പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ 2017 ഒക്ടോബര്‍ 22നു ഗുജറാത്ത് സന്ദര്‍ശിക്കും.
ഘോഘയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഘോഘയ്ക്കും ദഹേജിനും ഇടയിലുള്ള ആര്‍.ഒ. ആര്‍.ഒ. (റോള്‍ ഓണ്‍ റോള്‍ ഓഫ്) ഫെറി സര്‍വീസിന്റെ ആദ്യഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സൗരാഷ്ട്രയിലെ ഘോഘയില്‍നിന്നു ദക്ഷിണ ഗുജറാത്തിലെ ദഹേജിലേക്ക് എത്തിച്ചേരാന്‍ നിലവില്‍ ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഫെറി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കേവലം രണ്ടു മണിക്കൂറില്‍ താഴെയായി ചുരുങ്ങും. പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാഹനങ്ങള്‍ കടത്തുന്നതിനും സാധിക്കും. ഞായറാഴ്ച പ്രധാനമന്ത്രി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും. ആദ്യ സര്‍വീസില്‍ ഘോഘയില്‍നിന്നു ദഹേജിലേക്കു പ്രധാനമന്ത്രി യാത്ര ചെയ്യും. ദഹേജില്‍ എത്തിയശേഷം അവിടെ ചേരുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും.
ഘോഘയില്‍ പൊതുചടങ്ങില്‍ ശ്രീ ഭവ്‌നഗര്‍ ജില്ലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡിന്റെ സര്‍വോത്തം കാലിത്തീറ്റ പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രി ആവാസ് യോജന (നഗര, ഗ്രാമീണ മേഖലകള്‍) പ്രകാരമുള്ള വീടുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികള്‍, ഗൃഹനിര്‍മാണ പദ്ധതികള്‍, ഫ്‌ളൈ ഓവര്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ, വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. മുന്ദ്ര-ഡെല്‍ഹി പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈനിന്റെ ശേഷി വികസിപ്പിക്കല്‍, വഡോദരയില്‍ എച്ച്.പി.സി.എല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് ടെര്‍മിനല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.