മദ്ധ്യപ്രദേശിലെ തേക്കാൻപൂരിലെ ബി.എസ്.എഫ് അക്കാദമിയില്‍ ജനുവരി 7, 8 തീയതികളില്‍ നടക്കുന്ന ഡി.ജി.പിമാരുടെയും ഐ.ജി.പിമാരുടെയും വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിക്കും.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ പങ്കുവയ്ക്കുന്ന വാര്‍ഷികസമ്മേളനമാണ് ഡി.ജി.പിമാരുടെ കോണ്‍ഫറന്‍സ്. അസമിലെ ഗോഹട്ടിയില്‍ 2014ലും ഗുജറാത്തിലെ റാന്‍ഓഫ് കച്ചിലെ ഡോര്‍ദോയില്‍ 2015ലും ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ 2016ലും പ്രധാനമന്ത്രി മുമ്പ് ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്.
കഴിഞ്ഞ യോഗത്തില്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദവും തീവ്രവാദവല്‍ക്കരണവും വിശദമായി തന്നെ ചര്‍ച്ചചെയ്തിരുന്നു. നേതൃപാടവം, അനൗദ്യോഗിക നൈപുണ്യം, കൂട്ടായ പരിശീലനം എന്നിവയുടെ പ്രാധാന്യത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയിരുന്നു. പോലീസ് സേനയില്‍ സാങ്കേതികവിദ്യയുടെയും മാനുഷികമുഖത്തിന്റേയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
രാജ്യതലസ്ഥാനത്തിന് പുറത്ത് ഡി.ജി.പിമാരുടെ സമ്മേളനം നടത്തുന്നത് പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിക്കൂടാതെ ഇത്തരം യോഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.