

ന്യൂ ഡല്‍ഹിയിലെ പുസയിലുള്ള കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ) നടക്കുന്ന നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിവാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ നാളെ (ഒക്ടോബര്‍ 11, 2017) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.
‘സാങ്കേതികവിദ്യയും ഗ്രാമീണജീവിതവും” എന്ന വിഷയത്തിലധിഷ്ഠിതമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. നൂറില്‍പരം നല്ല സമ്പ്രദായങ്ങളും പ്രയോഗങ്ങളുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ നവീന ആശയക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തും.
ചടങ്ങില്‍ നനാജി അനുസ്മരണ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കും. ജില്ലാ തലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള ഒരു പോര്‍ട്ടലും അദ്ദേഹം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഗ്രാമപഞ്ചായത്തുതലത്തിലുളള ഗ്രാമീണവികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാം സവാദ്-ആപ്പിനും അദ്ദേഹം തുടക്കം കുറിയ്ക്കും. വിവരങ്ങളിലൂടെ ശാക്തീകരണം- ‘സൂച്നാ സേ ശക്തീകരണ്‍’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ.എ.ആര്‍.ഐയിലെ പ്ലാന്റ് ഫിനോമിക്‌സ് സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സ്വയം സഹായകസംഘങ്ങള്‍, പഞ്ചായത്തുകള്‍, ജലസംരക്ഷണ പ്രവര്‍ത്തകര്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ എന്നിവരുള്‍പ്പെടെ 10,000ത്തോളം പേരടങ്ങുന്ന സദസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.