കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ എണ്‍പതിലധികം അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യാഴാഴ്ച ആശയവിനിമയം നടത്തി. ഇത്തരത്തിലുള്ള അഞ്ച് ആശയവിനിമയ പരിപാടികളില്‍ രണ്ടാമത്തേതായിരുന്നു ഇത്.
കൂടിക്കാഴ്ചയില്‍, പ്രവൃത്തിയില്‍ അധിഷ്ഠിതമായ ഭരണം, ഭരണനിര്‍വ്വഹണത്തിലെ നവീനത, മാലിന്യ സംസ്‌കരണം, നദികളുടെയും പരിസ്ഥിതിയുടെയും മലിനീകരണം, വനവല്‍ക്കരണം, ശുചിത്വം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക രംഗത്തെ മൂല്യവര്‍ദ്ധന, വിദ്യാഭ്യാസവും നൈപുണ്യ വികസനവും എന്നിവയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളോട് പ്രതികരിക്കവെ, ഫയലുകളില്‍ മാത്രമായി സ്വയം ഒതുങ്ങരുതെന്നും കൈക്കൊണ്ട തീരുമാനങ്ങളുടെ ശരിയായ ഫലങ്ങള്‍ മനസ്സിലാക്കുന്നതിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈയൊരവസരത്തില്‍ 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തില്‍ ഉദ്യോഗസഥരുടെ അനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.
ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയെ വെറുമൊരു ബാധ്യതയായി മാത്രമായി കാണാതെ രാജ്യത്തെ ഭരണനിര്‍വ്വഹണത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണനിര്‍വ്വഹണ പ്രക്രിയകള്‍ ലളിതമാക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 100 ജില്ലകളില്‍ ശ്രദ്ധയൂന്നാനും, അതു വഴി വിവിധ വികസന മാനദണ്ഡങ്ങളില്‍ ദേശീയ ശരാരിയിലേക്ക് അവയെ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.