2019 സെപ്റ്റംബര്‍ ഏഴിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയും ഔറംഗബാദും സന്ദര്‍ശിക്കും.
മുംബൈ
മുംബൈയില്‍ പ്രധാനമന്ത്രി മൂന്നു മെട്രോ പാതകള്‍ക്കു തറക്കല്ലിടും. ഇതു നഗരത്തിലെ മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 42 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. 9.2 കിലോമീറ്റര്‍ വരുന്ന ഗായ്മുഖ് മുതല്‍ ശിവാജി ചൗക്ക് (മീറ റോഡ്) വരെയുള്ള മെട്രോ- 10 ഇടനാഴിയും 12.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വദല മുതല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് വരെയുള്ള മെട്രോ- 11 ഇടനാഴിയും 20.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കല്യാണ്‍ മുതല്‍ തലോജ വരെയുള്ള മെട്രോ- 12 ഇടനാഴിയുമാണ് പുതുതായി ആരംഭിക്കുന്നത്.
മികച്ച മെട്രോ ഭവനും പ്രധാനമന്ത്രി തറക്കല്ലിടും. 32 നിലകളുള്ള ഈ കേന്ദ്രം ആകെ 340 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 14 മെട്രോ പാതകളെ നിയന്ത്രിക്കും.
കാണ്ടിവലി ഈസ്റ്റില്‍ ബാന്ദോഗ്രി മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം നിര്‍മിച്ച ആദ്യ മെട്രോ കോച്ചായ ആധുനിക മെട്രോ കോച്ച് ഇതോടൊപ്പം അദ്ദേഹം പുറത്തിറക്കും.
മഹാ മുംബൈ മെട്രോയുടെ ബ്രാന്‍ഡ് വിഷന്‍ ഡോക്യുമെന്റ് പ്രധാനമന്ത്രി പ്രകാശിപ്പിക്കും.
ഔറംഗബാദ്
ഔറംഗബാദില്‍ മഹാരാഷ്ട്ര സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യം (യു.എം.ഇ.ഡി.) സംഘടിപ്പിക്കുന്ന സ്വാശ്രയ സംഘങ്ങളുടെ സംസ്ഥാനതല സ്ത്രീശാക്തീകരണ സംഗമമായ മഹിളാസക്ഷമ മേളവയെ ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
2019 സെപ്റ്റംബര്‍ ഏഴിന് ഓറിക് ബിസിനസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രധാനമന്ത്രി, ഡി.എം.ഐ.സി. ഓറിക് സിറ്റി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും. ഡെല്‍ഹി മുബൈ വ്യവസായ ഇടനാഴി(ഡി.എം.ഐ.സി.)യാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രഥമ വ്യവസായ ഇടനാഴി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒരു ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഔറംഗബാദ് വ്യവസായ നഗരം അഥവാ 'ഓറിക് സിറ്റി' എന്നാണു പദ്ധതി ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്.