ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഏപ്രില്‍ 13നു ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.
1956 ഡിസംബര്‍ ആറിന് ഡോ. അംബേദ്കര്‍ മഹാപരിനിര്‍വാണമടഞ്ഞ സ്ഥലത്താണു സ്മാരകം നിര്‍മിച്ചിരിക്കുന്നത്.
അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിജിയാണ് 2003 ഡിസംബറില്‍ 26, ആലിപ്പൂര്‍ റോഡിലുള്ള ഡോ. അംബേദ്കര്‍ മഹാപരിനിര്‍വാണ സ്ഥല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
2016 മാര്‍ച്ച് 21നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്മാരകത്തിനു തറക്കല്ലിട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ സ്രഷ്ടാവായ ബാബാസാഹേബ് അംബേദ്കറുടെ സ്മാരകം ഒരു പുസ്തകത്തിന്റെ ആകൃതിയിലാണു രൂപപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിക് മീഡിയ, ഡയനാമിക് മീഡിയ, ശ്രാവ്യ-ദൃശ്യ ഉള്ളടക്കം, മള്‍ട്ടിമീഡിയി സാങ്കേതികവിദ്യ എന്നിവ വ്യാപകമായി ഉപയോഗപ്പെടുത്തി ഡോ. അംബേദ്കറുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അദ്ദേഹം ഇന്ത്യക്ക് അര്‍പ്പിച്ച സംഭാവനകള്‍ മനസ്സിലാക്കാനും ഉദ്ദേശിച്ചുള്ളതാണു സ്മാരകത്തിലെ മ്യൂസിയം.
ധ്യാനിക്കുന്നതിനായുള്ള ഹാളും നിര്‍മിച്ചിട്ടുണ്ട്. അലങ്കരിച്ച കവാടങ്ങള്‍, സംഗീതത്തോടുകൂടിയ ഫൗണ്ടന്‍, പ്രകാശമാനമായ മുന്‍ഭാഗം തുടങ്ങിയ ആകര്‍ഷണീയതകള്‍ സ്മാരകത്തിനുണ്ട്.