പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 9 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ബയോടെക് സ്റ്റാർട്ടപ്പ് എക്സ്പോ - 2022 ഉദ്ഘാടനം ചെയ്യും.
ബയോടെക് സ്റ്റാർട്ടപ്പ് എക്‌സ്‌പോ - 2022 ജൂൺ 9, 10 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ പരിപാടിയാണ്. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പും ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലും ( ബി ഐ ആർ എ സി ) ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. കൗൺസിൽ സ്ഥാപിച്ച് പത്ത് വർഷം തികയുന്നതിന്റെ ഭാഗമായാണ് പ്രദർശനം നടക്കുന്നത്. ‘ബയോടെക് സ്റ്റാർട്ടപ്പ് നവീനാശയങ്ങൾ : ആത്മനിർഭർ ഭാരതിലേക്ക്’ എന്നതാണ് എക്‌സ്‌പോയുടെ പ്രമേയം.
സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, ഗവേഷകർ, ബയോ ഇൻകുബേറ്റർമാർ , നിർമ്മാതാക്കൾ, റെഗുലേറ്റർമാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ബന്ധിപ്പിക്കുന്നതിനുള്ള വേദിയാകുന്ന എക്‌സ്‌പോയിൽ 300 ഓളം സ്റ്റാളുകൾ ഒരുക്കും. ആരോഗ്യ സംരക്ഷണം, ജീനോമിക്‌സ്, ബയോഫാർമ, കൃഷി, വ്യാവസായിക ബയോടെക്‌നോളജി, മാലിന്യത്തിൽ നിന്ന് മൂല്യം , ശുദ്ധ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ജൈവ സാങ്കേതിക വിദ്യയുടെ പ്രയോഗം എടുത്തുകാട്ടും.