ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപ്പാതയായ ഒന്‍പതു കിലോമീറ്റര്‍ വരുന്ന ചെനാനി-നാഷ്‌രി തുരങ്കം ഏപ്രില്‍ രണ്ടിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും.
ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച്.-44ലെ ഈ തുരങ്കം യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം രണ്ടു മണിക്കൂറോളം കുറയും. 31 കിലോമീറ്റര്‍ ദൂരം കുറയും. നിത്യവും 27 ലക്ഷം രൂപയുടെ ഇന്ധനലാഭം ഉണ്ടാകുമെന്നാണു കണക്ക്.
വലിയ അളവോളം വനനശീകരണവും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുമെന്നതിനു പുറമെ, ജമ്മുവില്‍നിന്ന് ഉധംപൂരിലേക്കും റംബാനിലേക്കും ബനിഹാലിലേക്കും ശ്രീനഗറിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്ന പാത യാഥാര്‍ഥ്യമാകുന്നു എന്ന നേട്ടവുമുണ്ട്.
രാജ്യാന്തര നിലവാരമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള പാത വിനോദസഞ്ചാരത്തെയും ജമ്മു കശ്മീരിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഉത്തേജിപ്പിക്കുമെന്നാണു പ്രതീക്ഷ.
തുരങ്കത്തിന്റെ പ്രധാന സവിശേഷതകള്‍:
വാഹനങ്ങള്‍ക്കു പോകാന്‍ 9.35 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭിക്കുന്നതും അഞ്ചു മീറ്റര്‍ ഉയരമുള്ളതുമായ, വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും പോകാവുന്ന ഒറ്റത്തുരങ്കമാണിത്.
പ്രധാന തുരങ്കത്തില്‍ എന്തെങ്കിലും അത്യാഹിതം ഉണ്ടാകുന്ന പക്ഷം പുറത്തുകടക്കാനായി 300 മീറ്റര്‍ ഇടവേളകളില്‍ സമാന്തര രക്ഷാതുരങ്കങ്ങള്‍ ഉണ്ട്.
സമഗ്ര ഗതാഗത നിയന്ത്രണം, നിരീക്ഷണം, വായുപ്രവേശം, ശബ്ദപ്രക്ഷേപണ, അഗ്നിശമനം, അടിയന്തര ഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ 150 മീറ്റര്‍ ഇടവേളകളില്‍ ഉണ്ടാവും.
2,500 കോടി രൂപയാണു പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്.