നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2021 ജനുവരി 23 ന് നടക്കുന്ന ‘പരാക്രം ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്ത സന്ദർശിക്കും. 1.06 ലക്ഷം പട്ടയങ്ങൾ / അവകാശരേഖകൾ വിതരണം ചെയ്യുന്നതിനായി പ്രധാനമന്ത്രി അസമിലെ ശിവസാഗറിലെ ജെറംഗ പഥർ സന്ദർശിക്കും.
പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ
കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടക്കുന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. രാജ്യത്തോടുള്ള നേതാജിയുടെ അജയ്യമായ ആദർശത്തെയും നിസ്വാർത്ഥ സേവനത്തെയും ആദരിക്കുന്നതിനും സ്മരിക്കുന്നതിനുമായി എല്ലാ വർഷവും ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 'പരാക്രം ദിവാസ്' ആയി ആഘോഷിക്കാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, നേതാജിയെപ്പോലെ
ധീരതയോടെ പ്രവർത്തിക്കാൻ പ്രചോദനം നൽകുന്നതിനു ലക്‌ഷ്യമിട്ടാണിത്
ഒരു സ്ഥിരം പ്രദർശനവും നേതാജിയെ കുറിച്ചുള്ള ഒരു പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും. നേതാജിയെക്കുറിച്ചുള്ള "അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട്" എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും.
ഈ പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി കൊൽക്കത്തയിലെ ദേശീയ ലൈബ്രറി സന്ദർശിക്കും. അവിടെ “21-ാം നൂറ്റാണ്ടിലെ നേതാജി സുഭാഷിൻറെ പാരമ്പര്യത്തെ വീണ്ടും സന്ദർശിക്കുന്നു” എന്ന അന്താരാഷ്ട്ര സമ്മേളനവും ഒരു ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കലാകാരന്മാരുമായും സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായും പ്രധാനമന്ത്രി സംവദിക്കും.
പ്രധാനമന്ത്രി അസമിൽ
അസമിലെ ശിവസാഗറിൽ 1.06 ലക്ഷം പട്ടയങ്ങൾ / അവകാശരേഖകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. സംസ്ഥാനത്തെ തദ്ദേശവാസികളുടെ ഭൂമിയിന്മേലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തിര ആവശ്യം കണക്കിലെടുത്ത് അസം ഗവണ്മെന്റ് സമഗ്രമായ പുതിയ ഭൂനയം കൊണ്ടുവന്നു. അസമിലെ തദ്ദേശവാസികളിൽ സുരക്ഷിതത്വബോധം വളർത്തുന്നതിന് ഉയർന്ന മുൻഗണന നൽകികൊണ്ടാണ് അവർക്ക് പട്ടയങ്ങൾ / അവകാശരേഖകൾ നൽകുന്നത് . അസമിൽ 2016 ൽ 5.75 ലക്ഷം ഭൂരഹിത കുടുംബങ്ങളുണ്ടായിരുന്നു. നിലവിലെ ഗവണ്മെന്റ് 2016 മെയ് മുതൽ 2.28 ലക്ഷം പട്ടയങ്ങൾ / അവകാശരേഖകൾ വിതരണം ചെയ്തു. ജനുവരി 23 ന് നടക്കുന്ന ചടങ്ങ് ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ്