പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായി ഫോണിൽ സംസാരിച്ചു
യുക്രെയ്‌നിലെ നിലവിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. അടിയന്തര വെടിനിർത്തൽ ഉറപ്പാക്കി നയതന്ത്രത്തിലേക്കും സംഭാഷണത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയിൽ ഇരുവരും യോജിപ്പ് പ്രകടിപ്പിച്ചു .
യുക്രെയ്ൻ-ഹംഗറി അതിർത്തിയിലൂടെ 6000-ലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി ഓർബനും ഹംഗേറിയൻ ഗവണ്മെന്റിനും ഊഷ്മളമായ നന്ദി അറിയിച്ചു. യുക്രെയ്നിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ഓർബൻ ആശംസകൾ നേർന്നു. അവർക്ക് വേണമെങ്കിൽ ഹംഗറിയിൽ പഠനം തുടരാമെന്ന് അദ്ദേഹം പറഞ്ഞു. ഉദാരമായ ഈ വാഗ്‌ദാനത്തിന് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു.
ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച് സമ്പർക്കം പുലർത്താനും സംഘർഷം അവസാനിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാനും നേതാക്കൾ സമ്മതിച്ചു.