ഒക്ടോബര്‍ മൂന്നിന് ന്യൂഡെല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഐക്യരാഷ്ട്രസംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങും. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന 73ാമത് യു.എന്‍. പൊതു അസംബ്ലിക്കിടെ സെപ്റ്റംബര്‍ 26നു പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ് യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസാണു സമ്മാനിക്കുക. പ്രധാനമന്ത്രി ചടങ്ങില്‍ പ്രസംഗിക്കും.
രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപീകരിക്കുന്നതിനു മുന്‍കൈ എടുത്തതും 2022 ആകുമ്പോഴേക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുമെന്ന പ്രതിജ്ഞ കൈക്കൊണ്ടതും പരിഗണിച്ചാണ് പ്രധാനമന്ത്രിക്കു നേതൃവിഭാഗത്തിലുള്ള അവാര്‍ഡ്.
പരിസ്ഥിതിക്കുമേല്‍ ഗുണകരമായ പരിവര്‍ത്തനം വരുത്തിയ പ്രവര്‍ത്തനം കാഴ്ചവെച്ച ഗവണ്‍മെന്റ്, സിവില്‍ സമൂഹം, സ്വകാര്യ മേഖല എന്നിവയില്‍നിന്നുള്ള മികച്ച നേതാക്കള്‍ക്കാണ് ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് പുരസ്‌കാരം പ്രതിവര്‍ഷം നല്‍കിവരുന്നത്.