പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഏകദേശം 3 മണിക്ക് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.
മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും നിരന്തരമായ ശ്രമമാണ് പ്രധാനമന്ത്രി നടത്തിവരുന്നത് . ഈ കാഴ്ചപ്പാടിന് അനുസൃതമായി, 380 കോടിയിലധികം രൂപ ചെലവിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിക്ക് കീഴിൽ നിർമ്മിച്ചതാണ് ഗോവ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. ഉയർന്ന ഗുണനിലവാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ പ്രദാനം ചെയ്യുന്ന, ഗോവ സംസ്ഥാനത്തുടനീളമുള്ള ഒരേയൊരു അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി, കരൾ മാറ്റിവയ്ക്കൽ, വൃക്ക മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ പ്രത്യേക സേവനങ്ങൾ ഇവിടെ ലഭ്യമാണ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പി എം കെയേഴ്‌സിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള മിനിറ്റിൽ ആയിരം ലിറ്റർ ഉല്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാന്റും ഇവിടെ ഉണ്ടാകും.
ഏകദേശം 220 കോടി രൂപ ചെലവിൽ നിർമ്മിച്ച ന്യൂ സൗത്ത് ഗോവ ജില്ലാ ഹോസ്പിറ്റലിൽ 33 സ്പെഷ്യാലിറ്റികളിലെ ഒപിഡി സേവനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യം, അത്യാധുനിക ഡയഗ്നോസ്റ്റിക്, ലബോറട്ടറി സൗകര്യങ്ങൾ , ഫിസിയോതെറാപ്പി, ഓഡിയോമെട്രി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ആശുപത്രിയിൽ 500 ഓക്സിജൻ കിടക്കകളുണ്ട്. ഒപ്പം 5500 ലിറ്ററിന്റെ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ടാങ്കും, മണിക്കൂറിൽ 600 ലിറ്റർ ഉല്പാദന ശേഷിയുള്ള രണ്ടു പി എസ എ പ്ലാന്റുകളുമുണ്ട്.
സ്വദേശ് ദർശൻ പദ്ധതി പ്രകാരം 28 കോടിയിലധികം രൂപ ചെലവഴിച്ചാണ് അഗ്വാഡ ഫോർട്ട് ജയിൽ മ്യൂസിയം പൈതൃക വിനോദസഞ്ചാര കേന്ദ്രമായി പുനർവികസിപ്പിച്ചത് . ഗോവയുടെ വിമോചനത്തിന് മുമ്പ്, സ്വാതന്ത്ര്യ സമര സേനാനികളെ തടവിലിടാനും പീഡിപ്പിക്കാനും അഗ്വാഡ കോട്ട ഉപയോഗിച്ചിരുന്നു. ഗോവയുടെ വിമോചനത്തിനായി പോരാടിയ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികൾ നൽകിയ സംഭാവനകളും ത്യാഗങ്ങളും ഉയർത്തിക്കാട്ടുന്ന മ്യൂസിയം അവർക്കുള്ള ഉചിതമായ ആദരം കൂടിയാണ്.
നിർമ്മാണത്തിലിരിക്കുന്ന മോപ്പ വിമാനത്താവളത്തിൽ ഏകദേശം 8.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ 16 വ്യത്യസ്ത തൊഴിൽ പ്രൊഫൈലുകളിൽ പരിശീലനം നൽകുന്നതിന് ലക്ഷ്യമിടുന്നു. മോപ്പ എയർപോർട്ട് പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിമാനത്താവളങ്ങളിലും പരിശീലനം നേടുന്നവർക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ സംയോജിത ഊർജ വികസന പദ്ധതിക്ക് കീഴിൽ ഏകദേശം 16 കോടി രൂപ ചെലവിലാണ് മർഗോവിലെ ദാവോർലിം-നാവെലിമിൽ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഡാവോർലിം, നെസ്സായി, നാവെലിം, അക്വം-ബൈക്സോ, ടെലൗലിം എന്നീ ഗ്രാമങ്ങളിൽ ഇത് സ്ഥിരമായ വൈദ്യുതി വിതരണം ചെയ്യും.
ഗോവയെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപിക്കും.
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ സ്മരണയ്ക്കായി പ്രത്യേക കവറും പ്രത്യേക റദ്ദാക്കലും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിന്റെ ഈ പ്രത്യേക സംഭവം പ്രത്യേക കവറിൽ കാണിച്ചിരിക്കുന്നു, അതേസമയം പ്രത്യേക റദ്ദാക്കൽ ഇന്ത്യൻ നാവികസേനയുടെ ഗോമന്തകിലെ യുദ്ധസ്മാരകത്തെ ചിത്രീകരിക്കുന്നു, ഇത് "ഓപ്പറേഷൻ വിജയ്" യിൽ ജീവൻ ബലിയർപ്പിച്ച ഏഴ് യുവ ധീരരായ നാവികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സ്മരണയ്ക്കായി നിർമ്മിച്ചതാണ്. ഗോവ വിമോചന പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ മഹത്തായ ത്യാഗങ്ങളെ അഭിവാദ്യം ചെയ്യുന്ന പത്രദേവിയിലെ ഹുതാത്മ സ്മാരകം ചിത്രീകരിക്കുന്ന 'മൈ സ്റ്റാമ്പും' പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഗോവ വിമോചന സമര കാലത്തെ വിവിധ സംഭവങ്ങളുടെ ചിത്രങ്ങളുടെ കൊളാഷ് ചിത്രീകരിക്കുന്ന 'മേഘദൂത് പോസ്റ്റ് കാർഡും' പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
മികച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി, സ്വയംപൂർണ മിത്രങ്ങൾ, സ്വയംപൂർണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർക്കുള്ള അവാർഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.
സന്ദർശന വേളയിൽ, ഉച്ചകഴിഞ്ഞ് 2:15 ന്, പ്രധാനമന്ത്രി പനാജിയിലെ ആസാദ് മൈതാനിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും. ഉച്ചകഴിഞ്ഞ് 2:30 ന് അദ്ദേഹം പനാജിയിലെ മിരാമറിൽ സെയിൽ പരേഡിലും ഫ്ലൈ പാസ്റ്റിലും പങ്കെടുക്കും.