വിയറ്റ്‌നാമിലെ ഹാനോയിലുള്ള ക്വാന്‍ സു പഗോഡ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിച്ച അദ്ദേഹത്തിന് സന്യാസിമാര്‍ ആവേശോജ്വലമായ വരവേല്‍പ്പു നല്‍കി.
പഗോഡ സന്ദര്‍ശിക്കാന്‍ സാധിച്ചതു ഭാഗ്യമായി കാണുന്നുവെന്നു സന്യാസിമാരുമായുള്ള ആശയവിനിമയത്തില്‍ വ്യക്തമാക്കിയ പ്രധാനമന്ത്രി, 1959ല്‍ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പഗോഡ സന്ദര്‍ശിച്ചിരുന്ന കാര്യം അനുസ്മരിക്കുകയും ചെയ്തു.
ഇന്ത്യയും വിയറ്റ്‌നാമും ആയുള്ള ബന്ധം രണ്ടായിരം വര്‍ഷമായി നിലനില്‍ക്കുന്നുവെന്നും ചിലര്‍ യുദ്ധത്തിനായി എത്തിയപ്പോള്‍ ഇന്ത്യ എത്തിയത് ബുദ്ധന്റെ സമാധാന സന്ദേശവുമായി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം സന്തോഷവും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്ന സമാധാനത്തിന്റെ പാതയില്‍ ചരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍നിന്നു കടല്‍മാര്‍ഗമാണു ബുദ്ധിസം വിയറ്റ്‌നാമില്‍ എത്തിയതെന്നും അതിനാല്‍ ശുദ്ധമായ രീതിയില്‍ ബുദ്ധിസം വിയറ്റ്‌നാമില്‍ പ്രചരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള സന്യാസിമാരുടെ മുഖങ്ങളില്‍ സവിശേഷമായ പ്രഭ കാണാന്‍ സാധിച്ചുവെന്നും ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്നവരുടെ മുഖങ്ങളില്‍ വലിയ ജിജ്ഞാസ കാണാന്‍ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുദ്ധന്റെ നാട്, വിശേഷിച്ചു താന്‍ പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കാന്‍ കൂടിനിന്നവരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.