ഗോവയില്‍ നാളെയും മറ്റെന്നാളും (2016 ഒക്‌ടോബര്‍ 15 – 16) നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലും പ്രഥമ ബ്രിക്‌സ് – ബിംസ്റ്റെക്ക് ഔട്ട്‌റീച്ച് ഉച്ചകോടിയിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടികള്‍ക്ക് മുന്നോടിയായി ബ്രിക്‌സ്- ബിംസ്റ്റെക്ക് കുടുംബങ്ങളുടെ നേതാക്കളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:
”2016 ഒക്‌ടോബര്‍ 15 – 16 ദിവസങ്ങളില്‍ ഗോവയില്‍ എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്കും, പ്രഥമ ബ്രിക്‌സ് – ബിംസ്റ്റെക്ക് ഔട്ട്‌റീച്ച് ഉച്ചകോടിക്കും ആതിഥ്യം അരുളുന്നതില്‍ ഇന്ത്യയ്ക്ക് ഏറെ സന്തോഷമുണ്ട്. ബ്രിക്‌സ് – ബിംസ്റ്റെക്ക് കുടുംബങ്ങളുടെ പത്ത് നേതാക്കള്‍ക്ക് ഊഷ്മളമായ സ്വാഗതമോതാന്‍ ഞാന്‍ ഉറ്റു നോക്കുകയാണ്. ഇന്ത്യ, റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുട്ടിനെയും, ഉഭയ കക്ഷി സന്ദര്‍ശനത്തിന് എത്തുന്ന ബ്രസീല്‍ പ്രസിഡന്റ് മിഷേല്‍ ടെമറിനെയും ഗോവയില്‍ സ്വീകരിക്കുന്നതിനുള്ള ബഹുമതിയും എനിക്ക് ലഭിക്കും.
റഷ്യയുമായുള്ള സവിശേഷവും കാലാതീതവുമായ സൗഹ്യദവും സഹകരണവും ആവര്‍ത്തിച്ച് ഊട്ടി ഉറപ്പിക്കാനുള്ള അവസരം പ്രസിഡന്റ് പുട്ടിന്റ് സന്ദര്‍ശനം പ്രദാനം ചെയ്യും. പ്രധാനപ്പെട്ടൊരു തന്ത്രപ്രധാനമായ പങ്കാളിയായ ബ്രിസീലുമൊത്ത് സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ പ്രസിഡന്റ് ടെമറിന്റെ സന്ദര്‍ശനം വഴിയൊരുക്കും.
നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് തടസമായി മേഖലാതലത്തിലും രാജ്യാന്തര തലത്തിലും നിലകൊള്ളുന്ന വെല്ലുവിളികളെ അടിയന്തിരമായി നേരിടുന്നത് സംബന്ധിച്ച് ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എന്റെ പങ്കാളികളായ നേതാക്കളുമൊത്ത് ഗുണപരമായ സംഭാഷണങ്ങള്‍ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്.
വ്യാപാരം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ചലച്ചിത്രങ്ങള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങി വിഭിന്നമായ മേഖലകളില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം പരിപോഷിപ്പിക്കുന്നതിന് ശക്തമായ ഊന്നലാണ് ഇക്കൊല്ലത്തെ ബ്രിക്‌സിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് ഇന്ത്യ നല്‍കിയിട്ടുള്ളത്.
ഫലം കാണിക്കുന്ന, കൂട്ടായ പരിഹാരങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള നമ്മുടെ ശ്രമങ്ങളില്‍ ജനങ്ങളാണ് മുഖ്യ പങ്കാളികളെന്ന വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. ബ്രിക്‌സ് ന്യൂ ഡവലപ്‌മെന്റ് ബാങ്ക്, കണ്ടിന്‍ജെന്റ് റിസര്‍വ്വ് അറേഞ്ച്‌മെന്റ് മുതലായ സംരംഭങ്ങളുടെ വിജയകരമായ പ്രവര്‍ത്തനത്തോടൊപ്പം പുതിയ സംരംഭങ്ങള്‍ക്കും നാം ഗോവയില്‍ തുടക്കമിടും.
ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, വികസനം, സമാധാനം, സ്ഥിരത, പരിഷ്‌ക്കാരം എന്നിവയ്ക്കായുള്ള നമ്മുടെ പൊതുവായ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും ബ്രിക്‌സ് ഉച്ചകോടിയിലൂടെ കഴിയുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബിംസ്റ്റെക്ക് നേതാക്കളുമൊത്ത് ഒരു ഉച്ചകോടിക്ക് ഇതാദ്യമായി ഇന്ത്യ വേദിയൊരുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഈ കൂട്ടായ്മ, സഹകരണത്തിനുള്ള സാധ്യതകള്‍ പരമാവധി വിനിയോഗിച്ചു കൊണ്ട് ഗുണപ്രദമാകുമെന്ന് നാം ആശിക്കുന്നു.
നമ്മുടെ അപ്രതിരോധ്യമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പുതിയ പങ്കാളിത്തങ്ങളിലേയ്ക്ക് പാലങ്ങള്‍ പണിയുന്നതിനും പൊതുവായ നിശ്ചയദാര്‍ഢ്യങ്ങള്‍ കണ്ടെത്തുന്നതിനും ഇന്ത്യ ഉറ്റുനോക്കുകയാണ്”.