ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൂന്നു പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
ആന്ധ്രാപ്രദേശ്, തെലങ്കാന ഗവര്‍ണര്‍ ശ്രീ. ഇ.എസ്.എല്‍.നരസിംഹനും കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭുവും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്കു കരുത്തു പകര്‍ന്നുകൊണ്ട് ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡി(ഐ.എസ്.പി.ആര്‍.എല്‍.)ന്റെ 1.33 എം.എം.ടി. വിശാഖപട്ടണം സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് (എസ്.പി.ആര്‍.) കേന്ദ്രം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 1125 കോടി രൂപയിലേറെയാണു പദ്ധതിയുടെ ചെലവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ സംഭരണ ശേഷിയുള്ള കേന്ദ്രമാണ് ഇത്.
കൃഷ്ണപട്ടണത്ത് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡി(ബി.പി.സി.എല്‍.)ന്റെ കോസ്റ്റല്‍ ഇന്‍സ്റ്റലേഷന്‍ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. 100 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത നിര്‍മാണച്ചെലവ് 580 കോടി രൂപയാണ്. 2020 നവംബറോടെ പദ്ധതി കമ്മീഷന്‍ ചെയ്യും. പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്നതും മികച്ച നിലവാരം പുലര്‍ത്തുന്നതുമായ കോസ്റ്റല്‍ ഇന്‍സ്റ്റലേഷന്‍ പദ്ധതി ആന്ധ്രാപ്രദേശിലെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ ഉതകുന്നതാണ്.
വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ മുന്നേറ്റം പകര്‍ന്നുകൊണ്ട് ആന്ധ്രാപ്രദേശിലെ കൃഷ്ണ-ഗോദാവരി (കെ.ജി.) ഓഫ്‌ഷോര്‍ ബേസിനിലെ ഒ.എന്‍.ജി.സിയുടെ എസ്.ഐ. വസിഷ്ഠ വികസന പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 5,700 കോടിയോളം രൂപയുടേതാണു പദ്ധതി. 2020 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10 ശതമാനത്തോളം കുറച്ചുകൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഈ ഒ.എന്‍.ജി.സി. പദ്ധതിക്കാവും.