എല്ലാ കര്‍ഷക സഹപ്രവര്‍ത്തകരുമായുള്ള ഈ വിനിമയം ഒരു പുതിയ പ്രതീക്ഷ ഉയര്‍ത്തുകയും പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ന് ഭഗവാന്‍ ബസവേശ്വര ജയന്തിയും പരശുരാം ജയന്തിയും ആണെന്ന് നമ്മുടെ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി ഇപ്പോള്‍ പറയുകയായിരുന്നു. ഇന്ന് അക്ഷയ തൃതീയയുടെ പുണ്യ ഉത്സവം കൂടിയാണ്. രാജ്യവാസികള്‍ക്കു ഞാന്‍ സന്തോഷം നിറഞ്ഞ ചെറിയ പെരുന്നാളും ആശംസിക്കുന്നു.
കൊറോണയുടെ കാലഘട്ടത്തില്‍ രാജ്യത്ത് എല്ലാവരുടെയും മനോവീര്യം ഉയര്‍ന്നിരിക്കണമെന്നും ഈ മഹാമാരിയെ പരാജയപ്പെടുത്താന്‍ അവരുടെ ദൃഢനിശ്ചയം കൂടുതല്‍ ശക്തമാക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കര്‍ഷക സഹോദരന്മാരുമായും ഞാന്‍ നടത്തിയ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എന്റെ കര്‍ഷക സഹോദരങ്ങളേ,
ഇന്ന്, നമ്മുടെ ഈ ചര്‍ച്ച വളരെ വെല്ലുവിളി നിറഞ്ഞ സമയത്താണ് നടത്തുന്നത്. കൊറോണയുടെ ഈ കാലഘട്ട ത്തില്‍പ്പോലും, രാജ്യത്തെ കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിനിടയില്‍ റെക്കോര്‍ഡ് ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും കാര്‍ഷിക മേഖലയില്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മറ്റൊരു ഗഡു നിങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നു. പുതിയ കാര്‍ഷിക ചക്രത്തിന്റെ തുടക്കമായ അക്ഷയ തൃതീയയുടെ ശുഭ ഉത്സവമാണ് ഇന്ന്. ഏകദേശം 19,000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറ്റം ചെയ്യപ്പെടുന്നു. ഏകദേശം 10 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. ബംഗാളിലെ കര്‍ഷകര്‍ക്ക് ഈ സൗകര്യത്തിന്റെ ആനുകൂല്യം ആദ്യമായി ലഭിക്കാന്‍ പോകുന്നു. ഇന്ന് ബംഗാളിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആദ്യ ഗഡു ലഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള കര്‍ഷകരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നു. ഈ വിഷമം നിറഞ്ഞ സാഹചര്യങ്ങളില്‍ ഈ കര്‍ഷക കുടുംബങ്ങള്‍ക്ക് ഈ തുക വളരെയധികം ഉപയോഗപ്രദമാണെന്ന് തെളിയിയുകയാണ്. ഈ പദ്ധതി പ്രകാരം ഇതുവരെ 1,35,000 കോടി രൂപ രാജ്യത്തെ 11 കോടി കര്‍ഷകരില്‍ എത്തിയിട്ടുണ്ട്. അതായത്, 1,25,000 കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ എത്തി. ഇതില്‍ 60,000 കോടിയിലധികം രൂപ കൊറോണ കാലഘട്ടത്തില്‍ മാത്രം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നേരിട്ടും വേഗത്തിലും പൂര്‍ണ്ണ സുതാര്യതയോടെയും നല്‍കാനുള്ള സര്‍ക്കാരിന്റെ നിരന്തരമായ ശ്രമമാണ്.
സഹോദരങ്ങളേ,
സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ കര്‍ഷകര്‍ക്ക് വേഗത്തിലും നേരിട്ടുള്ളതുമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതും വളരെ സമഗ്രമായ രീതിയില്‍ നടക്കുന്നു. കൊറോണയുടെ വെല്ലുവിളികള്‍ക്കിടയില്‍ കര്‍ഷകര്‍ കാര്‍ഷിക മേഖലയിലും ഉദ്യാനകൃഷിയിലും റെക്കോര്‍ഡ് ഉല്‍പാദനം നടത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ എല്ലാ വര്‍ഷവും തറവിലയില്‍ പുതിയ സംഭരണ റെക്കോഡുകള്‍ സ്ഥാപിക്കുന്നു. നേരത്തെ നെല്ലിന്റെ കാര്യത്തില്‍ ഉണ്ടായ റെക്കോര്‍ഡ് വാങ്ങലുകള്‍ ഇപ്പോള്‍ ഗോതമ്പില്‍ നടക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ 10 ശതമാനം കൂടുതല്‍ ഗോതമ്പ് തറവിലയില്‍ ശേഖരിച്ചു. ഇതുവരെ 58,000 കോടി രൂപ ഗോതമ്പ് സംഭരണ വകയില്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്തിയിട്ടുണ്ട്. എല്ലാറ്റിനുമുപരിയായി, ഇപ്പോള്‍ ഗ്രാമീണ ചന്തകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ പണത്തിനായി കാത്തിരിക്കേണ്ടതില്ല എന്നതുകൊണ്ട് കര്‍ഷകര്‍ക്ക് വിഷമിക്കേണ്ടി വരുന്നില്ല. കൃഷിക്കാര്‍ക്ക് അവകാശമുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും ലക്ഷക്കണക്കിന് കര്‍ഷകര്‍ ആദ്യമായി ഈ നേരിട്ടുള്ള കൈമാറ്റ സൗകര്യത്തിന്റെ ഭാഗമായി മാറിയതില്‍ എനിക്ക് സംതൃപ്തിയുണ്ട്. ഇതുവരെ 18,000 കോടി രൂപ പഞ്ചാബിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലും 9,000 കോടി രൂപയും ഹരിയാനയിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലും നേരിട്ട് നിക്ഷേപിച്ചിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരും തങ്ങളുടെ മുഴുവന്‍ പണവും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്വീകരിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തിയെക്കുറിച്ച് സംസാരിക്കുന്നു. ഇതിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് കൈമാറുന്നത് സംബന്ധിച്ച് ആവേശത്തോടെ സംസാരിക്കുന്നു.
സുഹൃത്തുക്കളേ,
കൃഷിയില്‍ പുതിയ സാധ്യതകളും പരിഹാരങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമം നടത്തുന്നുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക അത്തരമൊരു ശ്രമമാണ്. അത്തരം വിളകള്‍ക്ക് ചിലവു കുറവാണ്. മണ്ണിനും മനുഷ്യന്റെ ആരോഗ്യത്തിനും ഗുണകരവുമാണ്; മികച്ച വിലയും നല്‍കുന്നു. കുറച്ച് മുമ്പ്, ഇത്തരത്തിലുള്ള കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തുടനീളമുള്ള ചില കര്‍ഷകരുമായി ഞാന്‍ ഒരു ചര്‍ച്ച നടത്തി. അവരുടെ ആവേശത്തെയും അനുഭവങ്ങളെയും കുറിച്ചു കൂടുതല്‍ അറിയാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഗംഗയുടെ ഇരുകരകളിലുമായി ഏകദേശം 5 കിലോമീറ്റര്‍ ചുറ്റളവില്‍ ജൈവകൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതിനാല്‍ മഴക്കാലത്ത് വയലില്‍ ഉപയോഗിക്കുന്ന രാസവസ്തു ഗംഗയിലേക്ക് ഒഴുകാതിരിക്കുകയും നദി മലിനമാകാതിരിക്കുകയും ചെയ്യുന്നു. വിപണിയില്‍ ലഭ്യമാക്കുന്ന ഈ ജൈവ ഉല്‍പന്നങ്ങള്‍ നമാമി ഗംഗെ ബ്രാന്‍ഡഡ് ആണ്. അതുപോലെ, പ്രകൃതിദത്ത കാര്‍ഷിക സമ്പ്രദായവും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതേസമയം, ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കുറഞ്ഞതും എളുപ്പവുമായ ബാങ്ക് വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു. ഇതിനായി, കഴിഞ്ഞ ഒന്നര വര്‍ഷമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനായി ഒരു പ്രത്യേക പദ്ധതി ആരംഭിച്ചു. ഈ കാലയളവില്‍ രണ്ട് കോടിയിലധികം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഈ കാര്‍ഡുകളില്‍ കര്‍ഷകര്‍ 2 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വായ്പയെടുത്തു. മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്കും വലിയ നേട്ടം ലഭിക്കാന്‍ തുടങ്ങി. അടുത്തിടെ, സര്‍ക്കാര്‍ മറ്റൊരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. എന്റെ കര്‍ഷക സഹോദരങ്ങള്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തുഷ്ടരാണ്. കാരണം ഇത് അവര്‍ക്ക് വളരെ ഗുണം ചെയ്യും. കൊറോണ കാലഘട്ടം കണക്കിലെടുത്ത്, കെസിസി (കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്) വായ്പകള്‍ അടയ്ക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ കര്‍ഷകര്‍ക്കും ജൂണ്‍ 30 നകം കുടിശ്ശികയുള്ള വായ്പകള്‍ പുതുക്കാന്‍ കഴിയും. ഈ നീട്ടിനല്‍കിയ കാലയളവില്‍ പോലും, കര്‍ഷകര്‍ക്ക് വായ്പയുടെ ആനുകൂല്യം നാല് ശതമാനം പലിശയില്‍ തുടര്‍ന്നും ലഭിക്കും.
സുഹൃത്തുക്കളേ,
കൊറോണയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും സംഭാവന വളരെ വലുതാണ്. കൊറോണ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ റേഷന്‍ പദ്ധതി ഇന്ത്യ നടത്തി ക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ്. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന പ്രകാരം കഴിഞ്ഞ വര്‍ഷം എട്ട് മാസത്തേക്ക് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. മെയ്, ജൂണ്‍ മാസങ്ങളില്‍ 80 കോടിയിലധികം സഹജീവികള്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 26,000 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുന്നത്. സൗജന്യ റേഷന്‍ ലഭിക്കുന്നതില്‍ പാവങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
നൂറ്റാണ്ടിൽ ഒരിക്കൽ വരുന്ന ഇത്തരം മാരകമായ ഒരു പകര്‍ച്ചവ്യാധി ലോകത്തെ ഓരോ ഘട്ടത്തിലും പരീക്ഷി ക്കുകയാണ്. നമുക്ക് മുന്നില്‍ ഒരു അദൃശ്യ ശത്രു ഉണ്ട്. ഈ ശത്രു വഞ്ചകനാണ്. അതിനാല്‍ നമ്മുടെ അടുത്ത പലരെയും നഷ്ടപ്പെട്ടു. കുറച്ചു നാളുകളായി നാട്ടുകാര്‍ അനുഭവിക്കുന്ന വേദന, നിരവധി ആളുകള്‍ അനുഭവിച്ച വേദന, എനിക്കും അതേ വേദന അനുഭവപ്പെടുന്നു. നിങ്ങളുടെ പ്രധാന സേവകന്‍ ആയതിനാല്‍ ഞാന്‍ നിങ്ങളുടെ വികാരം പങ്കിടുന്നു. കൊറോണയുടെ രണ്ടാം തരംഗത്തിലെ എല്ലാ തടസ്സങ്ങളും പരിഹരിക്കപ്പെടും. യുദ്ധ കാലാടിസ്ഥാനത്തിലാണ് അതിനുള്ള ശ്രമങ്ങള്‍. ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളും, എല്ലാ വിഭവങ്ങളും, നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ സേനയും, നമ്മുടെ ശാസ്ത്രജ്ഞരും, എല്ലാവരും കോവിഡിന്റെ വെല്ലുവിളി നേരിടുന്നതില്‍ ഐക്യപ്പെടുന്നതായി നിങ്ങള്‍ കണ്ടിരിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ആശുപത്രികള്‍ അതിവേഗം ആരംഭിക്കുകയും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. നമ്മുടെ മൂന്ന് സേനകളും - വ്യോമസേന, നാവികസേന, കരസേന എന്നിവ ഈ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുകയാണ്. കൊറോണയ്ക്കെതിരായ ഈ പോരാട്ടത്തില്‍ ഓക്‌സിജന്‍ റെയിലുകള്‍ ഒരു വലിയ പ്രോത്സാഹനമാണ്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ ഈ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഓക്‌സിജന്‍ ടാങ്കറുകള്‍ വഹിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, ശുചിത്വ തൊഴിലാളികള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സാമ്പിള്‍ കളക്ടര്‍മാര്‍ എന്നിങ്ങനെയുള്ളവരാകട്ടെ - എല്ലാവരും ഓരോ വ്യക്തിയെയും രക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അവശ്യ മരുന്നുകളുടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധസമാന ഘട്ടത്തിലാണ്. സര്‍ക്കാരും രാജ്യത്തെ ഔഷധ മേഖലയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശ്യ മരുന്നുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍, ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കാരണം മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും പൂഴ്ത്തിവയ്പും കരിഞ്ചന്തയുമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് മനുഷ്യരാശിക്കെതിരായ നടപടിയാണ്. ധൈര്യം നഷ്ടപ്പെടുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയ്ക്കോ ഒരു ഇന്ത്യക്കാരനോ ധൈര്യം നഷ്ടപ്പെടില്ല. നമ്മള്‍ പൊരുതി ജയിക്കും.
ഗ്രാമങ്ങളില്‍ താമസിക്കുന്ന എല്ലാ കര്‍ഷകരും സഹോദരീസഹോദരന്മാരും കൊറോണയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളില്‍ ഈ പകര്‍ച്ചവ്യാധി അതിവേഗം പടരുന്നുണ്ട്. ഈ വെല്ലുവിളി നേരിടാന്‍ ഓരോ സര്‍ക്കാരും ശ്രമം നടത്തുന്നു. ഗ്രാമീണ ജനതയ്ക്കിടയില്‍ ഇതിനെക്കുറിച്ചുള്ള അവബോധവും പഞ്ചായത്ത് സ്ഥാപനങ്ങളുടെ സഹകരണവും ഒരുപോലെ പ്രധാനമാണ്. നിങ്ങള്‍ ഒരിക്കലും രാജ്യത്തെ നിരാശപ്പെടുത്തിയിട്ടില്ല, ഇതും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കൊറോണയെ തടയുന്നതിന് വ്യക്തിഗത, കുടുംബ, സാമൂഹിക തലങ്ങളില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. മൂക്കും മുഖവും പൂര്‍ണ്ണമായും മൂടിയിരിക്കുന്നതിനായി തുടര്‍ച്ചയായി ഒരു വിധത്തില്‍ മാസ്‌ക് ധരിക്കുന്നത് വളരെ ആവശ്യമാണ്. രണ്ടാമതായി, ചുമ, ജലദോഷം, പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്. ആദ്യം നിങ്ങള്‍ സ്വയം മറ്റുള്ളവരില്‍ നിന്ന് അകന്ന് സ്വയം നിരീക്ഷിക്കുകയും കൊറോണ പരിശോധന വേഗത്തില്‍ നടത്തുകയും വേണം. റിപ്പോര്‍ട്ട് വരുന്നതുവരെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്ന് ആരംഭിക്കുക.
സുഹൃത്തുക്കളേ,
കൊറോണയ്ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ് കുത്തിവയ്പ്പ്. പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ശ്രമിക്കുകയാണ്. രാജ്യത്ത് 18 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വാക്‌സിനേഷന്‍ നടക്കുന്നു. അതിനാല്‍, നിങ്ങളുടെ ഊഴം വരുമ്പോള്‍ സ്വയം വാക്‌സിനേഷന്‍ എടുക്കുക. ഇത് നമുക്ക് സംരക്ഷണം നല്‍കുകയും ഗുരുതരമായ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. അതെ, വാക്‌സിനേഷനുശേഷവും മാസ്‌കുകള്‍ ധരിക്കുന്നതും രണ്ടടി അകലം പാലിക്കുന്നതു തുടരുകയും ചെയ്യേണ്ടണ്ട്. എന്റെ എല്ലാ കര്‍ഷക സുഹൃത്തുക്കള്‍ക്കും ഞാന്‍ വീണ്ടും ആശംസകള്‍ നേരുന്നു.
വളരെയധികം നന്ദി!