ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ.പി.പി.ബി) ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.
കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സന്നിവേശത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതിന് സഹായിക്കുന്ന, സാധാരണക്കാരന് പ്രാപ്യവും താങ്ങാവുന്നതും വിശ്വസ്തവുമായ ബാങ്കായാണ് ഐ.പി.പി.ബി വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു ലക്ഷത്തിലധികം പോസ്റ്റ്മാന്‍മാരും ഗ്രാമീണ ഡാക്‌സേവകുമാരുമുള്ള, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും സാന്നിദ്ധ്യമുള്ള തപാല്‍ വകുപ്പിന്റെ വിശാലമായ ശൃംഖല പരമാവധി പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കും.
അധിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യയുടെ ഗുണഫലങ്ങള്‍ രാജ്യത്തിന്റെ വിദൂരസ്ഥ പ്രദേശങ്ങളില്‍ എത്തിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളില്‍ ഒരു നിര്‍ണ്ണായക നാഴികക്കല്ലാണ് ഐ.പി.പി.ബി. എന്ന സംരംഭം.
തുടക്കമിടുന്ന ദിവസം ഐ.പി.പി.ബിയ്ക്ക് രാജ്യത്തൊട്ടാകെ 650 ബ്രാഞ്ചുകളും 3250 ആക്‌സസ് പോയിന്റുകളുമുണ്ടാകും. ഈ ബ്രാഞ്ചുകളിലും ആക്‌സസ് പോയിന്റുകളിലും നാളെ ഉദ്ഘാടന പരിപാടികളുണ്ടാകും.
2018 ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും ഐ.പി.പി.ബിയുമായി ബന്ധിപ്പിക്കും.
സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, നേരിട്ടുള്ള ആനുകൂല്യ വിതരണം, ബില്‍ യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, എന്റര്‍പ്രൈസ് ആന്റ് മെര്‍ച്ചന്റ് പേയ്‌മെന്റ് സൗകര്യങ്ങള്‍ മുതലായവ ഐ.പി.പി.ബി വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ ആധുനിക സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കൗണ്ടര്‍ സര്‍വീസുകള്‍, മൈക്രോ എ.ടി.ഐം, മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍, എസ്.എം.എസ്, ഐ.വി.ആര്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.