ഞാന്‍ 2019 ഒക്ടോബര്‍ 29ന് സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. റിയാദില്‍ നടക്കുന്ന മൂന്നാമതു ഭാവി നിക്ഷേപ പ്രോല്‍സാഹന വേദിയുടെ പ്ലീനറി സെഷനില്‍ പങ്കെടുക്കാനുള്ള സൗദി അറേബ്യ രാജാവ് ബഹുമാനപ്പെട്ട സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം.
സന്ദര്‍ശനത്തിനിടെ ബഹുമാനപ്പെട്ട സൗദി അറേബ്യന്‍ രാജാവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. സൗദി അറേബ്യയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാനുമായി ഉഭയകക്ഷി സഹകരണവും ഇരു വിഭാഗത്തിനും താല്‍പര്യമുള്ള മേഖലാതല, ആഗോള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കാലാകാലമായി അടുത്ത സുഹൃദ്ബന്ധമാണു നിലനിന്നുവരുന്നത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിശ്വസ്ത ദാതാക്കളാണ് സൗദി അറേബ്യ.
ഇന്ത്യയിലെ മുന്‍ഗണനയുള്ള മേഖലകളില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപം ലഭ്യമാക്കാമെന്നു കിരീടാവകാശിയായ രാജകുമാരന്‍ 2019 ഫെബ്രുവരിയില്‍ ഉറപ്പുനല്‍കിയിരുന്നു.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ജനതകള്‍ തമ്മിലുള്ള ബന്ധം എന്നിവയാണ് സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി സഹകരണത്തിനു യോജിച്ച മറ്റു മേഖലകള്‍.
സന്ദര്‍ശനത്തിനിടെ തന്ത്രപ്രധാനമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കാനുള്ള കരാര്‍ ഇന്ത്യ-സൗദി അറേബ്യ തന്ത്രപ്രധാന പങ്കാളിത്തം മെച്ചപ്പെടുത്തും.
2024 ആകുമ്പോഴേക്കും അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കു വളരുമ്പോള്‍ ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വര്‍ധിച്ച വ്യാപാര, നിക്ഷേപ സാധ്യതകളെക്കുറിച്ച് ഭാവി നിക്ഷേപ പ്രോല്‍സാഹന വേദിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനായി ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്.