പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകള്‍ എന്ന വിഷയത്തെ കുറിച്ച് നിതി ആയോഗ് ന്യൂ ഡല്‍ഹിയിലെ ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തില്‍ നാളെ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നൂറിലധികം ജില്ലകളുടെ പരിവര്‍ത്തനത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തും.
2022 ഓടെ ഒരു നവ ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നിശ്ചിത വികസന മാനദണ്ഡങ്ങളില്‍ പിന്നിലായിപ്പോയ ജില്ലകളുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് സുപ്രധാന നയം കൈക്കൊണ്ടിട്ടുണ്ട്. ഈ ജില്ലകളുടെ വ്യക്തമായ വികസന ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവിയിലുള്ള മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ചുമതലക്കാരായി നിയോഗിച്ചിട്ടുണ്ട്.