ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഖലീഫ അല്‍ ഥാനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണ്‍ ചെയ്തു സംസാരിച്ചു.
നമ്മുടെ അടുത്ത സുഹൃത്തും നമ്മോട് അടുത്ത അയല്‍ബന്ധം പുലര്‍ത്തുന്ന രാജ്യവുമായ ഖത്തറുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം കല്‍പിക്കുന്നതായി പ്രധാനമന്ത്രി ഖത്തര്‍ അമീറിനോടു പറഞ്ഞു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനു ബഹുമാനപ്പെട്ട ഖത്തര്‍ അമീര്‍ നല്‍കിവരുന്ന നേതൃത്വത്തിനും മാര്‍ഗദര്‍ശനത്തിനും ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു.
മേഖലാതല സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയിലും മേഖലയ്ക്കു പുറത്തുമുള്ള സുരക്ഷയ്ക്കും സമാധാനത്തിനും വലിയ വെല്ലുവിളിയായി ഭീകരവാദം വളര്‍ന്നിരിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുമുള്ള ഭീകരവാദം ഇല്ലാതാക്കുന്നതിനും അതിനു പിന്‍തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നതിനും ബന്ധപ്പെട്ടവരില്‍നിന്ന് അടിയന്തരമായ നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്നലെ അബുദാബിയില്‍ നടന്ന, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ വിദേശകാര്യമന്ത്രിമാരുടെ 46ാമതു കൗണ്‍സിലില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പങ്കെടുത്തത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഇരു നേതാക്കളും പങ്കുവെച്ചു.