2021 ലെ ഇന്ത്യാ ടോയ് ഫെയര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശനിയാഴ്ച (ഫെബ്രുവരി 27 ന്) രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ മാനസിക വികാസത്തില്‍ കളിപ്പാട്ടങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്, കൂടാതെ കുട്ടികളില്‍ സൈക്കോമോട്ടോര്‍, വൈജ്ഞാനിക കഴിവുകളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2020 ആഗസ്റ്റില്‍ തന്റെ മാന്‍ കി ബാത്തില്‍, കളിപ്പാട്ടങ്ങള്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അഭിലാഷങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും ചെയ്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒരു കുട്ടിയുടെ സമഗ്രവികസനത്തില്‍ കളിപ്പാട്ടങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ഇന്ത്യയില്‍ കളിപ്പാട്ട നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി. പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഇന്ത്യ ടോയ് ഫെയര്‍ 2021 സംഘടിപ്പിച്ചിട്ടുള്ളത്.
മേളയെക്കുറിച്ച്
മേള 2021 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. ഉപഭോക്താക്കള്‍, വില്‍പ്പനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡിസൈനര്‍മാര്‍ തുടങ്ങി എല്ലാ പങ്കാളികളെയും ഒരു വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് കൊണ്ടു വരുന്നതിനും കളിപ്പാട്ട വ്യവസായത്തിന്റെ സമഗ്രവികസനത്തിനായി സുസ്ഥിര ലിങ്കേജുകള്‍ സൃഷ്ടിക്കുകയും സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. മേഖലയിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്‍മെന്റും വ്യവസായവും ഒത്തുചേര്‍ന്ന് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള അടുത്ത ആഗോള കേന്ദ്രമായി ഇന്ത്യയെ എങ്ങനെ സൃഷ്ടിക്കാമെന്ന് ഈ വേദിയിലൂടെ ചര്‍ച്ച ചെയ്യും.
30 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ആയിരത്തിലധികം എക്‌സിബിറ്റര്‍മാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്സ് പ്രാപ്തമാക്കിയ വെര്‍ച്വല്‍ പ്രദര്‍ശനത്തില്‍ കാഴ്ച വയ്ക്കും. പരമ്പരാഗത ഇന്ത്യന്‍ കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, കമ്പിളി തുണികൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, പസിലുകള്‍, ഗെയിമുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക കളിപ്പാട്ടങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കളിപ്പാട്ടങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും കഴിവ് തെളിയിക്കപ്പെട്ട നിരവധി ഇന്ത്യന്‍, അന്തര്‍ദ്ദേശീയ പ്രഭാഷകരുമായി നിരവധി വെബിനാറുകളും പാനല്‍ ചര്‍ച്ചകളും മേളയില്‍ നടക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം, പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാണത്തെക്കുറിച്ചുള്ള ക്രാഫ്റ്റ് പ്രകടനങ്ങള്‍, കളിപ്പാട്ട മ്യൂസിയങ്ങളിലേക്കും ഫാക്ടറികളിലേക്കും വെര്‍ച്വല്‍ സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണിത്.