അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പ്രധാനമന്ത്രി രാജസ്ഥാനിലെ ജുന്‍ജുനു സന്ദര്‍ശിക്കും. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ഗവണ്‍മെന്റ് സംരംഭത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ‘പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ, പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കൂ’ (ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ – ബി.ബി.ബി.പി) പദ്ധതി രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. നിലവില്‍ 161 ജില്ലകളില്‍ നടപ്പിലാക്കിവരുന്ന പദ്ധതി രാജ്യത്തൊട്ടാകെയുള്ള 640 ജില്ലകളിലേയ്ക്കാണ് വ്യാപിപ്പിക്കുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാര്‍, പെണ്‍കുട്ടികള്‍ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബി.ബി.ബി.പി. പദ്ധതി നടപ്പാക്കലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്യും.
മറ്റൊരു സുപ്രധാന ഉദ്യമമായ ദേശീയ പോഷകാഹാര ദൗത്യത്തിന് (എന്‍.എന്‍.എം ) രാജ്യതൊട്ടാകെ തുടക്കം കുറിക്കുന്ന പരിപാടിയും പ്രധാനമന്ത്രി ജുന്‍ജുനുവില്‍ ഉദ്ഘാടനം ചെയ്യും. എന്‍.എന്‍.എം. -ഐ.സി.ഡി.എസ്. കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറും അദ്ദേഹം പ്രകാശനം ചെയ്യും. കുട്ടികളുടെ ജനന സമയത്തെ കുറഞ്ഞ ഭാരം, പോഷകാഹാരക്കുറവ്, ചെറിയ കുട്ടികള്‍, വനിതകള്‍, കൗമാര പ്രായത്തിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള രക്തക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് മുതലായവ കുറച്ച് കൊണ്ടുവരാനുദ്ദേശിച്ചാണ് ഈ ദൗത്യം നടപ്പാക്കുന്നത്.