2017 സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. 2017 സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ അദ്ദേഹം മ്യാന്‍മറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും ചെയ്യും.
ഒന്നിലേറെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു: ‘2017 സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ഒന്‍പതാമതു ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ ചൈനയിലെ സിയാമെനിലെത്തും.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ ഉച്ചകോടിക്ക് ആതിഥ്യമരുളാനുള്ള അവസരം ഇന്ത്യക്കു ലഭിച്ചിരുന്നു. ഗോവ ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നു. ചൈനയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിക്‌സിനെ ശക്തമാക്കുക എന്ന ലക്ഷ്യത്തിനു കരുത്തു പകരുന്ന ഉല്‍പാദനപരമായ ചര്‍ച്ചകളും അനുകൂലമായ തീരുമാനങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.
അഞ്ച് അംഗരാഷ്ട്രങ്ങളിലെയും വ്യവസായത്തലവന്‍മാര്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് ബിസിനസ് കൗണ്‍സിലുമായി നാം ആശയവിനിമയം നടത്തും.
സെപ്റ്റംബര്‍ അഞ്ചിന് പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ ആതിഥ്യത്തില്‍ നടക്കുന്ന എമര്‍ജിങ് മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഡെവലപ്പിങ് കണ്‍ട്രീസ് ഡയലോഗില്‍ ബ്രിക്‌സ് പങ്കാളികള്‍ ഉള്‍പ്പെടെ മറ്റ് ഒന്‍പതു രാഷ്ട്രങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്.
ഉച്ചകോടിക്കിടെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും എനിക്ക് അവസരം ലഭിക്കും.
പുരോഗതിക്കും സമാധാനത്തിനുമായുള്ള പങ്കാളിത്തത്തിനായുള്ള ബ്രിക്‌സ് രണ്ടാം പതിറ്റാണ്ടിലേക്കു കടക്കുമ്പോള്‍ ഈ കൂട്ടായ്മയുടെ പങ്കിന് ഇന്ത്യ വലിയ പ്രാധാന്യം കല്‍പിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടുന്നതിലും ലോകസമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിലും ബ്രിക്‌സിനു വളരെയേറെ സംഭാവനകള്‍ അര്‍പ്പിക്കാനുണ്ട്.
മ്യാന്‍മര്‍ റിപ്പബ്ലിക് പ്രസിഡന്റ് ബഹുമാനപ്പെട്ട യു ഹ്തിന്‍ ക്യാവിന്റെ ക്ഷണം സ്വീകരിച്ച് 2017 സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ ഞാന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുകയാണ്. 2014ല്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ സംബന്ധിക്കാനായി ഈ സുന്ദരമായ രാഷ്ട്രം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മ്യാന്‍മറുമായുള്ള ഉഭയകക്ഷിബന്ധപ്രകാരമുള്ള എന്റെ സന്ദര്‍ശനമാണ് ഇത്.
പ്രസിഡന്റ് യു ഹ്തിന്‍ ക്യാവിനെയും ബഹുമാനപ്പെട്ട ഡൗ ഓങ് സാന്‍ സു കിയെയും കാണാന്‍ ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. 2016ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇരുവരുമായും ചര്‍ച്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
സന്ദര്‍ശനവേളയില്‍, ഉഭയകക്ഷിബന്ധത്തിലെ പുരോഗതി, വിശേഷിച്ച് ഇന്ത്യയും മ്യാന്‍മറുമായുള്ള വികസന സഹകരണത്തിനും സാമൂഹിക-സാമ്പത്തിക സഹകരണത്തിനുമുള്ള വിശാലമായ പദ്ധതി സംബന്ധിച്ച്, അവലോകനം ചെയ്യുകയും സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന പുതിയ മേഖലകള്‍ തേടുകയും ചെയ്യും.
സുരക്ഷ, ഭീകരവാദ പ്രതിരോധം, വ്യാപാരവും നിക്ഷേപവും, നൈപുണ്യവികസനം, അടിസ്ഥാനസൗകര്യവും ഊര്‍ജവും, സംസ്‌കാരം എന്നീ മേഖലകളില്‍ നിലനിന്നുപോരുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തും.
ഇന്ത്യന്‍ പുരാവസ്തുവകുപ്പ് അനന്ദ ക്ഷേത്രം നവീകരിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ നശിച്ചുപോയ പഗോഡകളും ചുമര്‍ച്ചിത്രങ്ങളും പുനഃസ്ഥാപിക്കുന്നതിനുമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്നതുമായ പ്രശസ്തമായ ബാഗന്‍ പൈതൃക നഗരം സന്ദര്‍ശിക്കാന്‍ ഞാന്‍ സന്തോഷപൂര്‍വം കാത്തിരിക്കുകയാണ്.
യാങ്കോണില്‍ സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെയും മ്യാന്‍മറിന്റെയും പൊതുപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ചരിത്രപ്രധാനമായ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുകയാണ്.
ഒരു ശതാബ്ദിക്കപ്പുറം ചരിത്രമുള്ള മ്യാന്‍മറിലെ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തണമെന്ന അതിയായ ആഗ്രഹവും എനിക്കുണ്ട്.
ഈ സന്ദര്‍ശനം ഇന്ത്യ-മ്യാന്‍മര്‍ ബന്ധത്തില്‍ പുതിയ ശോഭനമായ അധ്യായം തുറക്കുമെന്നും ഇരു ഗവണ്‍മെന്റുകള്‍ തമ്മിലും വ്യാപാര സമൂഹങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള അടുത്ത സഹകരണത്തിനു സഹായകരമാകും എന്നുമുള്ള ആത്മവിശ്വാസം എനിക്കുണ്ട്.’