ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിമുക്ത ഇന്ത്യക്കായുള്ള പ്രചരണ പരിപാടിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ സന്ദേശം നല്‍കി. ഹിസാറിലെ ഗുരു ജംബേഷ്വര്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഈ സന്ദേശം പ്രദര്‍ശിപ്പിക്കപ്പെട്ടു.
രാജ്യത്തിന്റെ ശാപമായിത്തീര്‍ന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശ്രീ ശ്രീ രവിശങ്കറും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ലഹരിവസ്തുക്കള്‍ സമൂഹത്തില്‍ വലിയ ദുരിതമാണു വരുത്തിവെക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഡബ്ല്യു.എച്ച്.ഒയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മൂന്നു കോടിയിലേറെ പേരാണു ലഹരിമരുന്നുകള്‍ക്ക് അടിപ്പെട്ട് ഉഴലുന്നതെന്നു വ്യക്തമാക്കി.
ഒട്ടേറെ യുവാക്കള്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിപ്പെടുന്നു എന്നതു ഞെട്ടിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ലഹരിവസ്തുക്കള്‍ നല്ലതല്ല. അവ കഴിക്കുന്നതു ആകര്‍ഷണീയമാണ് എന്നതു വലിയ തെറ്റിദ്ധാരണയാണ്.’, പ്രധാനമന്ത്രി പറഞ്ഞു.
ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കുടുംബങ്ങള്‍ തകരാനിടയാക്കുകയും ചെയ്യുന്നതിനപ്പുറം അവയുടെ വില്‍പന രാജ്യത്തിന്റെ സുരക്ഷയ്ക്കു വലിയ ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ലഹരിവസ്തുക്കളുടെ വില്‍പന ഭീകരവാദികള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കും വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണെന്നും ലഹരിവസ്തുക്കളുടെ വില്‍പനയിലൂടെ ഇത്തരം ശക്തികള്‍ നേടിയെടുക്കുന്ന പണം രാഷ്ട്രത്തെ അസ്ഥിരമാക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിനും മെച്ചപ്പെട്ട കുടുംബജീവിതത്തിനും ശോഭനമായ ഭാവിക്കും ദേശസുരക്ഷയ്ക്കുമായി ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നു യുവാക്കളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആത്മവിശ്വാസമുള്ളവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ മുതിരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിവസ്തുക്കള്‍ക്കു കീഴ്‌പ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാകണമെന്നു യുവാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ആശയവിനിമയവും കൗണ്‍സലിങ്ങും തുടര്‍ച്ചയായ സ്‌നേഹവും പിന്‍തുണയും വഴി മാത്രമേ അത്തരക്കാരെ മാറ്റിയെടുക്കാന്‍ സാധിക്കൂ എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടുവരുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. 2018ല്‍ ആരംഭിച്ച, ബോധവല്‍ക്കരണത്തിലും ശേഷിവര്‍ധനയിലും പുനരധിവാസത്തിലും 2023 ആകുമ്പോഴേക്കും ലഹരിവസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനായി ദുര്‍ബല പ്രദേശങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ലഹരിവസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനുള്ള ദേശീയ കര്‍മപദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
രാജ്യത്താകമാനമുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം കണ്ടു.