പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ജനുവരി 9) ആഗ്ര സന്ദര്‍ശിക്കും. ഗംഗാജല്‍ പദ്ധതിക്കും മറ്റു വിവിധ വികസന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. ആഗ്ര സ്മാര്‍ട്ട് സിറ്റിക്കുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എസ്.എന്‍. മെഡിക്കല്‍ കോളജ് വികസന പദ്ധതി എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.
2880 കോടി രൂപയാണ് ഗംഗാജല്‍ പദ്ധതിയുടെ മതിപ്പു ചെലവ്. ഈ പദ്ധതി ആഗ്രയ്ക്ക് മികച്ചതും കൂടുതല്‍ ഉറപ്പുള്ളതുമായ ജലവിതരണം ഉറപ്പു നല്‍കും. ഇതു നഗരവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.
200 കോടി രൂപ ചെലവിലാണ് ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കോളേജിലെ നവീകരണപ്രവര്‍ത്തികള്‍ നടത്തുന്നത്. വനികള്‍ക്കായുള്ള ആശുപത്രിയില്‍ 100 കിടക്കകളുള്ള പ്രസവ വിഭാഗം ആരംഭിക്കുന്നതും ഇതില്‍പ്പെടും. ഇതു സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ, പ്രസവ പരിചരണം ഉറപ്പാക്കും. 285 കോടി രൂപ ചെലവഴിച്ചാണ്് ആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ പദ്ധതി നടപ്പിലാക്കുന്നത്.. സ്ഥിരം വിനോദസഞ്ചാര കേന്ദ്രമെന്ന പദവിക്കു ചേരുംവിധം ആഗ്രയെ ആധുനിക കാലത്തിനു യോജിച്ച സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്ന പദ്ധതിയാണ് ഇത്.
ആഗ്രയിലെ കോത്തി മീന ബസാറില്‍ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ആഗ്ര നഗരത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2016 നവംബര്‍ 20നു നടത്തിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (ഗ്രാമീണം) അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ഉത്തര്‍ പ്രദേശില്‍ 9.2 ലക്ഷം ഉള്‍പ്പെടെ 65 ലക്ഷം വീടുകള്‍ നിര്‍മിക്കപ്പെട്ടുകഴിഞ്ഞു. ഈ മേഖലയ്ക്ക് ഉതകുന്ന റെയില്‍ അടിസ്ഥാനസൗകര്യ പദ്ധതിയും സേവനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.