ഗുരു ഗോവിന്ദ് സിങ് ജിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കുന്ന നാണയത്തിന്റെ പ്രകാശനം 2019 ജനുവരി 13നു ന്യൂഡെല്‍ഹിയിലെ 7 ലോക കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. ചടങ്ങില്‍ സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരെ അദ്ദേഹം അഭിസംബോധന ചെയ്യും.
പകര്‍ന്നു നല്‍കിയ പാഠങ്ങളാലും ആദര്‍ശത്താലും പലര്‍ക്കും പ്രചോദനമേകിയ പത്താമത്തെ സിഖ് ഗുരുവാണ് ഗുരു ഗോവിന്ദ് സിങ്. 2017 ജനുവരി അഞ്ചിനു പട്‌നയില്‍ നടന്ന, ശ്രീ. ഗുരു ഗോവിന്ദ് സിങ് ജി മഹാരാജിന്റെ 350ാമതു ജയന്തിദിന ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. പ്രസ്തുത ചടങ്ങില്‍ സ്മാരക സ്റ്റാംപ് പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഖല്‍സ വിഭാഗത്തിലൂടെയും അഞ്ച് പാഞ്ച്പ്യാരകളിലൂടെയും രാജ്യത്തെ ഏകോപിപ്പിക്കാന്‍ എങ്ങനെയാണ് ഗുരു ഗോവിന്ദ് സിങ് സവിശേഷമായ പരിശ്രമം നടത്തിയതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാഠങ്ങളിലൂടെ വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനായിരുന്നു ഗുരു ഗോവിന്ദ് സിങ് ജി ഊന്നല്‍ നല്‍കിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യന്റെ യാതനകള്‍ ഇല്ലാതാക്കുകയാണ് ഏറ്റവും വലിയ സേവനമെന്നു വിശ്വസിച്ചിരുന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ്ങെന്ന് 2018 ഡിസംബര്‍ 30നു നടത്തിയ മന്‍ കീ ബാത്ത് പ്രഭാഷണത്തില്‍ ഗുരു ഗോവിന്ദ് സിങ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തെക്കുറിച്ച് അനുസ്മരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ധീരതയ്ക്കും ത്യാഗത്തിനും സമര്‍പ്പണത്തിനും ഗുരു ഗോവിന്ദ് സിങ് ജി പ്രശംസ അര്‍ഹിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവരാശിയെ ഒന്നായി കാണണമെന്നും മേലാള, കീഴാള ഭേദമില്ലെന്നും സ്പൃശ്യരും അസ്പൃശ്യരും എന്ന വേര്‍തിരിവ് ഇല്ലെന്നുമുള്ള ഗുരു ഗോവിന്ദ് സിങ്ങിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് 2016 ഒക്ടോബര്‍ 18നു ലൂധിയാനയില്‍ നടന്ന ദേശീയ എം.എസ്.എം.ഇ. അവാര്‍ഡ്ദാന ചടങ്ങില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സിഖ് ഗുരുക്കന്‍മാരുടെ പാരമ്പര്യമായ ത്യാഗത്തിന്റെ വീരഗാഥയെക്കുറിച്ച് 2016 ഓഗസ്റ്റ് 15നു തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചിരുന്നു.