പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഗുവഹത്തി, ഇറ്റാനഗര്‍, അഗര്‍ത്തല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അദ്ദേഹം ഇറ്റാനഗറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, സെലാ ടണല്‍, വടക്കുകിഴക്കന്‍ ഗ്യാസ് ഗ്രിഡ് എന്നിവയ്ക്ക് തറക്കല്ലിടും. ദൂര്‍ദര്‍ശന്റെ അരുണപ്രഭാ ചാനലും ഗാര്‍ജി-ബെലോണ റെയില്‍വേ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മൂന്ന് സംസ്ഥാനങ്ങളിലും അദ്ദേഹം മറ്റ് നിരവധി പദ്ധതികളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുകയും ചെയ്യും.
പ്രധാനമന്ത്രി അരുണാചല്‍ പ്രദേശില്‍
നാളെ രാവിലെ ഗുവഹത്തിയില്‍ നിന്ന് പ്രധാനമന്ത്രി ഇറ്റാനഗരില്‍ എത്തിച്ചേരും. ഇറ്റാനഗറിലെ ഐ.ജി പാര്‍ക്കില്‍ അദ്ദേഹം നിരവധി വികസന പദ്ധതികള്‍ അനാചഛാനം ചെയ്യും.
ഹോളോങ്കിയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നിലവില്‍ 80 കിലോമീറ്റര്‍ അകലെയുള്ള ആസ്സമിലെ ലിലാബാരിയാണ് ഇറ്റാനഗറിന് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. ഹോളോങ്കിയിലെ വിമാനത്താവളം ദൂരം നാലിലൊന്നായി കുറയ്ക്കും. ഈ മേഖലയ്ക്ക് മികച്ച ബന്ധിപ്പിക്കല്‍ നല്‍കുന്നതിന് പുറമെ വിമാനത്താവളം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ വെളിച്ചത്തുകൊണ്ടുവരികയും ചെയ്യും. ഈ വിമാനത്താവളം മേഖലയിലെ സാമ്പത്തികവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം രാജ്യത്തിന് തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതുമായിരിക്കും. ശബ്ദം തടസമായി പ്രവര്‍ത്തിക്കുന്ന സമീപറോഡിന് സമാന്തരമായുള്ള ഹരിതബെല്‍റ്റ്, മഴവെള്ള കൊയ്ത്തിനുള്ള സംവിധാനം, ഊര്‍ജ്ജ കാര്യക്ഷമതാ ഉപകരണങ്ങളുടെ ഉപയോഗം നിരവധി സുസ്ഥിര സവിശേഷതകള്‍ ഈ വിമാനത്താവളത്തിനുണ്ടാകും.
അരുണാചല്‍ പ്രദേശില്‍ സെലാ ടണ്ണലിനും പ്രധാനമന്ത്രി തറക്കല്ലിടും. തവാങ് താഴ്‌വരിയിലേക്ക് ഏത് കാലാവസ്ഥയിലും സാധാരണ പൗരന്മാര്‍ക്കും ഒപ്പം സുരക്ഷാ സൈന്യത്തിനും വര്‍ഷം മുഴുവന്‍ ഗതാഗതസൗകര്യം ഈ തുരങ്കം നല്‍കും.
തവാങിലേക്കുള്ള യാത്രാ സമയത്തില്‍ ഈ ടണല്‍ ഒരു മണിക്കൂറിന്റെ കുറവുവരുത്തുകയും ഒപ്പം ഈ മേഖലയിലെ വിനോദസഞ്ചാരവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇറ്റാനഗറിലെ ഐ.ജി. പാര്‍ക്കില്‍ അരുണാചല്‍ പ്രദേശിന് വേണ്ടി ഒരു പുതിയ ഡി.ഡി ചാനല്‍-അരുണപ്രഭ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദൂരദര്‍ശന്റെ 24-ാമത്തെ ചാനലായിരിക്കും അത് അരുണാചല്‍ പ്രദേശിലെ 110 മെഗാവാട്ടിന്റെ പാരേ ജലവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. നീപ്‌കോയാണ് പദ്ധതി നിര്‍മ്മിച്ചത്. ബ്രഹ്മപുത്രയുടെ കൈവഴിയായ ഡിക്രോംഗ് നദിയുടെ ജലവൈദ്യുത ശേഷിയാണ് ഈ പദ്ധതി വിനിയോഗിക്കുന്നത്. അതിലൂടെ വടക്ക് കിഴക്കന്‍ മേഖലയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുന്നതിനോടൊപ്പം ഈ മേഖലയിലെ ഊര്‍ജ്ജ ലഭ്യത മെച്ചപ്പെടുത്താനും കഴിയും.
ഈ അവസരത്തില്‍ അരുണാചല്‍ പ്രദേശിലെ ജോട്ടേയില്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ( എഫ്.ടി.ഐ.ഐ)ക്ക് ഒരു സ്ഥിരം കാമ്പസിനും പ്രധാനമന്ത്രി തറക്കല്ലിടും. ഇത് സിനിമാ വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ആവശ്യം നിറവേറ്റും. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നവീകരിച്ച തെസു വിമാനത്താവളവും ഉദ്ഘാടനം ചെയ്യും. നിലവിലുള്ള വിമാനത്താവളം മെച്ചപ്പെടുത്തുകയും ഉഡാന്‍ പദ്ധതിയുടെ കീഴില്‍ വാണിജ്യാവശ്യത്തിന് പ്രവര്‍ത്തിക്കാനായി ഒരു പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുകയും ചെയ്തു.
അരുണാചല്‍ പ്രദേശില്‍ 50 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സാര്‍വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ആയുഷ്മാന്‍ ഭാരതിലെ ഏറ്റവും സുപ്രധാനഘടകങ്ങളില്‍ ഒന്നാണ് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍. സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ അരുണാചല്‍ പ്രദേശില്‍ 100% കുടുംബങ്ങളും വൈദ്യുതികരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിക്കും.
പ്രധാനമന്ത്രി അസമില്‍
ഇറ്റാനഗറില്‍ നിന്നും പ്രധാനമന്ത്രി ഗുവഹത്തിയിലേക്ക് മടങ്ങും. ഇവിടെ അദ്ദേഹം വടക്ക് കിഴക്കന്‍ ഗ്യാസ് ഗ്രിഡിന് തറക്കല്ലിടും. ഇത് ഈ മേഖലയില്‍ തടസമില്ലാതെ പ്രകൃതിവാതത്തിന്റെ ലഭ്യത ഉറപ്പാക്കുകയും മേഖലയുടെ വ്യാവസായിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുഴുവന്‍ കുറഞ്ഞചെലവില്‍ ഗുണനിലവാരമുളള പാചകവാതകം എത്തിക്കുകയെന്ന ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഗ്രിഡ്. കാമ്‌രൂപ്പ്, കച്ചര്‍, ഹൈലാകണ്ടി, കരിംഗഞ്ച് ജില്ലകളില്‍ നഗര ഗ്യാസ് വിതരണ ശൃംഖലയ്ക്ക് അദ്ദേഹം തറക്കല്ലിടും. വീടുകളിലും വ്യവസായ വാണിജ്യ യൂണിറ്റുകള്‍ക്കും ശുദ്ധ ഇന്ധന ലഭ്യത നഗര ഗ്യാസ് വിതരണ പദ്ധതി ഉറപ്പുവരുത്തും.
അസമിലെ തീന്‍സുക്കിയയില്‍ ഹോലോങ് മോഡുലാര്‍ ഗ്യാസ് പ്രോസസിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഇത് പ്രവര്‍ത്തനക്ഷമമായാല്‍ അസമില്‍ ആവശ്യമുള്ള ഗ്യാസിന്റെ 15% ഇത് നല്‍കും. വടക്കന്‍ ഗുവഹത്തിയില്‍ എല്‍.പി.ജിയുടെ മൗണ്ടഡ് സ്‌റ്റോറേജ് വെസലിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂമാലിഗഡില്‍ എന്‍.ആര്‍.എല്‍ ബയോ റിഫൈനറിയും ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, അസം വഴിയുള്ള 729 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ബറൗണി- ഗുവഹത്തി ഗ്യാസ് പൈപ്പ്‌ലൈനിനും ഈ അവസരത്തില്‍ പ്രധാനമന്ത്രി തറക്കല്ലിടും.
പ്രധാനമന്ത്രി തൃപുരയില്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന്റെ അവസാനഘട്ടം അഗര്‍ത്തലയിലായിരിക്കും. ഇവിടെ സ്വാമി വിവേകാനന്ദ സ്‌റ്റേഡിയത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാര്‍ജി-ബെലോണി റെയില്‍വേ പാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ പാത തൃപുരയെ തെക്ക്, തെക്ക്കിഴക്കന്‍ ഏഷ്യയുടെ കവാടമായി ഉയര്‍ത്തിക്കാട്ടും. നര്‍സിംഗഢില്‍ പ്രധാനമന്ത്രി തൃപുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പുതിയ സമുച്ചയവും ഉദ്ഘാടനം ചെയ്യും.
അഗര്‍ത്തലയിലെ മഹാരാജാ ബീര്‍ ബിക്രം വിമാനത്താവളത്തില്‍ മഹാരാജാ ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂറിന്റെ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ആധുനിക തൃപുരയുടെ സൃഷ്ടാവായാണ് മഹാരാജാ ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂറിനെ വ്യാപകമായി കണക്കാക്കുന്നത്. അഗര്‍ത്തല നഗരത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ സംഭാവനയാണ്. രാഷ്ട്ര നിര്‍മ്മിതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഇന്ത്യയിലെ അറിയപ്പെടാത്ത നായകരെ ആദരിക്കുകയെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പ്രതിമാ അനാച്ഛാദനം.