2019 മാര്‍ച്ച് എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസി, കാണ്‍പൂര്‍, ഘാസിയാബാദ് എന്നിവിടങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
വാരണാസിയില്‍:
പ്രധാനമന്ത്രി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കും. കാശി വിശ്വനാഥ ക്ഷേത്രം അപ്രോച്ച് റോഡിനും സൗന്ദര്യവല്‍ക്കരണ-ശക്തിപ്പെടുത്തല്‍ പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. തുടര്‍ന്നു പദ്ധതിപ്രദേശം പരിശോധിക്കുകയും ചെയ്യും.
ദീനദയാല്‍ ഹസ്തകല സങ്കുലില്‍ ദേശീയ വനിതാ ഉപജീവനമാര്‍ഗ സംഗമം- 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അഞ്ചു വനിതാ സ്വാശ്രയ സ്വയംസഹായ സംഘങ്ങള്‍ക്ക് അദ്ദേഹം പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്യും. വനിതാ സ്വാശ്രയ സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടും.
ഇലക്ട്രിക് ചാക്, സൗരോര്‍ജ ചര്‍ക്ക, ഹണി വാര്‍പ്, ചെക്കുകള്‍ എന്നിവ ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി വിതരണം ചെയ്യും.
‘ഭാരത് കെ വീര്‍’ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്കുള്ള ചെക്ക് ദീനദയാല്‍ അന്ത്യോദയ യോജന-എന്‍.ആര്‍.എല്‍.എം. ധനസഹായം നല്‍കുന്ന ഉത്തര്‍പ്രദേശിലെ വനിതാ എസ്.എച്ച.ജികള്‍ പ്രധാനമന്ത്രിക്കു കൈമാറും.
പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.
കാണ്‍പൂരില്‍:
660 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യാന്‍ ശേഷിയുള്ള പാന്‍കി പവര്‍ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലഖ്‌നൗ മെട്രോ റെയില്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലഖ്‌നൗവിലെ ചരണ്‍ സിങ് വിമാനത്താവളം സ്‌റ്റേഷനില്‍ മെട്രോ റെയിലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. ആഗ്ര മെട്രോ റെയില്‍ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടും.
പി.എം.എ.വൈ. ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി താക്കോലുകള്‍ കൈമാറും.
തുടര്‍ന്നു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
ഘാസിയാബാദില്‍
മെട്രോയുടെ ദില്‍ഷാദ് ഗാര്‍ഡന്‍-ഷഹീദ് സ്ഥല്‍ (ന്യൂ ബസ് അഡ്ഡ) ഭാഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഷഹീദ്സ്ഥല്‍ മെട്രോ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി മെട്രോ റെയിലിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. ഉയരത്തിലുള്ള ഈ മെട്രോ ഇടനാഴിക്ക് എട്ടു സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതു ഘാസിയാബാദിലെയും ന്യൂഡെല്‍ഹിയിലെയും ജനങ്ങള്‍ക്കു മെച്ചപ്പെട്ട യാത്രാസംവിധാനം പ്രദാനം ചെയ്യുമെന്നു മാത്രമല്ല, ഗതാഗതക്കുരുക്കു കുറയാന്‍ സഹായകവുമാണ്.
ഘാസിയാബാദ് ഹിന്‍ഡല്‍ എയര്‍പോര്‍ട്ട് ടെല്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ പുതിയ ആഭ്യന്തര എയര്‍പോര്‍ട്ട് ടെര്‍മിനലില്‍നിന്നു കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതു പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെയും എന്‍.സി.ആര്‍. മേഖലയിലെയും യാത്രക്കാര്‍ക്കു ഗുണകരമാകും.
ഡെല്‍ഹി-ഘാസിയാബാദ്-മീററ്റ് ആര്‍.ആര്‍.ടി.എസിനു പ്രധാനമന്ത്രി തറക്കല്ലിടും. ഇതു വേഗമേറിയ കൂടുതല്‍ സര്‍വീസുകളോടുകൂടിയ മേഖലാതല റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്.) പദ്ധതിയാണ്. ഇതു മേഖലയിലെ ഗതാഗതസൗകര്യം വര്‍ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും.
വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഘാസിയാബാദില്‍ നിര്‍വഹിക്കും.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങളുടെ വിതരണം ഇതോടൊപ്പം അദ്ദേഹം നിര്‍വഹിക്കും.
തുടര്‍ന്ന് അദ്ദേഹം പൊതുയോഗത്തെ അഭിസംബോധന ചെയ്യും.