![Quote](https://staticmain.narendramodi.in/images/quoteIconArticle.jpg)
![Quote](https://staticmain.narendramodi.in/images/quoteIconArticle.jpg)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 സെപ്റ്റംബര്‍ 15) സ്വച്ഛതാ ഹി സേവാ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യും.
രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ വിപുലമായ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ 18 സ്ഥലങ്ങളിലെ ജനങ്ങളുടെ ഒരു പരിച്ഛേദവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനമയം നടത്തും. സ്‌കൂള്‍ കുട്ടികള്‍, ജവാന്‍മാര്‍, ആത്മീയ നേതാക്കള്‍, ക്ഷീര -കര്‍ഷക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, റെയില്‍വേ ജീവനക്കാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായിട്ടായിരിക്കും പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.
ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സ്വച്ഛതാ ഹി സേവാ പ്രസ്ഥാനം ശുചിത്വ ഭാരത ദൗത്യത്തിന്റെ നാലാം വാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന 2018 ഒക്‌ടോബര്‍ 02 ന് മുന്നോടിയായിട്ടാണ് സംഘടിപ്പിച്ചിട്ടുള്ളത്. ‘ബാപ്പുവിന് പ്രണാമമര്‍പ്പിക്കാനുള്ള മഹത്തായൊരു മാര്‍ഗ്ഗമായി’ട്ടാണ് നേരത്തെ ഒരു വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി ഈ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്. ‘ഈ പ്രസ്ഥാനത്തില്‍ പങ്ക് ചേര്‍ന്ന ഒരു ശുചിത്വ ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരണമെന്ന്’ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.