2019 ഫെബ്രുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും. സ്വച്ഛ്ശക്തി 2019ല്‍ അദ്ദേഹം പങ്കെടുക്കും. ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.
സ്വച്ഛ്ശക്തി- 2019
പ്രധാനമന്ത്രി സ്വച്ഛ്ശക്തി- 2019ല്‍ പങ്കെടുക്കുകയും സ്വച്ഛ്ശക്തി- 2019 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. കുരുക്ഷേത്രയില്‍ സ്വച്ഛ്‌സുന്ദര്‍ ശൗചാലയ് പ്രദര്‍ശനം സന്ദര്‍ശിക്കുന്ന അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുമുണ്ട്.
രാജ്യത്താകമാനമുള്ള വനിതാ പഞ്ചുമാരും സര്‍പഞ്ചുമാരും പങ്കെടുക്കുന്ന ദേശീയ പരിപാടിയാണ് സ്വച്ഛ്ശക്തി -2019. 15,000 വനിതകള്‍ ഈ വര്‍ഷം സ്വച്ഛ്ശക്തി പരിപാടിയില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഈ പരിപാടി ലക്ഷ്യമിടുന്നു.
സ്വച്ഛ്ശക്തി പദ്ധതിയുടെ ആദ്യ പതിപ്പ് അന്താരാഷ്ട്ര വനിതാദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത പതിപ്പായ സ്വച്ഛ്ശക്തി- 2018 ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്നു. സ്ത്രീശാക്തീകരണത്തിനായുള്ള മൂന്നാമതു പതിപ്പാണ് ഇപ്പോള്‍ കുരുക്ഷേത്രയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
വികസന പദ്ധതികള്‍
ഝജ്ജര്‍ ഭദ്‌സയിലെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നാടിനു സമര്‍പ്പിക്കും
എയിംസ് ഝജ്ജര്‍ ക്യാംപസില്‍ നിര്‍മിച്ച, ഗുരുതരമായ ക്യാന്‍സര്‍ ചികില്‍സയ്ക്കും ഗവേഷണത്തിനുമുള്ള നൂതന കേന്ദ്രമാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 700 കിടക്കകളുള്ള ഈ ആശുപത്രിയില്‍ ക്യാന്‍സര്‍ ശസ്ത്രക്രിയ, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, അനസ്‌തേഷ്യ, പാലിയേറ്റീവ് കെയര്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഉള്ള ഹോസ്റ്റല്‍ മുറികള്‍ തുടങ്ങിയ വ്യത്യസ്ത സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ക്യാന്‍സര്‍ സംബന്ധമായ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം എന്‍.സി.ഐ. ആയിരിക്കും, കൂടാതെ രാജ്യത്തെ പ്രാദേശിക ക്യാന്‍സര്‍ സെന്ററുകളുമായും മറ്റു കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യും. മോളിക്യുലാര്‍ ബയോളജി, ജെനോമിക്‌സ്, പ്രോട്യോമിക്‌സ്, ക്യാന്‍സര്‍ എപിഡെമിയോളജി, റേഡിയേഷന്‍ ബയോളജി, ക്യാന്‍സര്‍ വാക്‌സിനുകള്‍ തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനും വികസനത്തിനും വേണ്ടിയുള്ള മുന്‍ഗണനാ മേഖലകളെ തിരിച്ചറിയാനുള്ള ചുമതലയും ഇന്ത്യയുടെ മുന്‍നിര അര്‍ബുദ കേന്ദ്രമെന്ന നിലയില്‍ എന്‍.സി.ഐ. ഝജ്ജറിനുള്ളതാണ്.
ഫരീദാബാദിലെ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
ഇതു വടക്കേ ഇന്ത്യയിലെ ആദ്യത്തെ ഇ.എസ്.ഐസി. മെഡിക്കല്‍ കോളേജും ആശുപത്രിയും ഇതാണ്. 510 കിടക്കകളോടുകൂടിയ ആശുപത്രിയില്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ട്. കേന്ദ്ര ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയത്തിനു കീഴിലുള്ള ഇ.എസ്.ഐ.സി. ഇന്‍ഷൂര്‍ ചെയ്ത വ്യക്തികള്‍ക്കും ഗുണഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും, സാമൂഹിക സുരക്ഷ നല്‍കുന്നു.
പഞ്ച്കുളയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയ്ക്കു തറക്കല്ലിടല്‍
പഞ്ച്കുളയിലെ മാതാ മന്‍സ ദേവി ക്ഷേത്ര സമുച്ചയത്തിലാണ് പഞ്ച്കുള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നത്. ആയുര്‍വേദ ചികിത്സ, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരിക്കും ഇത്. ഇതു പൂര്‍ത്തിയാകുന്നതോടെ ഹരിയാനയിലും അടുത്ത സംസ്ഥാനങ്ങളിലും ഉള്ളവര്‍ക്കു വളരെ പ്രയോജനപ്രദമാകും.
കുരുക്ഷേത്ര ശ്രീകൃഷ്ണ ആയുഷ് സര്‍വകലാശാലയ്ക്കു തറക്കല്ലിടല്‍
ഹരിയാനയില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഇന്ത്യന്‍ വൈദ്യശാസ്ത്ര സമ്പ്രദായവുമായി ബന്ധപ്പെട്ട ആദ്യത്തെ സര്‍വകലാശാലയാണ് ശ്രീകൃഷ്ണ ആയുഷ് സര്‍വകലാശാല.
പാനിപ്പറ്റില്‍ പാനിപ്പറ്റ് യുദ്ധങ്ങളുടെ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം
പാനിപ്പറ്റിലെ വിവിധ യുദ്ധങ്ങളിലെ നായകന്മാരെ ആദരിക്കാനുള്ളതാണു മ്യൂസിയം. രാഷ്ട്രനിര്‍മാണത്തിനായി ഏറെ സംഭാവനകള്‍ അര്‍പ്പിച്ചതും എന്നാല്‍ ശ്രദ്ധിക്കപ്പെടാതപോയതുമായ വീരന്മാരെ ആദരിക്കാനും കേന്ദ്രഗവണ്‍മെന്റ് മുന്‍കൈ എടുത്താണ് മ്യൂസിയം നിര്‍മിക്കുന്നത്.
കര്‍ണാല്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആരോഗ്യശാസ്ത്ര സര്‍വകലാശാലയ്ക്കു തറക്കല്ലിടല്‍
കര്‍ണാല്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആരോഗ്യശാസ്ത്ര സര്‍വകലാശാലയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും
ഈ നടപടികള്‍ ഹരിയാനയിലെ വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.