പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്‌സ്‌പ്രസ് വേയ്ക്ക് തറക്കല്ലിടും.
രാജ്യത്തുടനീളം അതിവേഗ കണക്റ്റിവിറ്റി നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് എക്‌സ്‌പ്രസ് വേയുടെ പിന്നിലെ പ്രചോദനം. 36,200 കോടി രൂപ ചെലവിൽ 594 കിലോമീറ്റർ നീളമുള്ള ആറുവരി എക്‌സ്പ്രസ് പാതയാണ് നിർമിക്കുന്നത്. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്‌രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും. മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബുദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലൂടെ കടന്നുപോകും. പ്രവൃത്തി പൂർത്തിയാകുമ്പോൾ, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതയായി ഇത് മാറും. വ്യോമസേനാ വിമാനങ്ങൾക്ക് അടിയന്തരമായി പറന്നുയരുന്നതിനും ലാൻഡിംഗിനും സഹായിക്കുന്നതിന് 3.5 കിലോമീറ്റർ നീളമുള്ള എയർ സ്ട്രിപ്പും ഷാജഹാൻപൂരിലെ എക്സ്പ്രസ് വേയിൽ നിർമ്മിക്കും. എക്‌സ്‌പ്രസ് വേയ്‌ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.
വ്യാവസായിക വികസനം, വ്യാപാരം, കൃഷി, വിനോദസഞ്ചാരം തുടങ്ങി ഒന്നിലധികം മേഖലകൾക്ക് എക്‌സ്‌പ്രസ് വേ സഹായകമാകും. മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇത് വലിയ ഉത്തേജനം നൽകും.