ആദരണീയനായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കര്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡജി, മന്ത്രിസഭാംഗങ്ങളെ, സഭയില്‍ ഹാജരായിട്ടുള്ള മറ്റ് എല്ലാ അംഗങ്ങളെ, വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഇവിടെ ഒന്നിച്ചുകൂടിയവരെ.
രാഷ്ട്രനിര്‍മ്മാണ യത്‌നത്തിനിടയില്‍ സാധാരണയായി നാം നൂതനാശങ്ങളുടെ ഒരു ഘട്ടത്തില്‍ എത്തിച്ചേരുകയും പുത്തന്‍ സ്വപ്‌നങ്ങള്‍ക്ക് അനുസൃതമായ അവസരങ്ങളുടെ ബാഹുല്യം അതിലൂടെ ഉണ്ടാവുകയും ചെയ്യും. ഇന്ന് അര്‍ദ്ധരാത്രിയിലെ ഈ മണിക്കൂറില്‍ നാം ഒന്നിച്ചുചേര്‍ന്ന് രാജ്യത്തിന്റെ ഭാവിയ്ക്കുള്ള മാര്‍ഗ്ഗം തെളിക്കുകയാണ്.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം നമ്മുടെ രാജ്യം ഒരു പുത്തന്‍ സാമ്പത്തിക ഭരണക്രമത്തിലേക്ക് മാറ്റപ്പെടുകയാണ്. രാജ്യത്തെ 1.25 ബില്യണ്‍ ജനങ്ങളും ഈ ചരിത്ര സംഭവത്തിന് സാക്ഷിയുമാണ്. ഈ ജി.എസ്.റ്റി പ്രക്രിയ സാമ്പത്തികരംഗത്ത്മാത്രം പരിമിതപ്പെടുത്താവുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്നത്തെ ഈ ചരിത്രപരമായ അവസരം ഇന്ത്യന്‍ ജനാധിപത്യത്തിലെ സഹകരണ ഫെഡറലിസം എന്ന ആശയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. ഈ മികവിന്റെ ദിനം സാധ്യമായത് പതിറ്റാണ്ടുകളായി നടത്തിവന്ന കഠിനമായ പ്രയത്‌നം മൂലമാണ്. നിരവധി പ്രമുഖരായ വ്യക്തികളുടെ നേതൃത്വത്തില്‍ വിവിധ ടീമുകള്‍ നടത്തിയ കഠിനപ്രയത്‌നത്തിലൂടെയാണ് ജി.എസ്.റ്റി ചട്ടക്കൂടിന് രൂപം നല്‍കാന്‍ കഴിഞ്ഞത്.
നിങ്ങള്‍ എല്ലാവരും നിങ്ങളുടെ വിലപ്പെട്ട സമയം ഈ ധന്യ മുഹൂര്‍ത്തത്തിനായി മാറ്റിവച്ചുവെന്നതില്‍ അതീവ സന്തോഷവുമുണ്ട്. ഇവിടെ കൂടിയിരിക്കുന്ന അഭിവന്ദ്യരായ എല്ലാവര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ സ്വാഗതവും നന്ദിയും പ്രകടിപ്പിക്കുന്നു.
നാം വയ്ക്കുന്ന ഈ ചുവടുവയ്പ്പ്, നാം തെരഞ്ഞെടുത്ത ദിശ, നാം വികസിപ്പിച്ചെടുത്ത സംവിധാനം ഇവയൊക്കെ ഇന്ന് വെളിച്ചം കാണുന്നത് ഒരു ടീമിന്റേയോ ഒരു ഗവണ്‍മെന്റിന്റേയോ മാത്രം പ്രയത്‌നം കൊണ്ടല്ല. എല്ലാവരും ചേര്‍ന്നുള്ള സംയുക്ത പ്രയത്‌നമാണ് നമ്മെ ഇതിലേക്ക് കൊണ്ട് എത്തിച്ചത്. ഇന്ന് ഇവിടെ നാം ഒന്നിച്ച്‌ചേര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഈ സ്മരണീയദിനം 12 മണിക്ക് വിളംബരം ചെയ്യുകയാണ്.
മഹാന്മാരായ നിരവധി ദേശീനേതാക്കളുടെ കാലടികള്‍ പതിഞ്ഞ് അനുഗ്രഹീതമായ അതേ സ്ഥലമാണ് ഇത്. നാം ഇരിക്കുന്നത് അതേ ശ്രീകോവിലിലാണ്. നമുക്ക് 1946 ഡിസംബര്‍ 9 ഈ അവസരത്തില്‍ അനുസ്മരിക്കാം. അന്നാണ് ആദ്യമായി ഈ സെന്‍ട്രല്‍ഹാളില്‍ ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് ചര്‍ച്ചചെയ്യാനുള്ള ആദ്യയോഗം നടന്നത്. ഇന്ന് ആ അഭിമാനസ്ഥലം നാം പങ്കുവയ്ക്കുകയാണ്. ഈ ഹാളിന്റെ മുന്‍നിരകളിലെല്ലാം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുള്‍ കലാം ആസാദ്, സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍, ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍, ആചാര്യ കൃപലാനി, ഡോ: രാജേന്ദ്രപ്രസാദ് തുടങ്ങിയ നമ്മുടെ ദേശീയ ബിംബങ്ങളായ നേതാക്കളാണ് ഇരുന്നിരുന്നത്.
ഇതേ സഭയിലാണ് 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രി രാജ്യം സ്വാതന്ത്ര്യമായ ഏറ്റവും വിശുദ്ധമായ സമയത്തിനും സാക്ഷ്യം വഹിച്ചത്. 1949 നവംബര്‍ 26ന് രാജ്യം ഭരണഘടന അംഗീകരിക്കുന്ന ചരിത്ര സംഭവത്തിനും ഈ സഭ സാക്ഷ്യംവഹിച്ചു.
ഒരിക്കല്‍ കൂടി ഈ സഭ ചരിത്രത്തിന്റെ ഏടുകളുടെ കാലാനുക്രമ വ്യാഖ്യാനത്തിന്റെ ഭാഗമാകുകയാണ്. ഫെഡറല്‍ ഘടനയുടെ ഏറ്റവും വലിയ കരുത്തുകളില്‍ ഒന്നായ ജി.എസ്.റ്റി പരിഷ്‌ക്കാരത്തിന് തുടക്കം കുറിയ്ക്കുന്നതിന് ഇതിനേക്കാള്‍ പരിപാവനമായ മറ്റൊരു സ്ഥലം ഉണ്ടാവില്ല.
വിശദമായ ചര്‍ച്ചകളിലൂടെയും, വാതപ്രതിവാതങ്ങളിലൂടെയും പുതിയ പന്ഥാവുകള്‍ വെട്ടിത്തുറന്നും, ചര്‍ച്ചകള്‍ വഴിവിട്ടുപോകുമ്പോള്‍ മദ്ധ്യപാത സ്വീകരിച്ചുമൊക്കെയാണ് ഇന്ത്യന്‍ ഭരണഘടന ജനിച്ചത്. രണ്ടുവര്‍ഷം പതിനൊന്നുമാസം പതിനേഴുദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ പങ്കെടുത്ത തീവ്രമായ ചര്‍ച്ചയുടെ അനന്തരഫലമായിരുന്നു അത്. അതേപോലെ ജി.എസ്.റ്റിയും വളരെക്കാലത്തെ സംസ്ഥാനങ്ങളുടെ പിന്തുണയോടെയുള്ള പൂര്‍വ്വചിന്തിമായ ചര്‍ച്ചകളുടെ ഫലമാണ്. ഇതേക്കുറിച്ച് മുന്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവരുമായി നിരന്തരമായ ചര്‍ച്ചകളാണ് നടന്നത്. രാജ്യത്തെ മികച്ച തലച്ചോറുകള്‍ ജി.എസ്.റ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് വളരെ സഹായിക്കുകയും ചെയ്തു.
ഭരണഘടനയുണ്ടാക്കിയപ്പോള്‍ അത് എല്ലാവര്‍ക്കും തുല്യ അവസരം, അവകാശം എന്നിവ ഉള്‍ക്കൊണ്ടു. അതുപോലെ വളരെ പ്രധാനപ്പെട്ടതെന്തെന്നാല്‍ ജി.എസ്.റ്റിയും സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരമാണിത്. ഇതിലൂടെ രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് അവസരവുമൊരുങ്ങും.
ജി.എസ്.റ്റിയുടെ അവതരണത്തോടെ ടീം ഇന്ത്യ അതിന്റെ സാമര്‍ത്ഥ്യവും ശുഷ്‌കാന്തിയും തെളിയിച്ചിരിക്കുകയാണ്. നിസ്സഹായര്‍ക്ക് ഏല്ലാ സൗകര്യങ്ങളും ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഈ ജി.എസ്.റ്റി കൗണ്‍സില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജി.എസ്.റ്റിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുകയും പാവപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ട സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് വേണ്ടി പ്രയത്‌നിച്ചവരേയും ഗവണ്‍മെന്റുമായി സഹകരിച്ചവരെയും ഇവിടെ അരുണ്‍ജി പരാമര്‍ശിച്ചിരുന്നു. ഈ ചരിത്രപരമായ നാഴികല്ലിലേക്ക് നയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടാകും. ഇനി അവര്‍ക്ക് എല്ലാവര്‍ക്കും തുല്യമായ വികസന സാഹചര്യം ലഭിക്കും.
നടത്തിപ്പില്‍ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തം വഹിക്കുന്ന നമ്മുടെ റെയില്‍വേ പോലെയാണ്, ജി.എസ്.റ്റിയും . പ്രാദേശികതലത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കുന്നുണ്ടെങ്കിലും അത് അറിയപ്പെടുന്നത് ” ഇന്ത്യന്‍ റെയില്‍വേ” എന്നാണ്. കേന്ദ്ര സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുകയും അവര്‍ കേന്ദ്രത്തിന്റെ വീക്ഷണം സംസ്ഥാനങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരേദിശയില്‍ ഏകീകൃതമായ പ്രയത്‌നം സംഭാവന ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംവിധാനമാണ് ജി.എസ്.റ്റി. നമുക്ക് ഈ അത്ഭുതകരമായ സംവിധാനത്തില്‍ തലമുറകളോളം അഭിമാനിക്കാം. രാജ്യത്തെ ക്രമാതീതമായ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഒരു നാഴിക്കല്ലായിരിക്കും ജി.എസ്.റ്റി.
ഇന്ന് ജി.എസ്.റ്റി കൗണ്‍സിലിന്റെ 18-ാമത് യോഗം നടന്നു, ഏതാനും നിമിഷങ്ങള്‍ക്കകം ജി.എസ്.ടി നടപ്പാകുകയും ചെയ്യും. വിശുദ്ധഗ്രന്ഥമായ ഭഗവദ്ഗീതയ്ക്കും 18 അദ്ധ്യായങ്ങളാണുള്ളതെന്നത് ആകസ്മികമാണ്. ഇന്ന് നാം വിജയകരമായി മുന്നോട്ടുപോകുകയാണ്. ഇത് ഒരു നീണ്ട പ്രക്രിയയായിരുന്നു. ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും വലിയ കഠിനപ്രയത്‌നം ഇതിന് ആവശ്യമായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് മനസില്‍ പല ചോദ്യങ്ങളുമുണ്ട്. എന്നാല്‍ ഉത്സാഹവും കഠിനപ്രയത്‌നവും ഈ ലക്ഷ്യം സാദ്ധ്യമാക്കി.
..
Chanakya had said that
तत् सर्वम् तपसा साध्यम तपोहिदुर्तिक्रमम।“
ചാണ്യക്യന്റെ വാക്കുകള്‍ ജി.എസ്.റ്റി പ്രക്രിയയുടെ ചുരുക്കമാണ്. എന്തെങ്കിലും നേടാന്‍ വളരെ ബുദ്ധിമുട്ടുണ്ടെങ്കിലും തപത്തിലൂടെയും കഠിനപ്രയത്‌നത്തിലൂടെയും അത് നേടിയെടുക്കാന്‍ കഴിയും. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്ത് 500ലധികം നാട്ടു രാജ്യങ്ങളുണ്ടായിരുന്നുവെന്നത് നമുക്ക് ചിന്തിക്കാനാകുമോ. സദാര്‍ വല്ലഭ ഭായി പട്ടേല്‍ അവയെ ഏകീകരിച്ചിരുന്നിലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഇന്ന് എന്താകുമായിരുന്നു? വിവിധ നാട്ടുരാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു പൊതു അസ്തിത്വമാക്കിയതുപോലെ ജി.എസ്.റ്റി സാമ്പത്തിക ഏകീകരണം കൊണ്ടുവരും. നമ്മുടെ 29 സംസ്ഥാനങ്ങളേയും 7 കേന്ദ്രഭരണപ്രദേശങ്ങളേയും കേന്ദ്രത്തിന്റെ 7 നികുതികളേയും സംസ്ഥാനങ്ങളുടെ 8 നികുതികളേയും വിവിധ വസ്തുക്കള്‍ക്ക് വൈവിദ്ധ്യങ്ങളായ നികുതികളെയും തുടങ്ങിയവ എല്ലാം പരിഗണിക്കുമ്പോള്‍ ഏകദേശം 500ല്‍ പരം നികുതികളാണുണ്ടായിരുന്നത്. ഇന്ന് അവയെല്ലാം ഇല്ലാതാക്കി ഗംഗാനഗര്‍ മുതല്‍ ഇറ്റാനഗര്‍ വരെയും ലേ മുതല്‍ ലക്ഷദ്വീപുവരെയും ഒരു രാഷ്ട്രം ഒരു നികുതി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.
ഈ ലോകത്ത് മനസിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ആദായനികുതിയെന്ന് ഒരിക്കല്‍ ആഗോളപ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഈ നികുതി ബാഹുല്യത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് ഞാന്‍. ഉല്‍പ്പാദനത്തിന്റെ അളവില്‍ വലിയ അസമത്വമില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നികുതി ഭരണസംവിധാനമൂലം ഇവയില്‍ അസമത്വവും നമുക്ക് കാണാന്‍ കാണാന്‍ കഴിയും. 25-30 കിലോമീറ്റര്‍ ദൂര വ്യത്യാസം മാത്രമുള്ള ഡല്‍ഹി, ഗുര്‍ഗാവ്, നോയിഡ എന്നിവിടങ്ങളില്‍പോലും ഒരേ ഉല്‍പ്പന്നത്തിന് വ്യത്യസ്ത വിലയാണ്. ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന നികുതിഭരണക്രമമാണ് ഇതിന് കാരണം. ഈ വ്യത്യസ്തമൂലം ഞാന്‍ ഡല്‍ഹിയില്‍ പോയാല്‍ ഒരു ഉല്‍പ്പന്നത്തിന് ഒരു വിലയെന്നും നോയിഡയില്‍ പോയാല്‍ മറ്റൊരുവിലയെന്നും ജനങ്ങള്‍ അത്ഭുതപ്പെടുകയാണ്.
എല്ലാവരുടെയും മനസില്‍ ആശയക്കുഴപ്പമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത സംവിധാനങ്ങളില്‍ വിദേശനിക്ഷേപകര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഇന്ന് ആ അവസ്ഥയില്‍ നിന്നും മോചനത്തിന്റെ പാതയിലാണ് നാം. ജി.എസ്.റ്റി നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ വില്‍പ്പനനികുതി, വാറ്റ് നികുതി എന്നിവയൊന്നും നിലവിലുണ്ടാവില്ലെന്ന് വളരെ വ്യക്തമായി തന്നെ അരുണ്‍ജി വിശദീകരിച്ചുകഴിഞ്ഞു. ടോള്‍പ്ലാസകളില്‍ വാഹനങ്ങളുടെ ദീര്‍ഘനേര കാത്ത്കിടപ്പിനും അവസാനമാകും. കോടിക്കണക്കിന് രൂപയുടെ ഇന്ധനമാണ് ഇതിലൂടെ നഷ്ടമായിക്കൊണ്ടിരുന്നത്. അത് പരിസ്ഥിതിക്കും നാശവുമുണ്ടാക്കും. രാജ്യമൊട്ടാകെ ഒരു നികുതിഘടനയിലേക്ക് മാറുന്നതിലൂടെ ഇന്ന് നാം അത്തരം പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചിതമാകുകയാണ്. ഇത്തരം പ്രക്രിയകള്‍ക്ക് വേണ്ടി സമയം എടുക്കുന്നതുമൂലം വേഗത്തില്‍ നശിച്ചുപോകുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് സമയത്തിന് അതിന്റെ ഉദ്ദിഷ്ടസ്ഥാനത്ത് എത്താന്‍ കഴിയാതെപോകുന്നത് രണ്ടുവശത്തും നഷ്ടങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. ഇന്ന് അതില്‍ നിന്നും മാറ്റമുണ്ടാകുകയാണ്. ആധുനിക നികുതിഘടനയിലേക്ക് രാജ്യം പുതിയ ചുവടുവയ്ക്കുകയാണ്. ഈ സംവിധാനം കൂടുതല്‍ ലളിതവും സുതാര്യവുമാണ്. ഇത് കളപ്പണവും അഴിമതിയും ഇല്ലാതാക്കാനും സത്യസന്ധതയ്ക്ക് പ്രതിഫലം നല്‍കാനും സഹായിക്കും. ഇത് സത്യസന്ധതമായും സുതാര്യമായും വ്യാപാരം നടത്തുന്നതിനുള്ള താല്‍പര്യവും ആവേശവും വ്യാപാരികളിലുണ്ടാക്കും. ഭരണത്തില്‍ പുതിയ സംസ്‌ക്കാരം കൊണ്ടുവരുന്നതിനും ഇതിലൂടെ കഴിയും. നികുതി ഭീകരതയുടെയും പരിശോധയുടെയും കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് ജി.എസ്.റ്റിയുടെ സുതാര്യതയും സാങ്കേതികമായി തെളിയിക്കപ്പെട്ട പരീക്ഷണത്തിലൂടെയും സുഖകരമല്ലാത്ത മേഖലകള്‍ ഇല്ലാതാകുകയാണ്. സാധാരണ വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഢനം ഇല്ലാതാക്കുന്നതിനുള്ള ശക്തി ജി.എസ്.റ്റിയില്‍ അന്തര്‍ലീനമായിട്ടുണ്ട്. 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യപാരികളെ സമ്പൂര്‍ണ്ണമായി ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 75 ലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്കും നിരവധി ഇളവുകളുണ്ട്.
ഈ പുതിയ സംവിധാനത്തിന് വേണ്ടി പുതിയ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. അതൊക്കെ അടിസ്ഥാനതലത്തിലാണ് അതുകൊണ്ടുതന്നെ പുതിയ സംവിധാനം സാധാരണക്കാര്‍ക്ക് ഒരു ഭാരവുമുണ്ടാക്കില്ല.
സുഹൃത്തുക്കളെ, ജി.എസ്.റ്റി എന്നത് സാങ്കേതികമായ പദത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഈ സംവിധാനം പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും പാവപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിന് വേണ്ട പ്രയത്‌നം നടത്തിയില്ലെന്നല്ല, അതിന് അര്‍ത്ഥം. എല്ലാ ഗവണ്‍മെന്റുകളും ഈ ദിശകളിലേക്ക് വലിയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ വിഭവങ്ങളുടെ പരിമിതി പലപ്പോഴും നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായിട്ടുണ്ട്.
നമ്മള്‍ സമാന്തരമായി വികസിപ്പിക്കുമ്പോഴും നമ്മള്‍ ലംബമായ വളര്‍ച്ചയും ഉറപ്പുവരുത്തേണ്ടതുണ്ട്. ആ ദിശയിലേക്കുള്ള പ്രവര്‍ത്തനം ഇതിലൂടെ എളുപ്പമാകും. ചെറുകിട കച്ചവടക്കാര്‍ ഇതുമായി തീര്‍ച്ചയായും സഹകരിക്കുമെന്നും പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുമെന്നും അതിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
പുതിയതായി എന്തിന് തുടക്കം കുറിയ്ക്കുമ്പോഴും അത് ശരിയായി നടക്കുമോ ഇല്ലയോ എന്ന ആശങ്ക നമുക്ക് ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ആദ്യമായി 10,12 ക്ലാസുകളിലെ റിസള്‍ട്ടുകള്‍ ഓണ്‍ലൈനാക്കിയപ്പോള്‍ ആ സംവിധാനം ഹാങായിരുന്നു. അടുത്തദിവസത്തെ വാര്‍ത്തകളുടെ കേന്ദ്രബിന്ദു ഇതിലായിരുന്നു. ഇന്നും നാം അത്തരം വിഷയങ്ങളെക്കുറിച്ച് കേള്‍ക്കാറുമുണ്ട്.
എല്ലാവരും സാങ്കേതികമായി അറിവുള്ളവരല്ലെന്നത് വാസ്തവമാണ്. എന്നാല്‍ ഒരു കുടുംബത്തില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് സാങ്കേതിവിദ്യയെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരിക്കും. ഒരു പന്ത്രണ്ടാം ക്ലാസുകാരന് ഒരു വ്യാപാരിയുടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്നത്ര ലളിതമാണ് ജി.എസ്.റ്റി.
.
The verse from the Rigveda continues to inspire us till today. It says
समान वस्तु वो मनो यथावा सुसहासिति
ആര്‍ക്കെങ്കിലും എന്തെങ്കിലും ഭയമുണ്ടെങ്കില്‍ അവര്‍ അത് കളയാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ കണ്ണുകള്‍ നിങ്ങള്‍ സ്ഥിരം കാണിക്കുന്ന ഡോക്ടര്‍ പരിശോധിക്കും. അദ്ദേഹം നിങ്ങളുടെ കണ്ണുകളുടെ പവര്‍ വ്യക്തമാക്കും. നിങ്ങള്‍ക്ക് അതിനനുസരിച്ചുള്ള കണ്ണട ഉണ്ടാകും. ആ കണ്ണട ലഭിച്ചുകഴിഞ്ഞാല്‍ അത് ശരിയായി വരാന്‍ രണ്ടു മൂന്ന് ദിവസം എടുക്കും. കണ്ണടകളുമായി കണ്ണുകള്‍ക്ക് യോജിക്കേണ്ടതുള്ളതുകൊണ്ട് അത് നടപ്പാകുമെന്നാണ് കഥയുടെ സാരം. അതുപോലെ പുതിയ സംവിധാനവുമായി യോജിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ പുതിയ സംവിധാനം തീര്‍ച്ചയായും നമ്മെ അതുമായി യോജിപ്പിക്കും. കിംവദന്തി ചന്തകള്‍ അവസാനിപ്പിക്കാനുള്ള സമയമായി. രാജ്യത്തിന്റെ മികവിന് വേണ്ടി വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. ലോക സാമ്പത്തിക ക്രമത്തില്‍ ഗുണപരമായ പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുന്നതുവരെ ജി.എസ്.റ്റി മുന്നോട്ടുപോകട്ടെ.
രാജ്യത്തെ വ്യാപാരമേഖലയിലെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കുന്ന സംവിധാനമാണ് ജി.എസ്.റ്റി. ഇത് രാജ്യത്തിന്റെ കയറ്റുമതിക്ക് വലിയ പ്രോത്സാഹനം നല്‍കും. ഇപ്പോള്‍ തന്നെ വികസിതമായ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രചോദനമാകുന്നതോടൊപ്പം പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് വികസനത്തിനുള്ള അവസരവും ലഭിക്കും. നമ്മുടെ സംസ്ഥാനങ്ങള്‍ പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ബിഹാര്‍, കിഴക്കന്‍ യു.പി, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, എന്നീ സംസ്ഥാനങ്ങളെ നോക്കുക. ഇവയെല്ലാം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. അവര്‍ക്ക് ഒറ്റ നികുതി ഭരണസംവിധാനം ലഭിച്ചാല്‍ അവിടെ ഏന്ത് പോരായ്മകള്‍ ഉണ്ടായിരുന്നാലും അതൊക്കെ മാറ്റപ്പെടുകയും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇത് തുടര്‍ന്ന് കൊണ്ടുമിരിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിന് തുല്യസാഹചര്യം ലഭിക്കും. ജി.എസ്.റ്റിയെന്നാല്‍ നമ്മുടെ റെയില്‍വേ പോലെയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായാണ് റെയില്‍വേ നടത്തുന്നത്. എന്നാലും നാം അതിനെ ഇന്ത്യന്‍ റെയില്‍വേയായാണ് കാണുന്നത്. കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമിക്കാറുണ്ട്. അവര്‍ ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജി.എസ്.റ്റിയിലും ആദ്യമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരേ ലക്ഷ്യത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് -”ഏക ഭാരതം ശ്രേഷ്ഠഭാരതം” എന്നതിനുള്ള ഉദാഹരണമാണ്. വരുന്ന തലമുറ വലിയ അഭിമാനത്തോടെ ഇതിന്റെ പ്രത്യാഘാതങ്ങളെ അഭിനന്ദിക്കും.
രാജ്യം സ്വതന്ത്രമായതിന്റെ വജ്ര ജൂബിലി 2022ല്‍ നാം ആഘോഷിക്കുകയാണ്. ഒരു നവ ഇന്ത്യയുടെ സൃഷ്ടിക്കായുള്ള യാത്ര നാം തുടങ്ങികഴിഞ്ഞു. നമ്മുടെ രാജ്യത്തെ 1.25 ബില്യണ്‍ വരുന്ന ജനങ്ങളുടെ സ്വപ്‌നമാണ് നവ ഇന്ത്യ.
അതുകൊണ്ട് സഹോദരി സഹേദരന്മാരെ, നമ്മുടെ സ്വപ്‌നത്തിലുള്ള ഒരു ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ ജി.എസ്.റ്റി മുഖ്യ പങ്കുവഹിക്കും. ലോകമാന്യ തിലകന്റെ ” ഗീതാ രഹസ്യ”ത്തിന്റെ അവസാന ശ്ലോകത്തിലെ ശ്രേഷ്ഠതയുടെ ആകെത്തുകയുടെ രൂപത്തിലാണ് ജി.എസ്.ടി ടീം ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ചത്.
ഋഗ്വേദത്തിലെ ഈ ശ്ലോകം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു:
നമുക്കെല്ലാം ഒരുപോലെയുള്ള തീര്‍പ്പുകളും തീരുമാനങ്ങളും വികാരങ്ങളും നമ്മുടെ ഹൃദയങ്ങള്‍ ഒരേതലത്തിലുള്ളതായിരിക്കുകയും അതിലൂടെ ഒരേ ലക്ഷ്യത്തിനായി പിന്തുണയ്ക്കുന്നവരും സഹകരിക്കുന്നവരുമുണ്ടാകുമെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
നവ ഇന്ത്യയ്ക്ക് പുതിയ പാതവെട്ടിത്തുറക്കുന്ന നിയമനിര്‍മ്മാണമാണ് ജി.എസ്.റ്റി. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള വിപ്ലവകരമായ ഒരു നികുതി സമ്പ്രദായമാണിത്.
ജി.എസ്.റ്റി എന്നത് നവ ഇന്ത്യയുടെ, ഡിജിറ്റല്‍ ഇന്ത്യയുടെ നികുതി സമ്പ്രദായമാണ്. ഇത് വ്യാപാരം ചെയ്യുന്നത് ലളിതമാക്കുക മാത്രമല്ല, വ്യാപാരം ചെയ്യേണ്ടുന്ന രീതി നമുക്ക് കാണിച്ചുതരികയുമാണ്. ജി.എസ്.റ്റിയെന്നത് വെറുമൊരു നികുതി പരിഷ്‌ക്കരണം മാത്രമല്ല, അത് സാമ്പത്തിക പരിഷ്‌ക്കരണത്തിലേക്കുള്ള നാഴിക്കല്ലുമാണ്. നികുതി പുനര്‍ഘടനയ്ക്ക് പുറമെ അത് സാമൂഹിക പരിഷ്‌ക്കണത്തിനുള്ള വഴിയും തുറക്കുകയാണ്. ഇത് അഴിമതിരഹിത നികുതി സമ്പ്രദായം ദൃഢീകരിക്കുകയാണ്. നാടന്‍ രീതിയില്‍ പറഞ്ഞാല്‍ ജി.എസ്.റ്റിയെന്ന് പറഞ്ഞാല്‍ ചരക്ക് സേവന നികുതിയാണ്. എന്നാല്‍ ജി.എസ്.റ്റിയുടെ ആനുകൂല്യങ്ങള്‍ ഗുണപരമായി ഉറപ്പാക്കുമ്പോള്‍ ഇത് ഇന്ത്യയിലെ പൗരന്മാര്‍ക്ക്” നല്ലതും ലളിതവുമായമായ നികുതി” ഉറപ്പാക്കും. വിവിധ തലങ്ങളിലുള്ള നികുതികളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതുകൊണ്ട് ഇത് നല്ലതാണ്, ഇത് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഏകീകൃത സംവിധാനം കൊണ്ടുവരുന്നതുകൊണ്ട് ഇത് ലളിതവുമാണ്. ഇവിടെ ഇനി ” ഒരുദേശം ഒരു നികുതി”യായിരിക്കും ഉണ്ടായിരിക്കുക. ഈ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും മാതൃകാപരമായും നടപ്പാക്കും. ഏവര്‍ക്കുംക്കും ചേര്‍ന്ന് ഏകീകൃതമായ രീതിയില്‍ ഇതിനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞാന്‍ കരുതുന്നു.
ഈ ചരിത്രപരമായ അവസരത്തില്‍ നമ്മുടെ ആദരണീയനായ രാഷ്ട്രപതി ഇതില്‍ സമവായമുണ്ടാക്കാനായി നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കേണ്ടവയാണ്. അദ്ദേഹം സൂക്ഷ്മബുദ്ധിയോടെ നികുതി പരിഷ്‌ക്കരണത്തിന്റെ ഏല്ലാ ഘട്ടത്തിലും ഇടപെടുകയും അതുമായി ബന്ധപ്പെട്ട ടീമുകള്‍ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി ഇന്നത്തെ ഈ ചരിത്രപരമായ ദിവസത്തിലേക്ക് എത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രചോദനം ഈ യാത്രയില്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും ജി.എസ്.റ്റി നടപ്പാക്കുന്ന ഈ വിശേഷാല്‍ അവസരത്തില്‍ ഇവിടെ സന്നിഹിതനായതിലും അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഞാന്‍ പ്രകടിപ്പിക്കുകയാണ്. പുതിയ പ്രഭാവത്തോടും ഉത്സാഹത്തോടും കൂടി നമുക്ക് രാജ്യത്തെ മികച്ച സാമ്പത്തിക വികസനത്തിലേക്ക് നയിക്കാം.
ഈ വികാരങ്ങളോടെ ഒരിക്കല്‍ കൂടി ഞാന്‍ ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും എന്റെ നന്ദി പ്രകടിപ്പിക്കുകയാണ്. ഇവിടെ നിന്നും നമ്മെ മുന്നോട്ട് നയിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
.