്കോര്‍ഡ് ഉത്പാദനമുണ്ടായി.

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

ഇന്ത്യയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്ത പാരമ്പര്യമില്ല, ഇനി അപൂര്‍വം ഘട്ടങ്ങളില്‍ ചെയ്യേണ്ടി വന്നപ്പോള്‍ തന്നെ കുറച്ച് ആയിരം ടണ്ണുകള്‍ മാത്രമായിരുന്നു അത്. ഈ വര്‍ഷം അവര്‍ പാവപ്പെട്ടവര്‍ക്ക് പോഷണമേകുന്നതിന് 16 ലക്ഷം ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിച്ചപ്പോള്‍, ഗവണ്‍മെന്റ് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് അവ വാങ്ങുകയെന്ന ചരിത്രപരമായ നടപടിയെടുത്തു. 
പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന നമ്മുടെ കര്‍ഷകര്‍ക്ക് ഒരു സുരക്ഷാ കവചം നല്‍കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മറ്റൊരു പേരില്‍ നടപ്പാക്കിയിരുന്ന ഈ പദ്ധതി, 3.25 കോടി കര്‍ഷകരെ മാത്രമാണ് ഭാഗമാക്കിയിരുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷമെന്ന വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ത്തന്നെ കൂടുതല്‍ കര്‍ഷകരെ അതിനുള്ളിലേക്ക് കൊണ്ടു വരാനായി. കര്‍ഷകരുടെ എണ്ണം ഉടനെതന്നെ 5.75 കോടി കടക്കും. 
പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി യോജന കര്‍ഷകരുടെ ജലത്തിനായുള്ള ആവശ്യം നിറവേറ്റുന്നത് ലക്ഷ്യമിടുന്നു. കര്‍ഷകര്‍ക്ക് ജലം ലഭിച്ചാല്‍, അവരുടെ പാടങ്ങളില്‍ നിന്നും മികച്ച വിളവ് ഉണ്ടാക്കിയെടുക്കാം. അതിനാലാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്നും ഞാന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. അവയില്‍, 21 പദ്ധതികള്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു, 50 എണ്ണം ഉടന്‍ പൂര്‍ത്തിയാക്കും. 99 ബൃഹത്തായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. 2019 നു മുന്‍പ് ഈ 99 ബൃഹത്തായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ, നാം നമ്മുടെ പ്രതിബദ്ധത നിറവേറ്റും. വിത്ത് സംഭരണം മുതല്‍ അവരുടെ ഉത്പന്നം വിപണിയില്‍ എത്തിയെന്ന് ഉറപ്പാക്കും വരെ അവരെ കൈപിടിച്ചു നടത്താതെ നമുക്ക് നമ്മുടെ കര്‍ഷകരുടെ ഭാഗധേയം മാറ്റാനാവില്ല. അതിനായി നമുക്ക് അടിസ്ഥാന സൗകര്യങ്ങളും, വിതരണ ശൃംഖലയും ആവശ്യമാണ്. വര്‍ഷം തോറും, ലക്ഷക്കണക്കിന് കോടി രൂപ വില വരുന്ന പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും പാഴായിപ്പോകുന്നു. ഈ സാഹചര്യം മാറ്റിയെടുക്കാന്‍, ഗവണ്‍മെന്റ് ഭക്ഷ്യ സംസ്‌കരണ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. അടിസ്ഥാനസൗകര്യ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി കിസാന്‍ സംപാദ യോജന ആരംഭിച്ചു. ഇതിലൂടെ, വിത്ത് വിതരണം മുതല്‍ അവന്റെ ഉത്പന്നത്തിന്റെ വിപണനം വരെ കര്‍ഷകരെ കൈപിടിച്ച് നടത്തുന്നത് ഉറപ്പാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കേണ്ടതാണ്. ഈ സംവിധാനം കോടിക്കണക്കിന് കര്‍ഷകരുടെ ജീവിതത്തില്‍ പുതിയതരം മാറ്റം സാധ്യമാക്കും.
ആവശ്യകതയിലും, സാങ്കേതികവിദ്യയിലുമുണ്ടായ മാറ്റത്തിനനുസരിച്ച്, നമ്മുടെ രാജ്യത്തെ തൊഴിലുകളുടെ പ്രകൃതം മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായുള്ള വിവിധ സംരംഭങ്ങളും, 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്കനുസൃതമായി മാനവ വിഭവ വികസനം പ്രദാനം ചെയ്യുന്ന തരം പരിശീലനങ്ങളും ഗവണ്‍മെന്റ് പുതിയതായി ആരംഭിച്ചു. യുവജനങ്ങള്‍ക്ക് സമാന്തരമായി സൗജന്യ വായ്പകള്‍ നല്‍കുന്ന വലിയ പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. നമ്മുടെ യുവാക്കള്‍ സ്വതന്ത്രരാകണം, അവന് തൊഴില്‍ ലഭിക്കണം, അവന്‍ തൊഴില്‍ദാതാവായി മാറണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, പ്രധാന്‍മന്ത്രി മുദ്ര യോജന ദശലക്ഷക്കണക്കിന് യുവാക്കളെ സ്വാശ്രയശീലരാക്കി. അതു മാത്രമല്ല, ഒരു യുവാവ് ഒന്നോ, രണ്ടോ, മൂന്നോ ആളുകള്‍ക്ക് തൊഴിലും നല്‍കുന്നു. 
സര്‍വ്വകലാശാലകള്‍ക്ക് നിയന്ത്രണത്തില്‍ നിന്നും മോചനം നല്‍കി അവയെ ലോകോത്തര നിലവാരമുള്ളവയാക്കി മാറ്റുന്നതിനായി വിദ്യാഭ്യാസ രംഗത്ത്, ഞങ്ങള്‍ മറ്റൊരു സുപ്രധാന ചുവടുവെയ്പ് നടത്തി. ഞങ്ങള്‍ 20 സര്‍വ്വകലാശാലകളോട് അവയുടെ വിധി സ്വയം നിര്‍ണ്ണയിക്കാന്‍ ആവശ്യപ്പെട്ടു. അവയുടെ പ്രവര്‍ത്തനത്തില്‍ ഗവണ്‍മെന്റ് ഇടപെടില്ല. അതിനു പുറമേ, 1,000 കോടി രൂപയുടെ ഫണ്ട് നല്‍കാനും ഗവണ്‍മെന്റ് തയ്യാറാണ്. ഞങ്ങളവരോട് അഭ്യര്‍ത്ഥിച്ചു, നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീര്‍ച്ചയായും അതിനായി മുന്നോട്ട് വരുകയും, അതിനെ വിജയകരമാക്കിത്തീര്‍ക്കുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, ആറ് ഐഐറ്റികളും, ഏഴ് പുതിയ ഐഐഎമ്മുകളും, എട്ട് പുതിയ ഐഐഐറ്റികളും ഞങ്ങള്‍ സ്ഥാപിച്ചു, വിദ്യാഭ്യാസത്തെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കാനുള്ള അടിസ്ഥാന നടപടികളും ഞങ്ങള്‍ സ്വീകരിച്ചു. 
എന്റെ അമ്മമാരേ, സഹോദരിമാരേ, കുടുംബങ്ങളിലെ സ്ത്രീകള്‍ വന്‍തോതില്‍ തൊഴില്‍ തേടുന്നു. അതിനാല്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും, രാത്രിയിലും അവര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഞങ്ങള്‍ സുപ്രധാനമായ നീക്കം നടത്തി. 
നമ്മുടെ അമ്മമാരും, സഹോദരിമാരും നമ്മളുടെ കുടുംബങ്ങളുടെ നിര്‍ണ്ണായക ഘടകമാണ്. നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അതിനാലാണ് ശമ്പളത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്ചയായി ഉയര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. 
'മുത്തലാക്ക്' മൂലം വിഷമകരമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ സഹോദരിമാരെ ആദരിക്കാന്‍, വനിതാ ശാക്തീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഞാനാഗ്രഹിക്കുന്നു. അവര്‍ക്ക് അവലംബമേതുമില്ല, 'മുത്തലാക്കിന്' ഇരയായിത്തീര്‍ന്നവര്‍ രാജ്യത്ത് വന്‍തോതിലുള്ള മുന്നേറ്റമാരംഭിച്ചു. അവര്‍ രാജ്യത്തിലെ ധിഷണാശാലികളുടെ കൂട്ടത്തില്‍പ്പെട്ടവരുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചു, രാജ്യത്തെ മാധ്യമങ്ങള്‍ അവരെ സഹായിച്ചു, 'മുത്തലാക്കിന്' എതിരായ മുന്നേറ്റം രാജ്യത്താരംഭിച്ചു. ഈ മുന്നേറ്റത്തിന് തുടക്കമിടുകയും, മുത്തലാക്കിനെതിരെ പോരാടുകയും ചെയ്യുന്ന സഹോദരിമാരെ ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു, ഈ പോരാട്ടത്തില്‍ രാഷ്ട്രം അവരെ സഹായിക്കുമെന്നെനിക്ക് ആത്മവിശ്വാസമുണ്ട്. ഈ അവകാശം നേടിയെടുക്കുന്നതിനായി ആ അമ്മമാരെയും, സഹോദരിമാരെയും രാജ്യം സഹായിക്കും. അവരെ ഇന്ത്യ പൂര്‍ണ്ണമായും പിന്തുണയ്ക്കും, സ്ത്രീശാക്തീകരണത്തിന്റെ ദിശയിലുള്ള ഈ സുപ്രധാന ചുവടുവെയ്പില്‍ അവര്‍ അന്തിമമായ വിജയം നേടും, എനിക്കതില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. 
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 
ചിലപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍, ചിലപ്പോള്‍ ക്ഷമയില്ലായ്മയുടെ പേരില്‍ ചിലര്‍ സാമൂഹികഘടനയെ നശിപ്പിക്കുന്നു. സമാധാനവും, മൈത്രിയും, ഒരുമയുമാണ് രാജ്യത്തെ നയിക്കുന്നത്. ജാതീയതയുടെയും, വര്‍ഗ്ഗീയതയുടെയും വിഷം രാജ്യത്തിന് ഗുണമേകില്ല. ഇത് ഗാന്ധിയുടെയും, ബുദ്ധന്റെയും രാഷ്ട്രമാണ്, എല്ലാവരെയും ഒപ്പം ചേര്‍ത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകണം. അത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും ഭാഗമാണ്. നമുക്കതിനെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണം, അതിനാലാണ് വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കാനാകാത്തത്. ഒരു ആശുപത്രിയിലെ ഒരു രോഗിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി കത്തിയ്ക്കുന്നതും, അപകടം സംഭവിച്ചാല്‍ വാഹനങ്ങള്‍ ചുട്ടുകരിക്കുന്നതും, ജനങ്ങള്‍ ഒരു പ്രസ്ഥാനമാരംഭിച്ചാല്‍ പൊതുമുതല്‍ കത്തിയെരിക്കുന്നതും, സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടിയാണോ? അത് 125 കോടി ഇന്ത്യക്കാരുടെ സ്വത്താണ്. ആരുടെ സാംസ്‌കാരിക പൈതൃകമാണിത്? ഇത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്, 125 കോടി ജനങ്ങളുടെ പൈതൃകമാണ്. ആരുടെ വിശ്വാസമാണിത്? ഇത് നമ്മുടെ വിശ്വാസമാണ്, 125 കോടി ജനങ്ങളുടെ വിശ്വാസമാണ്, അതിനാലാണ് വിശ്വാസത്തിന്റെ പേരിലുള്ള അക്രമത്തിന്റെ പാതയ്ക്ക് രാജ്യത്ത് വിജയം നേടാനാകാത്തത്. രാജ്യമൊരിക്കലും അതിനെ അംഗീകരിക്കില്ല. അതിനാലാണ് പണ്ടു നമ്മുടെ മുദ്രാവാക്യം ഭാരത് ഛോടോ- ഇന്ത്യ വിടുക എന്നായിരുന്നു, എന്നാല്‍ ഇന്നത്തെ മുദ്രാവാക്യം ഭാരത് ജോടോ- ഇന്ത്യ ഒന്നിച്ചു നില്‍ക്കുക എന്നാണെന്ന് എല്ലാ ദേശവാസികളോടും അപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് എല്ലാവരെയും, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനായി ഒപ്പം കൂട്ടേണ്ടതുണ്ട്.
സമ്പദ്‌സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി, നമുക്ക് ഒരു ശക്തമായ സമ്പദ് വ്യവസ്ഥയും, സന്തുലിത വികസനവും, വരും തലമുറയില്‍പ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ആവശ്യമുണ്ട്. അപ്പോള്‍ മാത്രമേ നമുക്ക് നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനാവൂ.
സഹോദരീ സഹോദരന്മാരേ, 
നാം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒട്ടേറെ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അവയില്‍ ചിലതു നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവാം; ചിലതു പെട്ടിട്ടുണ്ടാവില്ല. പക്ഷേ, ഒരു കാര്യം പ്രധാനമാണ്- നിങ്ങള്‍ വലിയ മാറ്റങ്ങളിലേക്കു കടക്കുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാവും. എന്നാല്‍, ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനശൈലി നോക്കൂ; ഒരു തീവണ്ടി ഒരു റെയില്‍വേ സ്‌റ്റേഷന്‍ കടക്കുകയും പാത മാറുകയും ചെയ്യുമ്പോള്‍ വേഗം 60ല്‍നിന്നു 30 ആയി കുറയ്ക്കണം. പാത മാറുമ്പോള്‍ തീവണ്ടിയുടെ വേഗം കുറയും. വേഗം കുറയ്ക്കാതെ രാജ്യത്തെയാകമാനം പുതിയ പാതയിലേക്കു തിരിച്ചുവിടാനാണു നാം ശ്രമിക്കുന്നത്. നാം വേഗം നിലനിര്‍ത്തിയിട്ടുണ്ട്.

ജി.എസ്.ടി. പോലുള്ള അനേകം പുതിയ നിയമങ്ങളും സംവിധാനങ്ങളും നാം കൊണ്ടുവന്നിട്ടുണ്ടാകാം, എന്നാല്‍ ദൗത്യം വിജയപ്രദമായി നടപ്പാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം മുന്നോട്ടുപോകുന്നുമുണ്ട്. 
അടിസ്ഥാനസൗകര്യത്തിനു നാം പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനു നാം വളരെയധികം പണം നിക്ഷേപിച്ചിട്ടുണ്ട്. ചെറിയ പട്ടണങ്ങളിലെ റെയില്‍വേ സ്റ്റേഷന്‍ ആധുനികവല്‍ക്കരിക്കുന്നതു മുതല്‍ വിമാനത്താവളം ഉണ്ടാക്കാനും ജലഗതാഗതവും റോഡ് ഗതാഗതവും മെച്ചപ്പെടുത്താനും ഗ്യാസ് ഗ്രിഡ് നിര്‍മിക്കാനും ജല ഗ്രിഡ് നിര്‍മിക്കാനും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല കെട്ടിപ്പടുക്കാനുമൊക്കെ പണം നീക്കിവെച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള എല്ലാ അടിസ്ഥാനസൗകര്യത്തിനും നാം ഊന്നല്‍ നല്‍കുന്നുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 
21ാം നൂറ്റാണ്ടിലേക്കു കടക്കാന്‍ ഇന്ത്യക്ക് കിഴക്കന്‍ ഇന്ത്യയുടെ പുരോഗതി അനിവാര്യമാണ്. ആ പ്രദേശത്തിനു വളരെയധികം വളര്‍ച്ചാസാധ്യതകളും ഏറെ മനുഷ്യവിഭവവും കണക്കില്ലാത്ത പ്രകൃതിസമ്പത്തും തൊഴില്‍സേനയും ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഊര്‍ജവും ഉണ്ട്. ബീഹാര്‍, ആസാം, പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിച്ചുവരികയാണ്. ഈ ഭാഗങ്ങളില്‍ ഇനിയും വളര്‍ച്ച ഉണ്ടാകണം. ഈ പ്രദേശങ്ങളില്‍ ഏറെ പ്രകൃതിസമ്പത്തുണ്ട്. രാജ്യത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ ഈ മേഖലയില്‍ അങ്ങേയറ്റത്തെ പരിശ്രമം നടക്കുന്നുമുണ്ട്.

സഹോദരീ സഹോദരന്മാരേ, 
ഇന്ത്യയെ അഴിമതിമുക്തമാക്കുക എന്നതു പ്രധാന ദൗത്യമാണ്. നാം അതിനു വേഗംകൂട്ടാന്‍ ശ്രമിച്ചുവരികയുമാണ്. ഗവണ്‍മെന്റ് രൂപീകരിച്ചശേഷം നാം ആദ്യം ചെയ്തത് ഒരു എസ്.ഐ.ടി. രൂപീകരിക്കുകയായിരുന്നു. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനപൂര്‍വം എനിക്കു നാട്ടുകാരോടു വെളിപ്പെടുത്താനുള്ളത് 1.25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടികൂടി എന്നതാണ്. കുറ്റവാളികളെ കണ്ടെത്തി അവര്‍ കീഴടങ്ങുന്ന സാഹചര്യം സൃഷ്ടിക്കും. 
ഇതിനു പിറകെയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. ഇതിലൂടെ വളരെയധികം നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഒളിച്ചുവെച്ചിരുന്ന കള്ളപ്പണം ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയിലേക്ക് ഇറക്കേണ്ട സ്ഥിതിയുണ്ടായി. റദ്ദാക്കിയ നോട്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയം ഏഴു ദിവസത്തില്‍നിന്നു 10 ദിവസത്തേക്കും 15 ദിവസത്തേക്കും നീട്ടിയതും പഴയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും മരുന്നുകടകളിലും ചിലപ്പോള്‍ റെയില്‍വേ സ്‌റ്റേഷനുകളിലുമൊക്കെ അനുവദിച്ചതും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. രാജ്യത്തുള്ള പണം മുഴുവന്‍ ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവരികയായിരുന്നു ഇതിലൂടെ ലക്ഷ്യംവെച്ചത്. ആ ശ്രമം വിജയിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വെളിവായത് ബാങ്കിങ് സംവിധാനത്തിനു പുറത്തുണ്ടായിരുന്ന മൂന്നു ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തിക്കാന്‍ നോട്ട് അസാധുവാക്കല്‍ വഴി സാധിച്ചു എന്നാണ്. 
ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതില്‍ 1.75 ലക്ഷം കോടി രൂപയെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിവരികയാണ്. കള്ളപ്പണത്തില്‍ പെടുന്ന രണ്ടു ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇതു കണക്കു ഹാജരാക്കേണ്ട സാഹചര്യം സൃഷ്ടിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും ചെയ്തു. 
ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളില്‍ ഈ വര്‍ഷം 56 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത്രയും ദിവസങ്ങളില്‍ 22 ലക്ഷം പേര്‍ മാത്രമായിരുന്നു റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയിലേറെ ആയി. കള്ളപ്പണത്തിനെതിരെ നാം കൈക്കൊണ്ട നടപടികളാണ് ഈ മാറ്റത്തിനു കാരണം. 
18 ലക്ഷത്തിലേറെ പേരുടെ വരുമാനം അവര്‍ പ്രഖ്യാപിച്ചതിലും എത്രയോ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അവര്‍ വിശദീകരണം നല്‍കണം. നാലര ലക്ഷത്തോളം പേര്‍ തെറ്റു സമ്മതിച്ചു ശരിയായ വഴിയില്‍ വ്യാപാരം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരുമാന നികുതി അടയ്ക്കുകയോ അതെന്തെന്നു കേള്‍ക്കുകയോ പോലും ചെയ്യാത്ത ഒരു ലക്ഷം പേര്‍ ഇപ്പോള്‍ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരായി. 
സഹോദരീ സഹോദരന്മാരേ, 
ഏതാനും കമ്പനികള്‍ അടച്ചുപൂട്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ നാം അവസാനമില്ലാത്ത സംവാദങ്ങളും ചര്‍ച്ചകളും നടത്താന്‍ വെമ്പല്‍ കൊള്ളുകയാണ്. സാമ്പത്തികത്തകര്‍ച്ചയും അതിനുമപ്പുറവും ഉള്ള കാര്യങ്ങള്‍ ജനങ്ങള്‍ പ്രവചിക്കുകയാണ്. 
കരിഞ്ചന്തക്കാര്‍ വ്യാജ കമ്പനികള്‍ സ്വന്തമാക്കുകയായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം. ഹവാല ഇടപാടുകള്‍ നടത്തുന്ന മൂന്നു ലക്ഷം വ്യാജ കമ്പനികള്‍ ഉണ്ടെന്നാണ് കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കൈക്കൊണ്ട ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 1.75 ലക്ഷം എണ്ണത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കി. 
അഞ്ചു കമ്പനികള്‍ പൂട്ടുന്ന സാഹചര്യമുണ്ടായാലും ഇന്ത്യയില്‍ വലിയ ബഹളം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ നാം 1.75 ലക്ഷം കമ്പനികള്‍ പൂട്ടിക്കഴിഞ്ഞു. രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ മറുപടി പറയേണ്ടിവരും. 
ഒരേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യാജ കമ്പനികള്‍ ഉണ്ട്. നാനൂറോളം കമ്പനികള്‍ക്ക് ഒരേ വിലാസമാണ് ഉള്ളതെന്നു കണ്ടെത്തിയ അനുഭവമുണ്ട്. ഇത്തരം ക്രമക്കേടുകള്‍ കാട്ടുന്നവരെ ചോദ്യംചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. രഹസ്യ കരുനീക്കങ്ങളായിരുന്നു മുഴുവനും. 
അതുകൊണ്ട്, സഹോദരീസഹോദരന്മാരേ, ഞാന്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഒരു വലിയ യുദ്ധം നടത്തി. നാം അഴിമതിക്കെതിരെ പൊരുതുകയാണ്- ഇന്ത്യയുടെ ശോഭനമായ ഭാവിക്കും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി. 
സഹോദരീ സഹോദരന്മാരേ, 
നാം ഇതിനായി പല നടപടികള്‍ സ്വീകരിച്ചുവെന്നു മാത്രമല്ല, ജി.എസ്.ടി. നടപ്പാക്കിയതു കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യും. ജി.എസ്.ടി. നടപ്പാക്കിയതോടെ ഇപ്പോള്‍ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് അയാളുടെ യാത്രാസമയം ശരാശരി 30 ശതമാനം കുറഞ്ഞുകിട്ടി. ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കിയതോടെ നൂറു കണക്കിനു കോടി രൂപ ലാഭിക്കാന്‍ സാധിക്കുന്നു. ഇതോടെ പ്രവര്‍ത്തനമികവ് 30 ശതമാനത്തോളം വര്‍ധിച്ചു. ഇന്ത്യയുടെ ഗതാഗതരംഗത്ത് 30 ശതമാനം പ്രവര്‍ത്തനമികവു ഉണ്ടായെന്നു പറഞ്ഞാല്‍ അതുകൊണ്ടുള്ള നേട്ടം നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ? ഇത്തരമൊരു വിപ്ലവകരമായ മാറ്റം സാധ്യമാക്കാന്‍ ജി.എസ്.ടിക്കു സാധിച്ചു.

പ്രിയപ്പെട്ട നാട്ടുകാരേ, 
കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ ബാങ്കുകള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിനു പണമുണ്ട്. ബാങ്കുകള്‍ പലിശനിരക്കു കുറയ്ക്കുകയാണ്. മുദ്രയിലൂടെ സാധാരണക്കാരനും ഫണ്ട് കണ്ടെത്താന്‍ സാധിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. സ്വന്തം വീട് വേണമെന്ന് ആഗ്രഹിക്കുന്ന മധ്യവര്‍ഗക്കാര്‍ക്കും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. 
പ്രിയപ്പെട്ട നാട്ടുകാരേ, 
കാലം മാറിയിരിക്കുന്നു. നാം 21ാം നൂറ്റാണ്ടിലാണു ജീവിക്കുന്നത്. ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാഷ്ട്രമെന്നു നമ്മുടെ രാജ്യം അവകാശപ്പെടുന്നു. 
വിവരസാങ്കേതിക വിദ്യയിലും ഡിജിറ്റല്‍ ലോകത്തിലും ഉള്ള കരുത്തിന് ഇന്ത്യ പ്രശസ്തമാണ്. ഇനിയും നാം പഴയ മാനസികാവസ്ഥ തുടരേണ്ടതുണ്ടോ? തുകല്‍നാണയങ്ങള്‍ നിലവിലുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ക്രമേണ അവ ഇല്ലാതായി. ഇപ്പോള്‍ നമുക്കു പേപ്പര്‍ രൂപാ നോട്ടുകള്‍ ഉണ്ട്. ക്രമേണ ഈ പേപ്പര്‍ രൂപാ നോട്ടുകള്‍ക്കു പകരം ഡിജിറ്റല്‍ പണം വരും. ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റത്തിനു നാം നേതൃത്വം നല്‍കണം. സാമ്പത്തിക ഇടപാടുകള്‍ക്കായി ഭീം ആപ് ഉപയോഗപ്പെടുത്തുകയും അതു നമ്മുടെ ധനകാര്യ ഇടപാടുകളുടെ ഭാഗമാക്കി മാറ്റുകയും വേണം. മുന്‍കൂറായി പണം അടയ്ക്കുന്ന സംവിധാനത്തിലേക്കു മാറാനും നാം തയ്യാറാകണം. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 34 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മുന്‍കൂറായി പണം അടയ്ക്കുന്ന സംവിധാനത്തില്‍ 44 ശതമാനം വളര്‍ച്ച ഉണ്ടായി. പണം കൈകാര്യം കുറയ്ക്കുന്നതു പരമിതപ്പെടുത്തുന്ന സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്താന്‍ നമുക്കു സാധിക്കണം.
പ്രിയപ്പെട്ട നാട്ടുകാരേ, സാധാരണക്കാരുടെ സമ്പാദ്യശീലം ഉറപ്പാക്കുന്നതിനായി ഉള്ളതാണു ചില ഗവണ്‍മെന്റ് പദ്ധതികള്‍. എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്കു പ്രതിവര്‍ഷം 2000 മുതല്‍ 5000 വരെ രൂപ ലാഭിക്കാം. നാം സ്വച്ഛ് ഭാരത് പദ്ധതി വിജയിപ്പിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം മരുന്നിനായി ചെലവിടേണ്ടിവരുന്ന ഏഴായിരത്തോളം രൂപ ലാഭിക്കാന്‍ ദരിദ്രര്‍ക്കു സാധിക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിച്ചതു ജനങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്. 
ജന്‍ ഔഷധി വഴി കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭിക്കുമെന്നതു ദരിദ്രര്‍ക്ക് അനുഗ്രഹം തന്നെയാണ്. ശസ്ത്രക്രിയകള്‍ക്കും സ്റ്റെന്റുകള്‍ക്കും വലിയ ചെലവു വേണ്ടിവന്നിരുന്ന സ്ഥിതി മാറി. കാല്‍മുട്ടു ശസ്ത്രക്രിയയ്ക്കും ഈ സൗകര്യം ലഭ്യമാക്കാന്‍ നാം ശ്രമിച്ചുവരികയാണ്. ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതച്ചെലവു കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ നാം കഠിനപ്രയത്‌നം നടത്തിവരികയാണ്. 
നേരത്തേ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമാണു ഡയാലിസിസ് നടത്തിയിരുന്നത്. ജില്ലാതലങ്ങൡും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ദരിദ്രര്‍ക്കു സൗജന്യമായി ഡയാലിസിസ് ചെയ്തുനല്‍കുന്ന കേന്ദ്രങ്ങള്‍ നാനൂറോളം ജില്ലകളില്‍ ആരംഭിച്ചുകഴിഞ്ഞു. 
പല അഭിമാനകരമായ നേട്ടങ്ങളും ലോകത്തിനു മുന്നില്‍ സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ജി.പി.എസ്. വഴിയുള്ള 'നാവിക് നാവിഗേഷന്‍ സംവിധാനം' നാം വികസിപ്പിച്ചെടുത്തു. സാര്‍ക്ക് ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുക വഴി അയല്‍രാജ്യങ്ങള്‍ക്കു നാം സഹായം നല്‍കി. 
തേജസ് വിമാനം പരിചയപ്പെടുത്തുകവഴി ലോകത്തിലുള്ള മേല്‍ക്കോയ്മ നാം ഉറപ്പിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഭീം ആധാര്‍ ആപ് ലോകത്തിനു തന്നെ അദ്ഭുതമായിത്തീര്‍ന്നിരിക്കുകയാണ്. രാജ്യത്ത് ഇപ്പോള്‍ കോടിക്കണക്കിനു റൂപേ കാര്‍ഡുകള്‍ ലഭ്യമാണ്. എല്ലാ കാര്‍ഡുകളും ഉപയോഗയോഗ്യമാകുന്നതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കാര്‍ഡായി റൂപേ കാര്‍ഡ് മാറും. 
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പുതിയ ഇന്ത്യ എന്ന പ്രതിജ്ഞയുമായി മുന്നേറാന്‍ നിങ്ങളോടു ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ വിശുദ്ധഗ്രന്ഥം പറയുന്നു, 'അനിയത കാലഃ അനിയത കാലഃ പ്രഭൃത്യോ വിപലവന്തേ, പ്രഭൃത്യോ വിപലവന്തേ' എന്ന്. അതിന്റെ അര്‍ഥം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ നിശ്ചിത സമയത്തിനകം ചെയ്തുതീര്‍ത്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നാണ്. അതുകൊണ്ട്, 'ടീം ഇന്ത്യ, അഥവാ രാജ്യത്തെ 125 കോടി ജനങ്ങള്‍ 2022 ആകുമ്പോഴേക്കും ലക്ഷ്യം നേടുമെന്ന പ്രതിജ്ഞയെടുക്കണം. 2022 ആകുമ്പോഴേക്കും മഹത്തായതും ഉജ്വലമായതുമായ ഇന്ത്യ സൃഷ്ടിക്കാനായുള്ള സമര്‍പ്പണഭാവത്തോടെ നാം അതു ചെയ്യും.


എല്ലാ ദരിദ്രര്‍ക്കും വൈദ്യുതിയും ജലവിതരണവും ഉള്ള, നല്ല വീടുകളുള്ള അത്തരമൊരു ഇന്ത്യ നാം ഒന്നിച്ചു പടുത്തുയര്‍ത്തും. 
കര്‍ഷകര്‍ക്കു ദുഃഖമില്ലാതെ കിടന്നുറങ്ങാവുന്ന അത്തരമൊരു ഇന്ത്യ നാം ഒന്നിച്ചു പടുത്തുയര്‍ത്തും. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇന്നത്തേതിന്റെ ഇരട്ടിയാകും. 
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി വേണ്ടത്ര അവസരങ്ങള്‍ ഉള്ള ഇന്ത്യ നാം ഒന്നിച്ചു പടുത്തുയര്‍ത്തും. 
ഭീകവാദത്തില്‍നിന്നും വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍നിന്നും മുക്തമായ ഇന്ത്യ നാം ഒരുമിച്ചു പടുത്തുയര്‍ത്തും. 
അഴിമതിയും പക്ഷപാതവുമായി ആരും സന്ധിചെയ്യാത്ത ഇന്ത്യ നാം ഒരുമിച്ചു പടുത്തുയര്‍ത്തും. 
ശുചിത്വമാര്‍ന്നതും ആരോഗ്യമാര്‍ന്നതും സദ്ഭരണത്തെക്കുറിച്ചുള്ള സ്വപ്‌നം യാഥാര്‍ഥ്യമായിത്തീരുന്നതുമായ ഇന്ത്യ നാം ഒരുമിച്ചു പടുത്തുയര്‍ത്തും. 
അതുകൊണ്ട്, പ്രിയപ്പെട്ട നാട്ടുകാരേ, വികസനത്തിലേക്കുള്ള മുന്നേറ്റത്തിനായി നാം ഒരുമിച്ചുനീങ്ങും. 
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിനായി കാത്തിരിക്കുമ്പോള്‍, പ്രതാപവും തേജസ്സും ഉള്ള ഇന്ത്യ കെട്ടിപ്പടുക്കാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമുക്ക് ഒരുമിച്ചു മുന്നേറാം. 
ഈ ചിന്ത മനസ്സില്‍വെച്ചുകൊണ്ട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ വീരനായകര്‍ക്കു മുന്നില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ശിരസ്സു കുനിക്കുന്നു. 
125 കോടി പൗരന്മാരുടെ പുതിയ ആത്മവിശ്വാസത്തിനും ആവേശനത്തിനും മുന്നില്‍ ശിരസ്സു കുനിക്കുകയും പുതിയ പ്രതിജ്ഞയുമായി മുന്നേറാന്‍ ടീം ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. 
ഈ ചിന്ത പങ്കുവെക്കുന്നതോടൊപ്പം നിങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. 
ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ജയ് ഹിന്ദ്
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ്
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, 
വന്ദേ മാതരം, വന്ദേ മാതരം, വന്ദേ മാതരം, വന്ദേ മാതരം, 
എല്ലാവര്‍ക്കും നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.