പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ (2018 ആഗസ്റ്റ് 18) നടക്കുന്ന ലോക ജൈവ ഇന്ധന ദിവസത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും.
കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സാമാജികര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സദസിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
ജൈവ ഇന്ധനങ്ങള്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സഹായിക്കും. കൂടുതല്‍ ശുദ്ധമായ പരിസ്ഥിതി, കര്‍ഷകര്‍ക്ക് അധിക വരുമാനം, ഗ്രാമീണ മേഖലകളില്‍ തൊഴില്‍ ഉല്‍പ്പാദനം മുതലായവ സൃഷ്ടിക്കാന്‍ അവയ്ക്കാകും. അതിനാല്‍ തന്നെ ജൈവ ഇന്ധനങ്ങള്‍ ശുചിത്വ ഭാരതം, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ മുതലായ ഗവണ്‍മെന്റിന്റെ വിവിധ ഉദ്യമങ്ങളുമായി കൂട്ട് പ്രവര്‍ത്തനത്തിന് വഴിയൊരുക്കും.
ഗവണ്‍മെന്റിന്റെ ശ്രമഫലമായി പെട്രോളില്‍ എഥനോള്‍ ചേര്‍ക്കല്‍ 2013-14 ലെ 38 കോടി ലിറ്ററില്‍ നിന്ന് 2017-2018 ല്‍ 141 കോടി ലിറ്ററാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ജൈവ ഇന്ധനങ്ങളെ കുറിച്ചുള്ള ദേശീയ നയത്തിന് ഇക്കൊല്ലം ജൂണില്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു.