പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നും നാളെയും (2016 സെപ്റ്റംബര്‍ 2, 3) വിയറ്റ്‌നാം സന്ദര്‍ശിക്കും. ചൈനയിലെ ഹാങ്ഷൗവില്‍ ഈ മാസം 3 മുതല്‍ 5 വരെ നടക്കുന്ന ജി-20 നേതാക്കളുടെ വാര്‍ഷിക ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു:
”വിയറ്റ്‌നാമിന്റെ ദേശീയ ദിനത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് ആശംസകള്‍. ഒരു സുഹൃദ്‌രാജ്യമായ വിയറ്റ്‌നാമുമായുള്ള നമ്മുടെ ബന്ധത്തെ നാം ഏറെ വിലമതിക്കുന്നു.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ഉറ്റബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്ന ഒരു സുപ്രധാന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകിട്ട് ഞാന്‍ വിയറ്റ്‌നാമിലെ ഹാനോയിലെത്തും. വിയറ്റ്‌നാമുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് തന്റെ ഗവണ്‍മെന്റ് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. ഇന്ത്യ – വിയറ്റ്‌നാം കൂട്ടുകെട്ട് ഏഷ്യയ്ക്കും ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യും.
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യുയെന്‍ ഹ്വാന്‍ ഫുക്കുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ തലങ്ങളും ഞാന്‍ അവലോകനം ചെയ്യും.
വിയറ്റ്‌നാം പ്രസിഡന്റ് ശ്രീ. ട്രാന്‍ ഡെയ് ക്വാങുമായും, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശ്രീ. എന്‍ഗ്യുയെന്‍ ഫൂ ത്രോങുമായും, വിയറ്റ്‌നാം ദേശീയ അസംബ്ലി അധ്യക്ഷ ശ്രീമതി. എന്‍ഗ്യുയെന്‍ ധി കിം എന്‍ഗാനുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം ഗുണപ്പെടുന്ന തരത്തിലുള്ള ശക്തമായ സാമ്പത്തിക ബന്ധം വിയറ്റ്‌നാമുമായി രൂപപ്പെടുത്താന്‍ നാം ആഗ്രഹിക്കുന്നു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതും എന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന്റെ ഉദ്യമങ്ങളില്‍ ഒന്നാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ സമുന്നതരായ നേതാക്കളില്‍ ഒരാളായ ഹോചിമിന് ആദരാഞ്ജലി അര്‍പ്പിക്കാനും എനിക്ക് വിയറ്റ്‌നാമില്‍ അവസരം ലഭിക്കും. ദേശീയ നായകരുടെയും രക്തസാക്ഷികളുടെയും സ്മാരകത്തില്‍ ഞാന്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ക്വാന്‍ സു പഗോഡ സന്ദര്‍ശിക്കുകയും ചെയ്യും.
സെപ്റ്റംബര്‍ 3 മുതല്‍ 5 വരെ നടക്കുന്ന ജി-20 നേതാക്കളുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ചൈനയിലെ ഹാങ്ഷൗ സന്ദര്‍ശിക്കും. വിയറ്റ്‌നാമിലെ സുപ്രധാന ഉഭയകക്ഷി സന്ദര്‍ശനത്തിന് ശേഷം ഞാന്‍ ഹാങ്ഷൗവില്‍ എത്തിച്ചേരും.
ജി-20 ഉച്ചകോടിയില്‍ അന്താരാഷ്ട്ര രംഗത്തെ വെല്ലുവിളികളെയും മുന്‍ഗണനകളെയും കുറിച്ച് മറ്റു ലോകനേതാക്കളുമായി ഇടപെടാനുള്ള ഒരവസരം എനിക്കുണ്ടാകും. ആഗോള സമ്പദ്ഘടനയെ സുസ്ഥിരവും ദൃഢവുമായ പാതയില്‍ എത്തിക്കുന്നതിനെക്കുറിച്ചും സാമൂഹിക സാമ്പത്തിക സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തും.
നമുക്ക് മുന്നിലുള്ള എല്ലാ വിഷയങ്ങളിലും ഇന്ത്യ ക്രിയാത്മകമായി ഇടപെടുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. ഒപ്പം ലോകത്തെങ്ങുമുള്ള, പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് കരുത്തുറ്റതും ഏവരെയും ഉള്‍ക്കൊള്ളുന്നതും, സുസ്ഥിരവുമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിനായുള്ള കാര്യപരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും.
സൃഷ്ടിപരവും ഫലപ്രദവുമായ ഒരു ഉച്ചകോടിയെ ഞാന്‍ ഉറ്റുനോക്കുന്നു.”
My Vietnam visit starting today will further cement the close bond between India & Vietnam. https://t.co/7ifSW5PUS5
— Narendra Modi (@narendramodi) September 2, 2016
Will be in Hangzhou, China for G20 Summit, where I will interact with world leaders on key global issues. https://t.co/QrhwmYwTRw
— Narendra Modi (@narendramodi) September 2, 2016