പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 17നു രാവിലെ പത്തിനു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തിലും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. അദ്ദേഹം സദസിനെയും അഭിസംബോധന ചെയ്യും.
അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത് എന്നതിനാൽ, മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇന്ത്യാ ഗവൺമെന്റും അന്താരാഷ്ട്ര ബുദ്ധമത കൂട്ടായ്മയും ചേർന്നു സംഘടിപ്പിക്കുന്ന അന്തർദേശീയ അഭിധമ്മ ദിനാഘോഷത്തിൽ 14 രാജ്യങ്ങളിൽനിന്നുള്ള വിദ്യാഭ്യാസവിദഗ്ധരും സന്ന്യാസിമാരും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള നിരവധി യുവ ബുദ്ധധമ്മ വിദഗ്ധരും പങ്കെടുക്കും.